follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

ഒ ഐ സി സി ഈദ് ഉത്സവ് 2017 അബഹയിൽ ;ജഗദീഷ്, അഫ്സല്‍ , രാജാ സാഹിബ്, സുധീഷ്‌ എന്നിവർ പങ്കെടുക്കും

അക്ബര്‍ പൊന്നാനി ജിദ്ദ » Posted : 20/06/2017


ഓ ഐ. സി.സി ദക്ഷിണ മേഖലാ കമ്മിറ്റി നേതാക്കളായ അഷറഫ് കുറ്റിച്ചല്‍, പ്രകാശന്‍ നാദാപുരം, മനാഫ് പരപ്പില്‍, മുജീബ് അല്ലിപ്പറ, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍.
[/color]
അസീര്‍: സൗദിയിലെ വിനോദ, സുഖവാസ മേഖലയായ അബഹയിൽ ചെറിയ പെരുന്നാൾ അവധിയിൽ ഓ ഐ സി സി സംഘടിപ്പിക്കുന്ന ഈദ് ഉത്സവ് 2017 ൽ മലയാള വിനോദ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. അബഹ സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒ. ഐ. സി. സി ദക്ഷിണ മേഖലാ കമ്മിറ്റി ഒരുക്കുന്ന ഈദ് ഉത്സവിൽ സിനിമാ നടനും ടെലിവിഷന്‍ അവതാരകനുമായ ജഗദീഷ്, ഗായകന്‍ അഫ്സല്‍, സ്റ്റേജ് ആര്‍ടിസ്റ്റുകളായ രാജാ സാഹിബ്, സുധീഷ് എന്നിവര്‍ പരിപാടികൾ അവതരിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ചയാണ് അബഹയിലെ ഈദ് ഉത്സവ്.

ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള 3500 പേര്‍ക്ക് ഇരിക്കാവുന്ന അബഹ മിഫ്താഹ ഇന്‍ഡോര്‍ സ്റ്റേജില്‍ വൈകുന്നേരം 7 മണിക്ക് പരിപാടികള്‍ അരങ്ങേറും. അതിഥി കലാകാരന്മാർ ഉൾപ്പെടെയുള്ളവർ അവതരിപ്പിക്കുന്ന കലാ സംഗീത നിശ, സാംസ്കാരിക സദസ്സ്, പ്രതിഭകളെ ആദരിക്കല്‍ എന്നിവയാണ് ഈദ് ഉത്സവിന്റെ ഭാഗമായി അണിയറയിൽ ഒരുങ്ങുന്നത്. അബഹ ഗവര്‍ണറേറ്റ് , മുനിസിപ്പാലിറ്റി, ടൂറിസം കൌണ്‍സില്‍, പോലീസ് വകുപ്പുകള്‍ എന്നിവയുടെ അംഗീകാരത്തോട് കൂടിയാണ് ഈദ് ഉത്സവ് എന്ന് സംഘാടകർ പറഞ്ഞു. പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ അബഹ ടൂറിസം പ്രോഗ്രാമിനൊപ്പം സൗദി ടി.വി ചാനല്‍ സംപ്രേക്ഷണം ചെയ്യുമെന്നും സംഘാടകർ വിവരിച്ചു.

സാമൂഹ്യ പ്രവര്‍ത്തനം, ബിസിനസ്, മീഡിയ, ആതുര സേവനം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍, സി.ബി. എസ്. ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍, എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് പ്രതിഭാ പുരസ്കാരങ്ങള്‍ നല്‍കും. അതോടൊപ്പം അബഹ പോലീസ് കമ്മീഷണര്‍, അബഹ അമീറിന്റെ സെക്രട്ടറി ജനറല്‍, ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ സെക്രട്ടറി ജനറല്‍, ഇന്റേണല്‍ അഫയേഴ്സ് സെക്രട്ടറി എന്നീ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്‍റെ സ്നേഹാദരങ്ങളുടെ പ്രതീകമായി പ്രത്യേക ഫലകം നല്‍കി ആദരിക്കും. ദീര്‍ഘകാലമായി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഒ.ഐ.സി.സി പ്രവര്‍ത്തകനെയും ചടങ്ങില്‍ ആദരിക്കും.

60 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഗായക സംഘം ഇന്ത്യന്‍, സൗദി ദേശീയ ഗാനങ്ങള്‍ ആലപിക്കും. പ്രദേശത്തെ ഗായികാ ഗായകന്മാര്‍ ഒ. ഐ. സി സി നടപ്പിലാക്കുന്ന സ്നേഹ സദനം ഉള്‍പ്പടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം ചടങ്ങില്‍ വെച്ച് നടത്തും. ഒ. ഐ. സി. സി രൂപീകരിക്കുന്ന ക്രിക്കറ്റ് ടീമിന്‍റെ ജഴ്സിയുടെ പ്രകാശനവും നടക്കും.

അഞ്ച് വര്‍ഷം മുമ്പ് ഒ. ഐ. സി.സി നടത്തിയ മെഗാ ഇവന്റിന് ശേഷം വിപുലമായ ഒരു മലയാളി സാംസ്കാരിക പരിപാടി മേഖലയില്‍ ഇതാദ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടികള്‍ നടത്താന്‍ മലയാളി സാമൂഹ്യ സംഘടനകള്‍ക്ക് തയ്യാറാണെങ്കിലും ചിലരുടെ ആശാസ്യമല്ലാത്ത താല്പര്യങ്ങള്‍ അതിന് തടസ്സം നില്‍ക്കുന്നുണ്ട്. ഒരു പ്രമുഖ സംഘടന വലിയ സന്നാഹങ്ങളോടെ സംഘടിപ്പിച്ച പരിപാടി എല്ലാ ഒരുക്കങ്ങള്‍ക്കും ശേഷം ഉപേക്ഷിക്കേണ്ടി വന്നത് അത്തരം ഒരു സാഹചര്യത്തിലാണെന്ന് സംഘടനയുടെ പേര് പരാമർശിക്കാതെ സംഘാടകർ കുറ്റപ്പെടുത്തി. മലയാളികളുടെ സാമൂഹിക ചലനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ ഇല്ലാതാക്കുക എന്ന ലക്‌ഷ്യത്തോട് കൂടിയാണ് അധികൃതരുടെ അനുമതി നേടി ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്ന തെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഒ. ഐ. സി.സി ദക്ഷിണ മേഖലാ കമ്മിറ്റി പ്രസിഡണ്ട് അഷറഫ് കുറ്റിച്ചല്‍, ജനറല്‍ സെക്രട്ടറി പ്രകാശന്‍ നാദാപുരം, ഭാരവാഹികളായ മനാഫ് പരപ്പില്‍, മുജീബ് അല്ലിപ്പറ, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+