Advertisment

പി ചിദംബരത്തിൻ്റെ അറസ്റ്റിൽ ഇൻകാസ് ഖത്തർ ശക്തമായി അപലപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:   ഇ ഡി, ഐ ടി, സി ബി ഐ എന്നീ അന്വേഷണ ഏജൻസികളെ വെച്ച് തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്ര ഗവണ്മെൻ്റിൻ്റെ തെറ്റായ നയത്തിനെതിരെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായി അപലപിച്ചു.

Advertisment

സ്വന്തം മകളെ കൊന്ന കേസിൽ ഒന്നാം പ്രതിയായ ഇന്ദ്രാണി മുഖർജി എന്ന കൊടും ക്രിമിനലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണു മുൻ കേന്ദ്ര പ്രതിരോധ, ഫിനാൻസ് മന്ത്രിയും ബഹുമാന്യ വ്യക്തിത്വവുമായ പി ചിദംബരത്തെ കൊടും ക്രിമിനിലിനെ പോലെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്.

സുപ്രീം കോടതിയി മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വിധി പറയാനിരിക്കെ തിടുക്കത്തിൽ മതിൽ ചാടിക്കടന്നു, വീട്ടിൻ്റെ പിന്നിലൂടെ ചാടിക്കയറി അറസ്റ്റ് ചെയ്തു കൊണ്ടു പോയ രീതി ജനാധിപത്യ രാജ്യത്തിനു അപമാനകരമാണെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല യോഗാനന്തരം പ്രസ്ഥാവനയിൽ സൂചിപ്പിച്ചു.

ഗവണ്മെൻ്റിൻ്റെ പല ജനാധിപത്യ വിരുദ്ധ നയങ്ങളെയും പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നതിൽ മുമ്പിൽ നിന്ന പി ചിദംബരം മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു എന്നു തലവേദനയായിരുന്നു. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഒരു നയം സ്വീകരിച്ചു വരുന്ന ഈ സർക്കാർ പി ചിദംബരത്തിൻ്റെ ശബ്ദത്തെ ഇല്ലാതാക്കുക എന്നതാണു ഈ അറസ്റ്റിലൂടെ ഉദ്ധേശിച്ചതെന്ന് യോഗം വിലയിരുത്തി.

കാശ്മീരിൽ 370, 35 എ ജനാധിപത്യ വിരുദ്ധമായി എടുത്തു കളഞ്ഞപ്പോൾ അത് തുറന്നു കാണിക്കുന്നതിൽ പി ചിദംബരം ഏറ്റവും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. പലരും, സി ബിഐയെ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോൾ മറുകണ്ടം ചാടി ബി ജെ പിയിൽ ചേർന്നപ്പോൾ ജീവിതത്തേക്കാൾ സ്വാതന്ത്രത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നു പറഞ്ഞു നട്ടെല്ല് വളയ്ക്കാതെ മുന്നോട്ട് പോകുന്ന ചിദംബരത്തെ തളയ്ക്കുക എന്നതാണു ഈ നടപടിയിലൂടെ സർക്കാർ ശ്രമിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പി ചിദംബരത്തിൻ്റെ മുൻ കൂർ ജാമ്യം തള്ളുന്നതിൽ സുപ്രീം കോടതി കൂടി ഭാഗബാക്കായിരുന്നു എന്ന് വേണം കരുതാനെന്ന് യോഗം വിലയിരുത്തി. ലിസ്റ്റ് ചെയ്യാത്ത കേസ് എങ്ങനെ പരിഗണിക്കും എന്നാണു പെട്ടെന്നുള്ള വാദം കേൾക്കുന്നതിനു നിർബന്ധിച്ചപ്പോൾ കോടതി മറുപടി കൊടുത്തത്. പക്ഷെ, അപ്രധാനമായി വേറൊരു കേസിൽ ഇന്ന് ലിസ്റ്റ് ചെയ്യാതെ കേസ് പരിഗണിച്ചത് നമ്മുടെ മുമ്പിലെ വസ്ഥുതയാണെന്ന് യോഗം ചൂണ്ടിക്കാണിച്ചു.

എന്നിട്ടും, സി ബി ഐ അടക്കമുള്ള അന്വേഷണ ഏജൻസികളുടെയൊക്കെ ചുമതലയുണ്ടായിരുന്ന മുൻ ആഭ്യന്ത മന്ത്രിയുടെ കേസ് പരിഗണിക്കുന്നതിൽ ലിസ്റ്റ് ചെയ്തില്ല എന്ന കാരണം സൂചിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നതിൽ സംശയമുണ്ടെന്ന് യോഗം വിലയിരുത്തി.

കൂടാതെ, കേസ് ആദ്യം സമർപ്പിച്ച ജഡ്ജ് പരിഗണിക്കാതെ ചീഫ് ജസ്റ്റിസിനു പരിഗണനയ്ക്ക് വിടുകയായിരുന്നു ചെയ്തത്. ഇതിൽ നിന്നൊക്കെ ജുഡീഷ്വറി കൂടി ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നു വേണം കരുതാൻ എന്ന് യോഗം അഭിപ്രായപ്പെട്ടു.

കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് നിലപാടെടുത്തതിൽ പ്രധാനികളെയൊക്കെ ഇരുമ്പറയ്ക്കുള്ളിലാക്കുന്നതിൽ ഒരു മറയും ഈ സർക്കാരിനില്ല എന്ന് വേണം കരുതാൻ. ജമ്മു കാശ്മീർ ഭരിച്ച മൂന്ന് മുൻമുഖ്യമന്ത്രിമാർ ജയിലാലായിട്ട് ദിവസങ്ങളായി. കൂടാതെ, വീട്ടിൽ ഉണ്ടായിരുന്ന ചിദംബരത്തെ ഭയപ്പെടുത്തുന്ന രീതിയിൽ ആണു അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്.

രാത്രിയിൽ വലിച്ചിറക്കി അറസ്റ്റ് ചെയ്തു കൊണ്ടു പോയി രാത്രി മുഴുവൻ ഉറങാൻ സമ്മതിക്കാതെ ചോദ്യം ചെയ്യുകയായിരുന്നു. 12 വർഷത്തിനു ശേഷമാണു ഈ കേസിൽ നടപടിയുണ്ടാകുന്നത്. ഇത് തീർത്തും വ്യക്തി വിരോധം തീർക്കുന്ന രീതിയിൽ ആണു മുന്നോട്ട് പോയതെന്ന് യോഗം അഭിപ്രായപ്പെട്ടു

എഫ് ഐ ആറിൽ ഒരിടത്തും പി ചിദംബരം കുറ്റം ചെയ്തതായി രേഖപ്പെടുത്തിയിരുന്നില്ല. കൂടാതെ, കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നില്ല. 2008 ഇൽ നടന്നു എന്ന് പറയുന്ന കേസ് 12 വർഷത്തിനു ശേഷം രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ആയുധമായി അമിത് ഷാ ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമാണെന്ന് യോഗം വിലയിരുത്തി.

ശാരദാ ചിട്ടി കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗാളിലെ മുകുൾ റോയി ബി ജെ പിയിൽ ചേർന്നതോടെ പുണ്യവാളനായതൊക്കെ നമ്മളുടെ മുമ്പിലുള്ള ഉദാഹരണങ്ങൾ ആണു. ബി ജെ പിയിൽ പോയിരുന്നെങ്കിൽ പി ചിദംബരം അഴികൾക്കു പകരം മന്ത്രി സ്ഥാനം നൽകി ആദരിച്ചേനെ. പക്ഷെ, ആദർശത്തിൽ വെള്ളം ചേർക്കാൻ അദ്ധേഹം തയ്യാറായിരുന്നില്ല. അതിൻ്റെ ദേഷ്യമാണു ഈ പക വീട്ടൽ കൊണ്ടു സർക്കാർ ഉദ്ധേശിച്ചതെന്നു യോഗം വിലയിരുത്തി. 2014 ഇൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ ജയിലിലായ അമിത് ഷാ അതിനുള്ള വ്യക്തി വിരോധം വീട്ടാനാണു ഈ കേസ് ഉപയോഗിച്ചതെന്ന് വ്യക്തം.

മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ ഇന്നത്തെ അറസ്റ്റും വിരൽ ചൂണ്ടുന്നത് എതിർക്കുന്നവരെ ഭരണ സ്വാധീനവും, ഗവണ്മെൻ്റ് മെഷിനറിയും വെച്ചു കൃത്യമായി തകർക്കുന്ന സർക്കാരിൻ്റെ ഫാസിസ്റ്റു നയമാണു. രാഷ്ട്രീയ യജമാനന്മാരെ സുഖിപ്പിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾ കൂടി ആകുമ്പോൾ സാധാരണക്കാരുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണു നഷ്ടപ്പെടുന്നത്. ഒരു ബനാന റിപ്പബ്ളിക്കായി ഇന്ത്യ മാറുന്നു എന്നതാണു ഇതിൽ നിന്നൊക്കെ വ്യക്തമാകുന്നതെന്ന് സമീർ ഏറാമല സൂചിപ്പിച്ചു.

വികലമായ സാമ്പത്തിക നയങ്ങളും, വസ്തുതകൾ മറച്ചു വെച്ച് പ്രചരിപ്പിക്കുകയും ചെയ്തതിൻ്റെ ഭാഗമായി രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ കാണിക്കുന്നു. വാഹന വിപണി മുതൽ ബിസ്കറ്റ് വരെയുള്ള വ്യവസായ സ്ഥാപനങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നു; തൊഴിലില്ലായ്മ 50 വർഷങ്ങളോളം പിന്നിൽ സഞ്ചരിക്കുന്നു; ആൾക്കൂട്ട അക്രമങ്ങൾ ചരിത്രത്തിലില്ലാത്ത വിധം അതിഭീകരമായി വർദ്ധിക്കുന്നു; ബി ജെ പിയെ പിന്തുണയ്ക്കുന്ന പ്രതികളുട്ടെ തെളിവുകൾ പൂർണ്ണമായി ഇല്ലാതാകുന്നു; അങ്ങനെ സമസ്ഥ മേഖലയിലും പിന്നോട്ടടിക്കുമ്പോൾ വർഗ്ഗീയതയും, തീവൃ ദേശീയതയും പ്രചരിപ്പിച്ച് രാജ്യത്തിൻ്റെ യതാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ജനങ്ങളെ വികാരപരമായി ഇളക്കി വിടാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി.

Advertisment