follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

മലയാളി ഭര്‍ത്താക്കന്മാരൊക്കെ ഭാര്യമാരെ കൊലചെയ്യുന്നവരാണെന്ന ധാരണയില്‍ ഒമാന്‍ പോലീസ് മുന്നോട്ട് പോകുന്നത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെപ്പോലും വേട്ടയാടുന്നതിന് തുല്യമാണ്. ഭാര്യ നഷ്ടപ്പെട്ട ആഘാതത്തിന് പിന്നാലെ ഭാര്യയുടെ ഘാതകി എന്ന ലേബല്‍ കൂടി ചാര്‍ത്തപ്പെടുന്നതോടെ ആ കുടുംബം ഒന്നാകെ മാനക്കേടിലും ദുഃഖത്തിലും പതിക്കുകയാണ്

ഒമാനിലെ ഒരു നഗരത്തില്‍ മാത്രം 10 മാസത്തിനിടെ സ്വന്തം വസതിയില്‍ കൊല്ലപ്പെട്ടത് മൂന്ന്‍ മലയാളി യുവതികള്‍. വിറങ്ങലിച്ച് പ്രവാസി സമൂഹം. എംബസിയില്‍ സുഖജീവിതം നയിക്കുന്ന മാന്യന്മാര്‍ ഇതുവല്ലതും അറിയുന്നുണ്ടോ ?

ന്യൂസ് ബ്യൂറോ, ഒമാന്‍ » Posted : 17/02/2017

സലാല: ഒമാനിലെ സലാലയില്‍ 10 മാസത്തിനിടെ മൂന്നാമത്തെ മലയാളി യുവതിയാണ് കൊല്ലപ്പെടുന്നത്. മൂവരെയും താമസ സ്ഥലത്ത് ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അങ്കമാലി കുറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ട് (28), ഈ ഫെബ്രുവരി 3 ന് തിരുവനന്തപുരം സ്വദേശി സിന്ധു (32), ഈ വ്യാഴാഴ്ച ഇടുക്കി നെടുങ്കണ്ടം സ്വദേശി ഷെബിന്‍ ജീവന്‍ (39) എന്നിവരാണ് സലാലയില്‍ കൊല്ലപ്പെട്ടത്.

മൂവരുടെയും മരണം മോഷണശ്രമത്തിനിടെ ആയിരുന്നോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും സിന്ധുവിന്റെ കൊലപാതകത്തില്‍ മാത്രമാണ് പ്രതിയെ പിടികൂടിയത്.ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്സായിരുന്ന ചിക്കു റോബര്‍ട്ടിന്റെ മരണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയാതായപ്പോള്‍ പ്രതിയെന്നു സംശയിച്ച് ഭര്‍ത്താവ് ലിന്‍സന്‍ തോമസിനെ 6 മാസം വരെ തടവില്‍ പാര്‍പ്പിച്ച് ഒമാന്‍ പോലീസ് മികവ് കാണിച്ചു.

5 മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു സ്വന്തം ഫ്ലാറ്റില്‍ ചിക്കു കൊല്ലപ്പെട്ടത്. ജോലിയ്ക്ക് ഹാജരാകേണ്ട സമയം കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതായപ്പോള്‍ ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്ന ലിന്‍സന്‍ വീട്ടില്‍ തേടിയെത്തിയപ്പോഴാണ് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടത്.പ്രിയതമ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടു രക്ഷിക്കാന്‍ ശ്രമിച്ചതാണ് ഒമാന്‍ പോലീസിലെ ബുദ്ധിജീവികള്‍ ലിന്‍സനെ സംശയിക്കാനിടയായത്.

ഒടുവില്‍ പ്രിയപ്പെട്ടവളെയും ഗര്‍ഭസ്ഥ ശിശുവിനെയും നഷ്ടപ്പെട്ട വേദനയ്ക്കിടയിലും അവരെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും ലിന്‍സനെ അനുവദിച്ചില്ല. ലിന്‍സന്‍ മോചിതനായിട്ട് ചിക്കുവിനെ സംസ്കരിക്കാന്‍ വേണ്ടി ദിവസങ്ങളോളം ഇരു കുടുംബങ്ങളും കാത്തിരുന്നിട്ടും അതിനുള്ള ഭയം പോലും ഒമാന്‍ പോലീസ് കാണിച്ചില്ല.ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ടതിന് പിന്നാലെ അവരുടെ കൊലപാതകത്തിന്റെ കരിനിഴല്‍ ലിന്‍സന് മേല്‍ ചാര്‍ത്തിക്കൊടുത്ത് 6 മാസം പുറംലോകം കാണിക്കാതെ ഒമാന്‍ പോലീസ് ആ ചെറുപ്പക്കാരനോട് കാണിച്ചത് കൊടുംക്രൂരതയായിരുന്നു.

