Advertisment

തണലൊരുക്കാന്‍ ഖത്തറിന്റെ കാരുണ്യം. 'സഹപാഠിക്കൊരു വീടിന്' സഹായഹസ്തം കൈമാറി

author-image
ഗള്‍ഫ് ഡസ്ക്
New Update

വെറ്റിലപ്പാറ:  തലചായ്ക്കാനൊരു കൂരപോലുമില്ലാത്ത കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും സ്‌കൂള്‍ അധികൃതരും കൈകോര്‍ത്തപ്പോള്‍ സഹായവുമായി ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ജനറേഷന്‍ അമേസിംഗ് ടീമും വെറ്റിലപ്പാറയിലെത്തി. വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'സഹപാഠിക്കൊരു വീട്' പദ്ധതിയിലേക്കാണ് ഖത്തറിന്റെ കാരുണ്യ ഹസ്തമെത്തിയത്.

Advertisment

publive-image

2022 ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന ജനറേഷന്‍ അമേസിംഗ് കോച്ചിംഗില്‍ പങ്കെടുക്കുന്നവരും കോച്ചുമാരും സമാഹരിച്ച സഹായധനം ചാലില്‍ അബ്ദു മാസ്റ്റര്‍ മുന്‍ ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസിന് കൈമാറി. വെറ്റിലപ്പാറ ഗവ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ജനറേഷന്‍ അമേസിംഗ് വര്‍കേഴ്‌സ് അംബാസിഡര്‍ സി.പി സാദിഖ് റഹ്മാന്‍ ഖത്തറില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.

ട്രഷറര്‍ റോജന്‍ പി.ജെ സ്വാഗതം പറഞ്ഞു. സാദിഖലി സി, തണല്‍ ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡ്, കണ്‍വീനര്‍ മജീദ്, ജോഷി ജോസഫ്, അബ്ദുല്‍ മുനീര്‍, അലി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.

വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിലെ അഞ്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാനാണ് സഹപാഠികള്‍ക്കും സ്‌കൂള്‍ പി.ടി.എക്കും സന്നദ്ധ സംഘടനകള്‍ക്കുമൊപ്പം ഖത്തര്‍ അമേസിംഗ് ടീമും കൈകോര്‍ത്തത്. പ്രകൃതി ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന മൂന്ന് വീടുകളുടെ പണി ഇതിനകം പൂര്‍ത്തിയായി. മറ്റു രണ്ടു വീടുകളുടെ പണി പുരോഗമിക്കുന്നു.

publive-image

വെറ്റിലപ്പാറ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലമുകളില്‍ വെറും 2 സെന്റ്ില്‍ പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ 4 മക്കളുമായി താമസിക്കുന്ന സ്ത്രീയുടെയും കുട്ടികളുടെയും ദയനീയ ചിത്രമാണ് നാട്ടുകാരുടെ കണ്ണുതുറപ്പിച്ചത്. ഉദാരമതി നല്‍കിയ 3 സെന്റ് സ്ഥലത്താണ് ഒരു വീട് നിര്‍മിക്കുന്നത്.

വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തില്‍ സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് ജനകീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 30 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിജയത്തിനായി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി ചെയര്‍മാനും, എന്‍ മോഹന്‍ദാസ് കണ്‍വീനറും, റോജന്‍ പി.ജെ ട്രഷററുമായി വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വീട് നിര്‍മാണത്തിന് ഉദാരമതികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിന് വെറ്റിലപ്പാറ കനറാബാങ്കില്‍ അകൗണ്ട് നിലവിലുണ്ട്.

CANARA BANK VETTILAPPARA,

A/C. NO. 1496101025655

IFSC CODE: CNRB0001496

Advertisment