പൊതു മാപ്പ്‌ പ്രയോജനപ്പെടുത്തണം. കാലാവധി ഈ മാസം 31ന് അവസാനിക്കും – പി കെ അൻവർ നഹ

അബ്ദുള്‍ സലാം, കൊരട്ടി
Thursday, October 11, 2018

യു എ ഇ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. ഓഗസ്റ്റ് 1 മുതൽ ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ ‘പദവി ശരിയാക്കി, സ്വയം സുരക്ഷിതരാവു’ എന്ന സന്ദേശത്തിൽ ആരംഭിച്ച പൊതുമാപ്പിൽ നിരവധി അനധികൃത താമസക്കാരാണ് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയതെന്ന് ദുബൈ കെ എം സി സി പ്രസിഡണ്ട്‌ പി കെ അൻവർ നഹ.

സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ശരിയായ താമസ-കുടിയേറ്റ രേഖകൾ ഇല്ലാത്തവരെ സഹായിക്കാനായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകർക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളൊ നേരിടാതെ വേഗത്തിൽ താമസ രേഖകൾ ശരിയാക്കാനും, സ്വദേശത്തേക്ക് മടങ്ങാനും കഴിയുന്ന രീതിയിലാണ് ഇത്തവണ പൊതുമാപ്പ് സംവിധാനം ഏർപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ദുബൈ കെ എം സി സി. ദുബൈ എമിഗ്രേഷൻ വിഭാഗവുമായി ചേർന്ന് പ്രവാസികളെ പരമാവധി സഹായിക്കാൻ വിപുലമായ പ്രചാരണ-പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊതുമാപ്പിന്റെ ആനുകൂല്യങ്ങൾ വിശദമാക്കുന്ന ഔദ്യോഗിക സന്ദേശങ്ങൾ പൊതുജങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ദുബൈ എമിഗ്രേഷൻ മാർക്കറ്റിങ് വിഭാഗവുമായി ഒപ്പം ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിയത്.

‘താമസം എങ്ങനെ നിയമപരമാക്കാം’ എന്ന സന്ദേശം പ്രവാസികളിലേക്ക് നേരിട്ടും സമൂഹിക മാധ്യമങ്ങൾ വഴിയും എത്തിക്കാൻ ദുബൈ കെ എം സി സി യ്ക്ക് സാധിച്ചതിൽ സന്തോഷമുണ്ട്. കൂടാതെ പ്രത്യേക ഹെൽപ് ഡെസ്ക ആരംഭിക്കുകയും അതുവഴി നൂറുകണക്കിന് ആളുകളെ ഈ കാലയളവിൽ പുതിയ വിസകളിലേക്ക് മാറ്റുവാനും കഴിഞ്ഞു. രാജ്യത്ത് തുടരുവാനും, നിയമപരമായി സാധ്യമല്ലാത്തവർക്ക് സ്വദേശത്തേക്ക് മടങ്ങാനുമുള്ള നടപടി ക്രമങ്ങൾ ദുബൈ കെഎം സിസി നേരിട്ട് തന്നെ ഏർപ്പെടുത്തുകയുമുണ്ടായി.

തുല്യതയില്ലാത്ത ആ സഹായവും ഔദാര്യവും പിന്തുണയും നൽകിയ ദുബൈ എമിഗ്രേഷന്റെ ഉന്നത മേധാവികൾ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, എന്നിവർക് ദുബൈ കെഎംസിസിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി അൻവർ നഹ പറഞ്ഞു.

പൊതുമാപ്പ് കാലാവധി അവസാനിച്ചിട്ടില്ല. പൊതുമാപ്പിന്റെ ഈ സുവർണാവസരം ഉപയോഗപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തുടരുന്നവർ എത്രയും വേഗത്തിൽ വിസാ രേഖകൾ ശരിയാക്കുക.  കാലാവധിയ്ക്കശേഷവും രേഖകൾ ശരിയാക്കാതെ താമസം തുടരുന്ന നിയമ ലംഘകർക്കെതിരെ കനത്ത ശിക്ഷാ നടപടികളൾ എടുക്കുമെന്ന് അധിക്യതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നു.

പൊതുമാപ്പ് അവസാനിക്കാൻ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ എത്രയും വേഗത്തിൽ പൊതുമാപ്പ് സേവന കേന്ദ്രത്തിൽ എത്തി നിങ്ങളുടെ രേഖകൾ നിയമപരമാക്കാനുള്ള നടപടി ക്രമങ്ങൾ കൈക്കൊള്ളേണ്ടതാണ് – അൻവർ നഹ പറഞ്ഞു.

×