സൗദി ജീവനക്കാർക്ക് വേണ്ടി ഇന്ത്യയിൽ തൊഴിൽ പരിശീലനം: വേറിട്ട വഴികളിലൂടെ അബീർ മെഡിക്കൽ ഗ്രൂപ്പ്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, February 11, 2019

ജിദ്ദ:  സൗദി അറേബ്യയിലെ സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിലിൽ പ്രാഗൽഭ്യം നൽകുന്നതിന് വ്യത്യസ്തമായ പദ്ധ്വതിയുമായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അബീർ മെഡിക്കൽ ഗ്രൂപ്പ്.

ഗ്രൂപ്പിലെ സൗദി പൗരന്മാരായ ജീവനക്കാർക്ക് ഇന്ത്യയിൽ വെച്ച് മികച്ച തൊഴിൽ നൈപുണ്യ പരിശീലനം നൽകുകയെന്നതാണ് അബീർ ഗ്രൂപ്പിന്റെ പദ്ധ്വതി. ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി സൗദി ജീവനക്കാരുടെ ആദ്യ ബാച്ച് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.

ഇംഗ്ലീഷ് ഭാഷ, വ്യക്തിത്വ വികസനം, തൊഴിൽ നൈപുണ്യം തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് മൂന്ന് മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി. വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നിലവിൽ വരുന്ന സാഹചര്യത്തിൽ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ നിരന്തര പരിശീലനങ്ങളിലൂടെ കാര്യപ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയ്ക്കുള്ളത്.

സ്ഥാപനത്തിലെ സ്വദേശി ജീവനക്കാരിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും തൊഴിൽ വൈദഗ്ദ്യവും ആശയ വിനിമയ നൈപുണ്യവും നേടുന്നതിന് ഇത്തരം പരിശീലനങ്ങൾ വലിയ രീതിയിൽ ഉപകരിക്കുമെന്നും ഭാവിയിൽ സൗദിയിൽ തന്നെ അന്തരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രം ആരംഭിക്കുവാൻ അബീർ ഗ്രൂപ്പിനു പദ്ധതിയുണ്ടെന്നും ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു.

സൗദി അറേബ്യയുടെ വിഷൻ 2030 നോട് ഐക്യദാര്ട്യം പ്രകടിപ്പിച്ചു കൂടിയാണ് ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ആദ്യ ബാച്ചിലുള്ളത്. പഠിതാക്കളുടെ കോഴ്സ് ഫീ, താമസം, യാത്ര തുടങ്ങിയ മുഴുവൻ ചെലവുകളും കമ്പനി ബഹിക്കും. ആദ്യ ബാച്ചിനുള്ള യാത്രയപ്പ് ജിദ്ദയിലെ അബീർ കോർപ്പറേറ്റ് ഓഫിസിൽ വെച്ച് നടന്നു.

ഗ്രുപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത് അഹമ്മദ്, ജനറൽ മാനേജർ സയിദ് സുല്ലമി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, സീനിയർ എച്ച്.ആർ മാനേജർ ഖുലൂദ് എ ബയാസീദ്, ഉമർ അൽ ഗാംദി, അബ്ദുൽ റഹ്മാൻ പോയക്കര, ഫസീയുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

×