follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഇതും വൈദികന്റെ മോചന നേരത്ത് : പതിനെട്ടര കോടി രൂപ നഷ്ടപരിഹാരമായി നൽകാനാകാതെ ജയിലിൽ കഴിഞ്ഞ മലയാളി മോചിതനായി

അക്ബര്‍ പൊന്നാനി » Posted : 14/09/2017

ജിദ്ദ: ഫാദർ ടോം ഉഴുന്നാലിൽ ഒമാന്റെ സഹായത്തോടെ മോചിതനായതിൽ ഇന്ത്യ മുഴുവൻ ആശ്വാസം കൊണ്ട ചൊവാഴ്ച മലയാളികൾക്ക് സന്തോഷം പകർന്ന് ഗൾഫിൽ നിന്ന് മറ്റൊരു മോചന വാർത്ത കൂടി.

പതിനെട്ടര കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകേണ്ട ഒരു റോഡപകട കേസിൽ പ്രതിയായി സൗദി ജയിലിൽ കഴിയുകയായിരുന്ന ഒരു മലയാളി ചൊവാഴ്ച കാലത്ത് മോചിതനായി. കോഴിക്കോട് ജില്ലയിലെ മുക്കം കാരമൂല സ്വദേശി അലവിക്കുട്ടിയുടെ മകൻ മുജീബുറഹ്മാൻ (38 ) ഒന്നര ഒന്നര വര്ഷങ്ങള്ക്കു ശേഷമാണ് ചൊവാഴ്ച കാലത്ത് പുറംലോകം കണ്ടത്‌.അഷ്‌റഫ് മൗലവി (പുളിക്കൽ), ഹിഫ്‌സുറഹ്മാൻ (കോഴിക്കോട്) എന്നിവരുടെ താൽപര്യത്തിൽ ഒരു സൗദി നടത്തിയ സ്തുത്യർഹമായ ഇടപെടലാണ് മുജീബ് റഹ്‌മാന്‌ മോചനമാർഗം തുറന്നതു.

2016 ഫെബ്രുവരി ഒന്നിനാണ് കേസിനു ആധാരമായ സംഭവം. ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്​ട്രീറ്റിൽ വെച്ച് മുജീബ് ഓടിച്ചിരുന്ന കൊറോള കാര്‍ സഊദി രാജകുടുംബാംഗത്തിന്റെ ആഡംബര വാഹനമായ ആസ്റ്റണ്‍ മാര്‍ട്ടിനില്‍ ചെന്നിടിക്കുകയായിരുന്നു.

സംഭവത്തിൽ നൂറു ശതമാനം കുറ്റക്കാരൻ മുജീബ് ആണെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാറിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരമായി 1085000 സൗദി റിയാല്‍ (പതിനെട്ടര കോടിയിലേറെ ഇന്ത്യൻ രൂപ) ലഭിക്കണമെന്ന് ഇൻഷൂറൻസ് കമ്പനിയായ തആവുനിയ്യ അവകാശം ഉന്നയിച്ചു.

മുജീബിന്റെ കാറിനു ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരുന്നുമില്ല. തുടർന്നാണ് സംഖ്യ അടക്കാത്തതിനാൽ മുജീബ് അഴിയ്ക്കകത്താകുന്നത്.

അതേസമയം, കേസ്സ് ഫയൽ ട്രാഫിക് വിഭാഗത്തിൽ നിന്ന് നീങ്ങുകയോ കോടതിയിൽ എത്തുകയോ ചെയ്യുകയുണ്ടായില്ലെന്നു സഹായവുമായി രംഗത്തു വന്ന സൗദി അഭിഭാഷകൻ അബ്ദുൾറസാഖ് കണ്ടെത്തി.

അദ്ദേഹം കേസിന്‍റെ ഫയലുകൾ കോടതിയിൽ എത്തിക്കുകയും കോടതി ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. ഇൻഷൂറൻസ് കമ്പനി ആഡംബര കാറിനു ഇട്ട വില മുതൽ കേസിലുള്ള അപാകതകൾ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.
മുജീബും ഇൻഷൂറൻസ് കമ്പനിയും തമ്മിൽ മാത്രമാണ് കേസ്.

കേടായ വാഹനത്തിന്റെ ഉടമ ഇതിൽ ഒരു ഘട്ടത്തിലും ഇടപെട്ടിരുന്നില്ലാന് വിവരം. യാതൊരു വ്യവസ്ഥകളും കൂടാതെയാണ് മുജീബിന്റെ മോചനം ഉണ്ടായതെന്നാണ് അറിയുന്നത്. വേണമെങ്കിൽ ഇനിയും സൗദിയിൽ തുടരാനാകും. എന്നാൽ, ഭാവി സ്വന്തം സ്‌പോൺസറുടെ കൂടിയാലോചിച്ച ശേഷമേ മുജീബ് തീരുമാനിക്കൂ.

ചൊവാഴ്ച ജയിലിനു പുറത്തിറങ്ങിയെങ്കിലും ഇനിയും കോടതിയിൽ സിറ്റിങ്ങുകൾ ഇതുസംബന്ധിച്ചു പൂർത്തിയാകാനുമുണ്ട്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ടു കിടാങ്ങളെയും പോറ്റി വളർത്തുന്ന മുജീയി ചെറിയ ബിസിനസ് കണ്ടെത്തി ഉപജീവനം നടത്തി വരികയായിരുന്നു.

മുജീബിന്റെ മോചനത്തിനായി നാട്ടിൽ എം.പി, എം.എൽ.എ എന്നിവരുടേയും മറ്റു പ്രമുഖരുടെയും സഹായത്തോടെ ആക്ഷൻ കമ്മിറ്റി രൂപവത്​കരിച്ചിരുന്നു. അതേപോലെ, ജിദ്ദയിലെ മലയാളി സമൂഹം മുജീബിനെ സഹായിക്കാൻ ധനസമാഹരണ നീക്കം നടത്തിയിരുന്നു. ഇപ്പോൾ അതൊന്നും ആവശ്യമില്ലാതെ തന്നെ മുജീബിന്റെ മോചനം സാധ്യമായിരിക്കുന്നു.

ധനസമാഹരണത്തിന് നീക്കം മാത്രമാണ് നടത്തിയതെന്നും, പലരിൽ നിന്നും വലിയ ഓഫറുകൾ ലഭിച്ചു എന്നല്ലാതെ ഇതുവരെ കാശ് കൈപറ്റിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഒരാൾ ഒരു ചോദ്യത്തിനുത്തരമായി അറിയിച്ചു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+