Advertisment

രഹ്‌ന ഇപ്പോഴും വിശ്വസിക്കുന്നു, ഹാരിസ്ക്ക തന്നെ വിട്ടു പോയിട്ടില്ലെന്ന്

New Update

ജിദ്ദ:  "നിങ്ങളൊന്ന് നന്നായി തട്ടി നോക്കൂ, ഹാരിസ്ക്ക ഉണരും, ഉണരും.... ഹാരിസ്കായ്ക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ല...", ചൊവാഴ്‌ച ജിദ്ദയിലെ സൺടോപ് ബിൻസാഗർ കോറോ കമ്പനിയിൽ ഉണ്ടായ ലിഫ്റ്റ് അപകടത്തിൽ പെട്ട മലപ്പുറം പുത്തനത്താണി കന്മനം വലിയ പീടിയേക്കൽ ഹാരിസിന്റെ ഭാര്യ രഹ്‌നയുടെ ദൈന്യമായ വാക്കുകളായിത്.

Advertisment

അപകടത്തിൽ ഹാരിസ് തൽക്ഷണം മരണപ്പെട്ടുവെന്ന യാഥാർഥ്യം ഇനിയും രഹ്‌നയ്ക്ക് വിശ്വസിക്കാനായിട്ടില്ല. മാനസികാഘാതം പരമാവധി കുറക്കുന്ന പലവിധ ഭാഷ്യത്തിൽ വിവരമറിയിക്കുന്നവരോടെല്ലാം രഹ്‌ന പ്രതികരിക്കുന്നതെങ്ങിനെ. തന്റെ പ്രിയതമൻ ഇത്രവേഗം തന്നെയും പിഞ്ചു പൈതൽ ഖൈറയെയും വിട്ടു പോയെന്നത് രഹ്‌നയ്ക്ക് ഉൾകൊള്ളാവുന്നതിനും അപ്പുറത്താണ് - വിശ്വസിക്കാവുന്നതിനും.

publive-image

പ്രായാധിക്യമുള്ള പിതാവ് സാദിഖ് അലിയ്ക്കും മാതാവ് സഫിയയ്ക്കും ആകട്ടെ, പ്രിയപ്പെട്ട മകൻ വിട്ടുപിരിഞ്ഞ വേദന കടിച്ചമർത്തി മരുമകളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ ദുഖത്തിലമരുകയാണ്. മാതാപിതാക്കളെയും രഹ്‌നയെയും സമാധാനിപ്പിക്കാനായി ഒമാനിൽ ജോലി ചെയ്യുന്ന സഹോദരൻ റിയാസ് വിവരമറിഞ്ഞ ഉടൻ നാട്ടിലെത്തിയിട്ടുണ്ട്.

ജിദ്ദയിൽ തന്നെ ഹാരിസിന്റെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ച സ്ഥിതിയ്ക്ക് അതിൽ പങ്കെടുക്കാൻ റിയാസ് എത്തുമെന്ന് അറിവായി. ഇതിനുള്ള വിസ ഹാരിസ് ജോലി ചെയ്തിരുന്ന ബിൻസാഗർ കോറോ കമ്പനി വാഗ്‌ദാനം ചെയ്തിട്ടുണ്ട്. മാതാപിതാക്കൾക്കും ജിദ്ദയിലേക്ക് വിസ നൽകാൻ കമ്പനി തയാറായെങ്കിലും ഇരുവരുടെയും ശാരീരികാവസ്ഥ പരിഗണിച്ച് അത് സ്വീകരിച്ചിട്ടില്ല.

അതിനിടെ, ഹാരിസിന്റെ ദമ്മാമിലുള്ള സഹോദരി നജ്‌ലാ ബാനുവും ഭർത്താവും ജിദ്ദയിലെത്തി ബിൻസാഗർ കമ്പനി അധികൃതരുമായി അനന്തര കാര്യങ്ങൾ സംസാരിച്ചു. സുഹൃത്തുക്കളായ ശാക്കിർ ചങ്ങരംകുളം, നജ്മുദ്ധീൻ കുണ്ടോട്ടി, സി എച് ബഷീർ എന്നിവർക്കൊപ്പമാണ് സഹോദരിയും ഭർത്താവും വൈസ് പ്രസിഡണ്ട്, പ്രൊഡക്ഷൻ മാനേജർ എന്നിവർ ഉൾപ്പെടെയുള്ള കമ്പനി ഉന്നതരുമായി ചർച്ച നടത്തിയത്.

ചർച്ചയിൽ മൃതദേഹം സംസ്കരിക്കുന്നതുമായും ഹാരിസിന് ലഭിക്കേണ്ട സാമ്പത്തികവും മറ്റുമായ കാര്യങ്ങളുമായിരുന്നു വിഷയമായത്. ഇക്കാര്യങ്ങളിൽ കമ്പനി വളരെ ഉദാരമായ സമീപനമാണ് കാണിച്ചതെന്നും എന്നാൽ കാര്യങ്ങൾ എഴുതി തീർപ്പാക്കണമെന്ന് കമ്പനി അധികൃതരോട് താല്പര്യപ്പെട്ടതായും സംഘത്തിലുണ്ടായിരുന്നവർ വിവരിച്ചു.

അതേസമയം, ദുരന്തം ഉണ്ടായതിനെ തുടർന്ന് അറസ്റ്റിലായ ശ്രീലങ്കൻ പൗരനായ കമ്പനി ജീവനക്കാരൻ പോലീസ് അറസ്റ്റിൽ തുടരുകയാണ്. ഹാരിസ് ലിഫ്റ്റിന് അടിയിൽ ജോലി ചെയ്യവേ പവർ ഓൺ ചെയ്തത് ശ്രീലങ്കൻ സ്വദേശിയാണെന്നാണ് വിവരം. ഇത് പക്ഷെ മനഃപൂർവമാണെന്ന് ആരും കരുതുന്നില്ല.

എന്നാൽ, ലിഫ്റ്റിനുള്ളിൽ അറ്റകുറ്റ പണി ചെയ്യുമ്പോൾ വേണ്ടുന്ന മുൻകരുതലുകളും മറ്റും എടുകാത്തിരുന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു. ഇതിൽ ആർക്കൊക്കെ എത്രയൊക്കെ പങ്കുണ്ടെന്നതാണ് ഇനി തീർച്ചപ്പെടേണ്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

ചൊവ്വാഴ്ചയാണ് സൺടോപ് ബിൻസാഗർ കോറോ കമ്പനിയിൽ എട്ടു വര്ഷങ്ങളായി ഇലക്ട്രോ ടെക്നിക്കൽ തസ്തികയിൽ ജോലി ചെയ്തുവന്ന ഹാരിസ് ലിഫ്റ്റ് അറ്റകുറ്റപ്പണി നിർവഹിക്കുന്നതിനിടയിൽ അതേ ലിഫ്റ്റ് ദേഹത്ത് പതിച്ച് സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

രണ്ടാഴ്ച്ച മുമ്പാണ് അവധി കഴിഞ്ഞു ഹാരിസ് ജിദ്ദയിൽ തിരിച്ചെത്തിയത്. കുടുംബം വിസിറ്റിങ് വിസയിൽ വരാനിരിക്കെയാണ് മലയാളി സമൂഹത്തിനാകെ ദുഃഖം സമ്മാനിച്ച സംഭവം.

Advertisment