Advertisment

കേന്ദ്ര ബജറ്റ് പ്രവാസികളോടുള്ള യുദ്ധ പ്രഖ്യാപനം - ഇൻകാസ് ഖത്തർ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു പ്രതീക്ഷയും നൽകാത്ത ബജറ്റാണു കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ചിക്കുന്നത്.പ്രവാസി നാട്ടിലേക്ക് അയക്കുന്ന സമ്പാദ്യമാണ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ല് എന്നാണു വെയ്പ്.

Advertisment

സ്വദേശിവൽക്കരണവും, സുരക്ഷിതമല്ലാത്ത തൊഴിൽ വിപണിയും, താമസയിടത്തിലെ വാടക വർദ്ധനവും പ്രവാസികളുടെ ജീവിതത്തിൽ അരക്ഷിതാവസ്ഥയും, സമ്മർദ്ധവും സൃഷ്ടിക്കുന്നു. എത്ര കാലം ഇവിടെ പിടിച്ചു നിൽക്കാം കഴിയും എന്നതിനെ കുറിച്ച് അവ്യക്തത നിലനിൽക്കുന്നു.

ഈ അവസരത്തിൽ പ്രവാസികളുടെ പുനരധിവാസവും, ക്ഷേമ പ്രവർത്തനവുമായും ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ ഇല്ലാത്തത് പ്രവാസി സമൂഹത്തോട് ചെയ്തിരിക്കുന്ന കൊടിയ അനീതിയാണെന്ന് ഇൻകാസ് ഖത്തർ ആരോപിച്ചു.

പ്രധാനമന്ത്രി ഗൾഫ് രാജ്യങ്ങൾ കൊട്ടിഘോഷിച്ച് സന്ദർശിച്ചപ്പോൾ വലിയ പ്രതീക്ഷകളാണു പ്രവാസ സമൂഹത്തിനു പകർന്നു നൽകിയത്. പക്ഷെ, വെറും ഗിമ്മിക്കുകൾ മാത്രമായിരുന്നു അതെന്ന് ഇപ്പോൾ വ്യക്തമായിരിക്കയാണൂ.

ആശ്വാസ പാക്കേജുകൾ ഇല്ല എങ്കിലും പാവപ്പെട്ട പ്രവാസികളുടെ മുകളിൽ ടാക്സ് അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണു ധനമന്ത്രിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്.

ഇതിലൂടെ, കള്ളപ്പണ വിപണിയിലേക്ക് പണം കുമിഞ്ഞു കൂടുന്ന സാഹചര്യമാണു സൃഷ്ടിക്കുക എന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല സൂചിപ്പിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച തൊഴിൽ വൈദഗ്ദ്യം നാട്ടിൽ ഉപയോഗിക്കാനുള്ള അവസരം പോലും ഒരുക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകാത്തത് കടുത്ത നിരാശയാണു പ്രവാസികളിൽ സൃഷ്ടിച്ചിരിക്കുന്നത്.

നാട്ടിലുള്ള യാത്രക്കൂലി വർദ്ധനവിനെ കുറിച്ചുള്ള പരാതികൾ പറഞ്ഞ് പ്രവാസി മടുത്തു.

യാത്രക്കൂലി കൂടുക മാത്രമല്ല, കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കിയിരുന്ന എയർ ഇന്ത്യ പോലുള്ള പൊതു മേഖല സ്ഥാപനങ്ങൾ ചുളുവിലയ്ക്ക് വിൽക്കുകയും, ഒരാസൂത്രണവുമില്ലാതെ നാടിൻ്റെ സാമ്പത്തിക മേഖല തകർക്കുകയും ചെയ്യുന്ന പ്രവണതയാണു സർക്കാരിൽ നിന്നു ഉണ്ടാകുന്നതെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല പറഞ്ഞു.

എയർ ഇന്ത്യ കുത്തക മുതലാളിമാർക്ക് കൈമാറുന്നതോടെ പ്രവാസികളുടെ യാത്ര കൂലിയിൽ അനിയന്ത്രിതമായ വർദ്ധനവാണു വരാൻ പോകുന്നതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.

