Advertisment

പ്രളയ ബാധിതരെ സഹായിക്കാൻ ഖത്തർ ഇൻകാസിൻ്റെ കൾച്ചറൽ മെഗാ ഷോ നവംബർ 1 കേരളപിറവി ദിനത്തിൽ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  പ്രളയ ദുരിതം കൊണ്ട് പ്രയാസപ്പെടുന്ന കേരള ജനതയ്ക്ക് സഹായമെത്തിക്കാൻ "പ്രളയത്തിനൊരു കൈതാങ്ങ്" എന്ന പേരിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു കൾച്ചറൽ മെഗാ ഷോ നടത്താൻ ഖത്തർ ഇൻകാസ് തീരുമാനിച്ചതായി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല അറിയിച്ചു.

Advertisment

നാട്ടിലെ മുൻനിര താരങ്ങളെ അണിനിരത്തി അതിവിപുലമായ രീതിയിൽ കൾച്ചറൽ മെഗാ ഷോ നടത്താനാണു ഇന്നലെ ചേർന്ന സെൻട്രൽ കമ്മിറ്റിയിൽ തീരുമാനമായത്. ഇതിനായി ആഷിഖ് അഹമ്മദ് ചെയർമാനും ഫാസിൽ ആലപ്പുഴ ജനറൽ കൺവീനറായും കമ്മറ്റി രൂപീകരിച്ചു. വേദിയും, പങ്കെടുക്കുന്നവരുടെ വിവരങ്ങളും വിശദമായ ചർച്ചയ്ക്ക് ശേഷം പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ഇൻകാസ് ഖത്തർ അറിയിച്ചു.

കൂടാതെ, പ്രളയത്തിൽ തകർന്ന കോഴിക്കോട് ജില്ലയിലെ രണ്ട് വീടുകളുടെയും, കണ്ണൂർ, വയനാട് ജില്ലകളിലെ രണ്ട് വീടുകളുടെയും പുനരുദ്ധാരണ പ്രവർത്തനം ഈ ആഴ്ച തന്നെ തുടങ്ങാനും യോഗത്തിൽ ധാരണയായി.

ഏറ്റവും അർഹരായവർക്ക് ഏറ്റവും പ്രാധാന്യത്തോടെ സഹായങ്ങൾ എത്തിക്കുക എന്നതാണു ഇൻകാസ് ഖത്തറിൻ്റെ പ്രഖ്യാപിത നയമെന്നും, കൂടുതൽ സഹായങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ ഖത്തർ ഇൻകാസ് പ്രതിഞ്ജാബദ്ധമാണെന്നും സെൻട്രൽ കമ്മിറ്റി യോഗത്തിനു ശേഷം നേതാക്കൾ അറിയിച്ചു. വീടും ഊരും നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയാകുകയാണു ഈ പ്രവർത്തനങ്ങളിലൂടെ ഇൻകാസ് ഖത്തർ മുന്നോട്ട് വെയ്ക്കുന്ന പ്രഖ്യാപിത ലക്ഷ്യം.

പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന ഉത്തരവാദപ്പെട്ട സംഘടന എന്ന നിലയിൽ ഇൻകാസ് ഖത്തർ എന്നും മുന്നിലുണ്ടാകുമെന്നും യോഗതീരുമാനം വിവരിക്കുന്നതിനിടയിൽ നേതാക്കൾ അറിയിച്ചു .

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൂടുതൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു കൾച്ചറൽ പ്രോഗാം സംഘടിപ്പിക്കുന്നത്. പരിപാടി വിജയിപ്പിക്കാൻ സുമനസ്സുകളുടെ പൂർണ്ണ പിന്തുണ നേതാക്കൾ അഭ്യർത്ഥിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി മനോജ് കൂടൽ(55320917),,ഫാസിൽ ആലപ്പുഴ(30400566) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അറിയിച്ചു.

Advertisment