Advertisment

ന്യൂസിലൻഡിലെ മുസ്ലിം പള്ളികളിൽ നടന്ന അക്രമത്തിൽ മരണപ്പെട്ടവർക്കായി ഹറമുകളിൽ മയ്യിത്ത് നിസ്കാരം

New Update

മക്ക:  സമാധാന കാംക്ഷികളായ ലോകത്തിന് കനത്ത ആഘാതം ഏല്പിച്ചു കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച ന്യൂസിലാൻഡ് ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്കു വേണ്ടി മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറം പള്ളികളിൽ മയ്യിത്ത് നിസ്കാരം നടന്നു.

Advertisment

ജുമുഅ നമസ്‌കാരാനന്തരം നടന്ന മയ്യിത്ത് മുന്നിലില്ലാത്ത മയ്യിത്ത് നിസ്കാര (ഗായിബ് ആയ നിസ്കാരം) ത്തിന് മക്കാ ഹറമിൽ ശൈഖ് ഡോ. മാഹിർ അൽമുഅയ്ഖിലിയും മദീനാ ഹറമിൽ ശൈഖ് അബ്ദുല്ല അൽബഈജാനും നേതൃത്വം നൽകി.

publive-image

വിശുദ്ധ ഹറമിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഇരുഹറം കാര്യ വകുപ്പ് സംപ്രേക്ഷണം ചെയ്തു. ന്യൂസിലാൻഡ് ആക്രമണത്തിൽ മരിച്ചവർക്കു വേണ്ടി ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നിർവഹിച്ചത് ലോക മുസ്‌ലിംകളുടെ പ്രശ്‌നങ്ങളിൽ സൗദി ഭരണാധികാരികൾക്കുള്ള പ്രത്യേക താൽപര്യവും ശ്രദ്ധയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇരു ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.

ഏതെങ്കിലും വിഭാഗക്കാർക്കെതിരായ വിദ്വേഷ പ്രചാരണം നടത്തുന്നതും അക്രമം പ്രേരിപ്പിക്കുന്നതും ഭീകരതയും തീവ്രവാദവുമാണെന്ന് ജുമുഅ പ്രസംഗം നിർവഹിക്കവേ ഇമാം ശൈഖ് ഡോ. മാഹിർ അൽമുഅയ്ഖിലി പറഞ്ഞു.

publive-image

അക്രമവും അനീതിയും അവകാശ നിഷേധവും ആരോടായാലും പാടില്ലെന്നും ഇസ്‌ലാം എല്ലാതരം അനീതിയ്ക്കും അക്രമങ്ങൾക്കും എതിരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇസ്‌ലാം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഐക്യത്തിന്റെയും മതമാണെന്നും ഹറം ഇമാം വിശ്വാസികളെ ഉണർത്തി.

സുരക്ഷയും സമാധാനവും ഏറ്റവും വലിയ അനുഗ്രഹമാണെന്നും ദേശീയൈക്യം തകർക്കുന്നതിനും സുരക്ഷാ ഭദ്രതക്ക് ഭീഷണി സൃഷ്ടിക്കുന്നതിനും ഭരണാധികാരികൾക്കെതിരെ കലാപത്തിന് ഇറങ്ങിത്തിരിക്കുന്നവർക്കുമെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മസ്ജിദുന്നബവി ഇമാം ഖുതുബയിൽ പറഞ്ഞു.

മുസ്‌ലിംകൾ ഒറ്റ ശരീരവും ഒറ്റ കെട്ടിടവും പോലെയാണ്. മുസ്‌ലിംകളിൽ പെട്ട ഒരാളെ ആക്രമിക്കുന്നത് മുഴുവൻ മുസ്‌ലിംകൾക്കും എതിരായ ആക്രമണത്തിന് സമമാണെന്നും മദീനാ ഇമാം ഉത്‌ബോധിപ്പിച്ചു.

Advertisment