Advertisment

ലോക കേരള സഭയിലേക്കുള്ള നോമിനേഷനെ ചൊല്ലി കുവൈറ്റില്‍ വിവാദം. ഇടത് സര്‍ക്കാര്‍ രൂപീകരിച്ച സഭയില്‍ യുഡിഎഫിന് മികച്ച പ്രാതിനിധ്യം. ഭരണകക്ഷി സംഘടനകള്‍ നല്‍കിയ പേരുകള്‍ സര്‍ക്കാര്‍ വെട്ടിനിരത്തി !

New Update

കുവൈറ്റ്:  കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ലോക കേരള സഭയിലേക്കുള്ള നോമിനേഷന്‍ സംബന്ധിച്ച് കുവൈറ്റില്‍ വിവാദം പുകയുന്നു. നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 178 മലയാളികളെ ഉള്‍പ്പെടുത്തുന്ന ലോക കേരള സഭയിലേക്ക് കുവൈറ്റില്‍ നിന്നും 4 അംഗങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Advertisment

ഇതില്‍ ഭരണ - പ്രതിപക്ഷ അനുകൂല സംഘടനകളില്‍ നിന്നും 2 വീതമാണ് പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ഇതില്‍ അംഗത്വം ലഭിക്കാതെ പോയവരുടെ കാര്യത്തിലും ഭരണകക്ഷി അനുകൂല സംഘടനകളില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം കുറഞ്ഞതുമാണ് വിവാദങ്ങള്‍ക്ക് കാരണം.

ലോക കേരള സഭയിലേക്ക് കുവൈറ്റില്‍ നിന്ന് ഇടത് അനുകൂല സംഘടനകള്‍ നല്‍കിയ പേരുകളില്‍ സര്‍ക്കാരിന്റെ കാര്യമായ പരിഗണന ഉണ്ടായില്ല. ഇടത് അനുഭാവികളില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് അംഗം കൂടിയായ കോട്ടയം വൈക്കം സ്വദേശി എന്‍ അജിത്‌ കുമാറും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ സാം പൈനാംമൂടുമാണ് കുവൈറ്റില്‍ നിന്നുള്ള പ്രതിനിധികള്‍.

publive-image

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങളായിരുന്ന ഓ ഐ സി സി പ്രസിഡന്റ് വര്‍ഗീസ്‌ പുതുകുളങ്ങരയെയും കെ എം സി സി നേതാവ് ഷറഫുദ്ദീന്‍ കണ്ണേത്തിനെയുമാണ് പ്രതിപക്ഷ പ്രാതിനിധ്യത്തിന്റെ പേരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇടതുപക്ഷ അനുകൂല സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കുവൈറ്റില്‍ സജീവ സാന്നിധ്യങ്ങളും ഇവിടെ ഇടത് ആഭിമുഖ്യമുള്ള പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണത്തില്‍ മുന്‍പന്തിയില്‍ നിന്നവരുമായ പ്രധാനപ്പെട്ട വ്യക്തിത്വങ്ങള്‍ ലിസ്റ്റില്‍ ഇടംപിടിക്കാതെ പോയതാണ് ഇടതുമുന്നണിയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് സംഘടനയായ ഓ ഐ സി സിയുടെയും ലീഗ് സംഘടനയായ കെ എം സി സിയുടെയും നേതാക്കളെ അവരുടെ പ്രവര്‍ത്തന മികവിന്റെയും സംഘടനാ പാടവത്തിന്റെയും പേരില്‍ ലോക കേരളസഭയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സി പി എം അനുകൂല സംഘടനയായ കലയ്ക്ക് പോലും അര്‍ഹമായ പരിഗണന ലഭിച്ചില്ല.

കലയുടെ നേതാക്കളുടെ സംഘടനാ പാടവക്കുറവും പ്രവര്‍ത്തന പാരമ്പര്യക്കുറവുമാണ് അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതെന്ന വിമര്‍ശനം ഇതോടെ പ്രതിപക്ഷ സംഘടനകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ഓ ഐ സി സിയുടെയും കെ എം സി സിയുടെയും സംഘടനാ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായിക്കൂടി അവര്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

എന്നാല്‍ ഇത് പ്രതിരോധിക്കാന്‍ കല ഉള്‍പ്പെടെയുള്ള ഭരണകക്ഷി സംഘടനകള്‍ക്ക് കഴിയുന്നില്ല.  മാത്രമല്ല, മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി പി ഐയുടെ സംഘടനയ്ക്ക് പോലും കുവൈറ്റില്‍ നിന്നും പ്രാതിനിധ്യമില്ല.

മറ്റൊരു ഇടതു ഘടകകക്ഷി തങ്ങള്‍ക്ക് നോമിനേഷന്‍ ലഭിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കെ എം സി സിയെ ഉള്‍പ്പെടുത്തിയപ്പോള്‍ കുവൈറ്റിലെ ഇടതുപക്ഷ വേദികളിലെ സജീവ ന്യൂനപക്ഷ സാന്നിധ്യമായ ഐ എന്‍ എലിന്‍റെ പ്രവാസി സംഘടനയായ ഐ എം സി സിയുടെ പ്രതിനിധിയെ സഭയില്‍ ഉള്‍പ്പെടുത്തണമെന്ന ഭരണകക്ഷി നേതാക്കളുടെ അഭ്യര്‍ഥനയും ഫലം കണ്ടില്ല . കുവൈറ്റിലെ ഇടതുപക്ഷ സഹകാരികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അവഗണന തന്നെയായിരുന്നു ഫലം .

എന്തായാലും ലോക കേരള സഭയെ സംബന്ധിച്ചിടത്തോളം കുവൈറ്റില്‍ നിന്നും യു ഡി എഫ് നേട്ടവും അംഗീകാരവും സ്വന്തമാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള കേരളീയന്റെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയരുടെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതിയും ലക്‌ഷ്യം വച്ചാണ് ഇന്ത്യന്‍ പൗരത്വമുള്ള കേരളീയ പ്രവാസികളെ ഉള്‍പ്പെടുത്തി ലോക കേരള സഭ രൂപീകരിച്ചത്.

കേരള നിയമസഭയിലെ 140 എം എല്‍ എമാരും കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ലോക്സഭാ, രാജ്യസഭാ എം പിമാരും ഈ സഭയില്‍ അംഗങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ പ്രതിനിധികളായി 178 പേരെയാണ് ഉള്‍പ്പെടുത്തുന്നത്.

ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലാണ് നടക്കുന്നത്.

 

kuwait kuwait latest oicc kuwait politics
Advertisment