സർക്കാരിനു ഒരു നിയന്ത്രണവുമില്ലാതെ, കുത്തക മുതലാളിമാർ സാധാരണക്കാരൻ്റെ യാത്രാ കൂലി നിശ്ചയിക്കുന്ന സാഹചര്യം ഭീതിയോടെയാണു പ്രവാസി കാണുന്നതെന്ന് അദ്ധേഹം കൂട്ടിചേർത്തു.

കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായി അധികാരമേറ്റ മലയാളിയായ വി മുരളീധരൻ ഗൾഫ് രാജ്യങ്ങളൊക്കെ സന്ദർശിക്കുകയും, ധാരാളം നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

വർഷങ്ങളുടെ പഴക്കമുള്ള ചില ആവശ്യങ്ങളെങ്കിലും പരിഗണിക്കുമെന്ന് പ്രവാസ ലോകം പ്രതീക്ഷിച്ചിരുന്നെങ്കിലും, എന്നാൽ, ഗൾഫ് നാടുകളിൽ ആകസ്മികമായ ജീവൻ നഷ്ടപ്പെടുന്ന ഹതഭാഗ്യരുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാനുള്ള സംവിധാനങ്ങളിൽ തുടർ നടപടി പോലും എടുക്കാൻ അദ്ധേഹത്തിനു സാധിച്ചിട്ടില്ല.

ഒരു വർഷത്തിൽ 120 ദിവസം ഇന്ത്യയിൽ തങ്ങിയാൽ എൻ ആർ ഐ പദവി നഷ്ടപ്പെടുകയും വരുമാനത്തിനു നികുതി നൽകുകയും ചെയ്യണമെന്നത് കാടത്തമാണെന്ന് അദ്ധേഹം പറഞ്ഞു. പ്രവാസികളെ നാട് കടത്തുന്ന വങ്കത്തമാണു ഇതെന്ന് അദ്ധേഹം ആരോപിച്ചു.

കുടുംബത്തെ വിട്ട് വിദേശ നാടിൽ എല്ലു മുറിയെ പണിയെടുത്ത് കിട്ടുന്ന വരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടി വെയ്ക്കുന്ന പണം വെച്ച് തുടങ്ങുന്ന സംരംഭത്തെ തകർക്കുന്ന ഈ കാടത്തം അനുവദിക്കാൻ കഴിയില്ലെന്ന് അദ്ധേഹം സൂചിപ്പിച്ചു.

നാട്ടിൽ തൊഴിലവസരങ്ങൾ കുറയുന്ന വേളയിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകളെ അനുവദിക്കരുതെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.

നാട്ടിൽ സംരംഭം തുടങ്ങുന്നതിൽ നിന്നു ഇത് പ്രവാസിയെ അകറ്റുക മാത്രമല്ല, സ്വന്തമായി ഒരു വരുമാന മാർഗ്ഗം കണ്ടെത്തി നാട്ടിൽ സ്വസ്ഥമായി ജീവിക്കാനുള്ള അവസരമാണു ഇത് ഒരുക്കുന്നത്.

പുനരധിവാസത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാതിരിക്കുന്നത് മാത്രമല്ല, സ്വന്തമായി, വരുമാനം കണ്ടെത്തി പുനരധിവാസത്തിനുള്ള സാധ്യതകൾ തേടുന്നത് തടയിടുക കൂടിയാണു ഈ നിയമ ഭേദഗതി കൊണ്ട് സംഭവിക്കുന്നത്.