മൂന്നാം തീയതി സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട സലാല ഹില്‍ട്ടന്‍ ഹോട്ടലിലെ ക്ലീനിംഗ് വിഭാഗം ജീവനക്കാരിയായിരുന്ന സിന്ധുവിന്റെ മരണത്തില്‍ 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയിരുന്നു. അനധികൃത താമസക്കാരനായ വിദേശി ആയിരുന്നു പ്രതി. മോഷണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ സിന്ധു കൊല്ലപ്പെടുകയായിരുന്നു.

വ്യാഴാഴ്ച സലാലയില്‍ മലയാളി നേഴ്സ് ഷെബിന്‍ ജീവന്‍ കൊല്ലപ്പെട്ട കേസിലും ഒമാന്‍ പോലീസ് ഭര്‍ത്താവിനെയാണ് ആദ്യം പിടികൂടിയത്. ഇദ്ദേഹത്തെ ദീര്‍ഘനേരം ചോദ്യം ചെയ്തു. ഡന്റല്‍ ക്ലിനിക്കിലെ നേഴ്സായി ജോലി ചെയ്യുകയായിരുന്നു ഷെബിന്‍.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഇവര്‍ താമസിച്ചിരുന്ന ദോഫാര്‍ ക്യാമ്പിന് സമീപത്തെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് സംശയിക്കുന്നു. സലാലയില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ദുരന്തമായിരുന്നു ഇത്.എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇതുവരെ പരാജയം കണ്ടിട്ടില്ല. പകരം സംഭവം ശ്രദ്ധയില്‍പ്പെട്ട ചിക്കു കൊലപാതകത്തിലേതുപോലെ ഭര്‍ത്താവിനെ ഉടന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയാണ് പോലീസ് സ്വീകരിച്ചത്.

മലയാളി ഭര്‍ത്താക്കന്മാരൊക്കെ ഭാര്യമാരെ കൊലചെയ്യുന്നവരാണെന്ന ധാരണയില്‍ ഒമാന്‍ പോലീസ് മുന്നോട്ട് പോകുന്നത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെപ്പോലും വേട്ടയാടുന്നതിന് തുല്യമാണ്. ഭാര്യ നഷ്ടപ്പെട്ട ആഘാതത്തിന് പിന്നാലെ ഭാര്യയുടെ ഘാതകി എന്ന ലേബല്‍ കൂടി ചാര്‍ത്തപ്പെടുന്നതോടെ ആ കുടുംബം ഒന്നാകെ മാനക്കേടിലും ദുഃഖത്തിലും പതിക്കുകയാണ്.

ചിക്കു റോബര്‍ട്ടിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് ലിന്‍സനെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ ചിക്കുവിന്റെയും ലിന്‍സന്റെയും കുടുംബങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നിട്ടും ഒമാന്‍ പോലീസ് സമ്മതിച്ചിരുന്നില്ല. ലിന്‍സനെ സംശയമില്ലെന്നും അവനും തങ്ങള്‍ക്ക് മകനെപ്പോലെയാണെന്നും ചിക്കുവിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

എന്തായാലും സലാല മലയാളികളുടെ പേടി സ്വപ്നമായി മാറുകയാണ്. ഭാര്യമാരെ ഒറ്റയ്ക്കാക്കി ജോലി സ്ഥലത്തേക്ക് പോകാന്‍ ഭര്‍ത്താക്കന്മാര്‍ക്കും ഭയമാണ്. ഒറ്റയ്ക്കിരിക്കാനും ഡ്യൂട്ടി കഴിഞ്ഞു വന്ന് സ്വസ്ഥമായി ഉറങ്ങാനും ഭാര്യമാര്‍ക്കും കഴിയുന്നില്ല. എംബസിയും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സ്ഥിതിക്ക് പരിഹാരം കാണാനാകൂ.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+