ഹറമൈൻ ട്രെയിൻ വാണിജ്യ സർവീസ് ആരംഭിച്ചു

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, October 11, 2018

ജിദ്ദ:  കാത്തിരിപ്പുകൾക്കൊടുവിൽ മക്കാ – മദീനാ ഹറമൈൻ ട്രെയിൻ വ്യാഴാഴ്ച ആദ്യ വാണിജ്യ സർവീസ് നടത്തി. തീർത്ഥാടക വഴിയിൽ കുതിപ്പും സൗഖ്യവും പ്രദാനം ചെയ്യുന്ന റെയിൽ പാതയുടെ ഔപചാരിക ഉദ്ഘാടനം ജിദ്ദ റെയിൽവേ സ്റ്റേഷനിൽ വെച്ച് സെപ്റ്റംബർ 25 ന് ഭരണാധികാരി സൽമാൻ രാജാവ് നിർവഹിച്ചിരുന്നു.

ആഴ്ചയിൽ നാല് സർവീസുകളായിരിക്കും ഉണ്ടാവുകയെന്ന് മക്കാ ഗവര്ണറേറ്റ് അറിയിച്ചു , അഥവാ ഇരു ദിശകളിലേയ്ക്കുമായി എട്ടു ട്രിപ്പുകൾ – ശനി, ഞായർ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ . മക്കാ – മദീനാ റൂട്ടിൽ മടക്ക യാത്രയടക്കം 150 റിയാൽ ആണ് ഗസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക്. ബിസിനെസ്സ് ക്‌ളാസ് നിറക്കാകട്ടെ 250 റിയാലും. സർവീസുകളുടെ എണ്ണവും ടിക്കറ്റ് നിരക്കുകളും അടുത്ത വര്ഷം മാറുമെന്ന് അധികൃതർ ആദ്യമേ അറിയിച്ചിരുന്നു.

മക്കയിൽ നിന്ന് അരമണിക്കൂറിനകം ജിദ്ദയിലും രണ്ടര മണിക്കൂർ സമയത്തിനിടെ മദീനയിലും എത്തിച്ചേരാം. സ്പാനിഷ് കമ്പനി നിർമിച്ച 35 ബോഗികളാണ് സർവീസിൽ ഉണ്ടാവുക. ഒരു ട്രിപ്പിൽ 417 യാത്രക്കാരെ വഹിക്കുന്ന ഹറമൈൻ ട്രെയിൻ വർഷത്തിൽ അറുപതു മില്യൺ ആളുകളെ പ്രയോജനകരമാവുന്ന വിധത്തിലാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നു അധികൃതർ വ്യക്തമാക്കി.

സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദ, റാബിഖ് കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി എന്നിവയിലൂടെ കടന്നു പോകുന്നതിനാൽ, തീര്ഥാടകർക്കെന്ന പോലെ ബിസിനസ് രംഗത്തുള്ളവർക്കും അനുഗ്രഹമാകും ഹറമൈൻ റെയിൽവെ. ജിദ്ദ വിമാനത്താവളത്തിനടുത്താണ് അഞ്ചാമത്തെ സ്റ്റേഷൻ.

യാത്രക്കാർക്ക് വിവരങ്ങളറിയാൻ പ്രത്യേക കസ്റ്റമർ സർവീസ് നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട് – 92000 4433.

സൗദി റയിൽവേ ഓർഗനൈസേഷന്റെ സ്വപ്ന പദ്ധ്വതിയായ ഹറമൈൻ ഹൈസ്‌പീഡ്‌ റെയിൽ പ്രൊജക്റ്റ് 2012 ലാണ് നിർമാണം ആരംഭിച്ചത്. അതിനൂതന സാങ്കേതികത മികവോടും അത്യാധുനിക സൗകര്യങ്ങളോടും സുരക്ഷാ സംവിധാനങ്ങളോടും കൂടിയുള്ള ഹറമൈൻ റയിൽ പാത മിഡ്‌ഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയാണ്.

×