Advertisment

കോവിഡ് 19 ഭീതി മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് തുണയേകാൻ കേരള സർക്കാർ ഇടപെടണം: ഇൻകാസ് ഖത്തർ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ: കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവിനും ഇൻകാസ് ഖത്തർ നിവേദനം നൽകി.

Advertisment

ഗൾഫിലെ ഭരണാധികാരികൾ കൊറോണ ഭീതിയിൽ കഴിയുന്ന സ്വദേശീകളും, വിദേശികളുമായ ജനതയ്ക് വേണ്ടി ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തുക, ലോൺ തിരിച്ചടവ് പലിശ രഹിതമായി 6 മാസം വരെ നീട്ടി കൊടുക്കുക തുടങ്ങി പ്രയാസങ്ങളിൽ നിന്ന് ജനതയെ സംരക്ഷിക്കാനുള്ള പല ക്ഷേമ പ്രവർത്തനങ്ങളുമായി രംഗത്ത് വന്നിരിക്കയാണ്.

അതേ മാതൃകയിൽ പ്രവാസികളുടെ ബേങ്ക് ലോണുകൾ എഴുതി തള്ളുകയോ, ഒരു വർഷത്തേക്കെങ്കിലും പലിശ രഹിതമായി നീട്ടിക്കൊടുക്കുകയോ ചെയ്യണമെന്ന് നിവേദനത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ആവശ്യപ്പെട്ടു.

കൂടാതെ, വ്യോമ ഗതാഗതം സാധാരണ ഗതിയിൽ ആകുമ്പോൾ അനിയന്ത്രിതമാകാൻ സാധ്യതയുള്ള വിമാന യാത്രാ കൂലി സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ ആക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിക്കാനും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പരാതി സ്വീകരിച്ച മുഖ്യമന്ത്രി പരാതികൾ തുടർ നടപടിക്കായി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും കൈമാറുകയും, അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകുകയും ചെയ്തു.

സർക്കാരിൽ നിന്നു അനുകൂലമായ രീതിയിലുള്ള തീരുമാനങ്ങൾ ഉണ്ടാകാൻ ഇടപെടാമെന്ന് പ്രതിപക്ഷ നേതാവും ഉറപ്പ് നൽകി.

Advertisment