നാട്ടിൽ നിക്ഷേപിക്കുന്നതിൽ നിന്ന് പ്രവാസിയെ അകറ്റുന്നതിലൂടെ തൊഴിലവസരങ്ങൾ ആണു ഇല്ലാതാകുന്നതെന്ന് അദ്ധേഹം ചൂണ്ടി ക്കാണിച്ചു

ഇന്ത്യക്കാരായ ചിലർ ഇപ്പോൾ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ല എന്ന് കണ്ടെത്തിയതായും, അവർ ഒരു രാജ്യത്തും നികുതി കൊടുക്കുന്നില്ല എന്ന് കണ്ടെത്തിയെന്നുമുള്ള റവന്യു സെക്രട്ടറിയുടെ ആരോപണം കുടുംബമൊക്കെ ഒഴിവാക്കി എല്ലുമുറിയെ ജോലി ചെയ്ത് കുടുംബവും, നാടും തീറ്റി പോറ്റുന്ന നല്ലവരായ പ്രവാസികളെ കള്ളന്മാരായി ചിത്രീകരിക്കുന്നതാണെന്ന് അദ്ധേഹം സൂചിപ്പിച്ചു.

തുച്ച വരുമാനത്തിനു ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണു ഈ നിയമ ഭേദഗതി.

പ്രവാസിയുടെ വരുമാനത്തിൻ്റെ ഉറവിടം തീരുമാനിക്കുന്നതിൽ അവ്യക്തത സൃഷ്ടിക്കുന്നതും, ദുരുപയോഗത്തിൻ്റെ സാധ്യതയുള്ളതും, സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യാനുതകുന്നതുമായ ഈ കാടത്ത നിയമ ഭേദഗതി കാല താമസമില്ലാതെ, പിൻവലിക്കണമെന്ന് അദ്ധേഹം പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

ഖജനാവിലേക്ക് കൃത്യമായി ലാഭ വിഹിതം നൽകുന്ന പൊതു മേഖല സ്ഥാപനങ്ങൾ ഓരോന്നായി സ്വകാര്യവൽക്കരിച്ച് കുത്തക മുതലാളിമാർക്ക് ചുളുവിലയ്ക്ക് വിൽക്കുന്ന സർക്കാരിൻ്റെ പോളിസിയ്ക്കെതിരെ ശക്തമായ പൊതു ജനവികാരം ഉയർന്നു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ചിട്ടയായ ആസൂത്രണത്തിലൂടെ മുൻ സർക്കാരുകൾ പടുത്തുയർത്തി കൊണ്ട് വന്ന പൊതു മേഖല സ്ഥാപനങ്ങൾ ആണു ഒരു സുപ്രഭാതത്തിൽ വില്പനയ്ക്ക് വെച്ചിരിക്കുന്നത്.

ഈ സർക്കാരിൻ്റെ കാലത്തു അശാസ്ത്രീയമായ സാമ്പത്തിക പരിഷ്കരണത്തിലൂടെ ഇന്ത്യൻ സാമ്പത്തിക രംഗത്ത് സംഭവിച്ചിരിക്കുന്ന ആഘാതം മറച്ചു വെയ്ക്കാൻ പൂർവ്വികർ വ്യവസ്ഥാപിതമായി ഉണ്ടാക്കിയ പൊതു മേഖല സ്ഥാപനങ്ങൾ വില്പന നടത്തി പരിഹാരം കാണുകയാണു ഈ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.

ആർ ബി ഐ യുടെ കരുതൽ നിക്ഷേപം കൈക്കലാക്കുകയും, പൊതു മേഖല സ്ഥാപനങ്ങൾ വില്പന നടത്തുകയും ചെയ്യുന്നതിലൂടെ രാജ്യം വലിയ വില നൽകേണ്ടി വരുമെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, രാജ്യ സുരക്ഷയിൽ തന്ത്ര പ്രധാനമായ വിമാനത്താവളങ്ങൾ സ്വന്തക്കാർക്ക് പാട്ടത്തിനു നൽകുകയും, പ്രതിരോധ രംഗത്തെ സുപ്രധാനമായ കരാറുകൾ ഇഷ്ടക്കാർക്ക് ലഭിക്കാൻ സഹായകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഈ സർക്കാർ അപകടകരമായ രീതിയിൽ ആണു മുന്നോട്ട് പോകുന്നതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.

Advertisment