Advertisment

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വാക്കും പ്രവർത്തിയും ഒന്നാക്കിയ യുഗപുരുഷൻ: സെമിനാർ

author-image
admin
New Update

ജിദ്ദ: തൻറെ മതവിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന മതചിഹ്നങ്ങൾ സധൈര്യം പ്രകടിപ്പിക്കുമ്പോഴും വിശ്വാസപ്രമാണങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി വീറോടെ പൊരുതി ജയിക്കുമ്പോഴും അതേ ആർജ്ജവത്തോടെ മതേതര കാഴ്ച പ്പാടുകളുടെ പ്രചാരകനായും യഥാർത്ഥ മനുഷ്യസ്നേഹിയായും ജീവിച്ച് കാണിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മിന്നിത്തിളങ്ങുന്ന നക്ഷത്രമായിരുന്നു കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്.

Advertisment

സാഹിബിന്റെ എഴുപത്തിരണ്ടാം ചരമ ദിനത്തോടനുബന്ധിച്ച് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക സിമ്പോസിയം കമ്മിറ്റിയും ഒ.ഐ.സി.സി. അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നടത്തിയ അനുസ്മരണ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

publive-image

ദേശീയ അന്തർദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന അബ്ദുറഹ്മാൻ സാഹിബ് കുബേര കുടുംബത്തിൽ ജനിച്ചവനായിരുന്നെങ്കിലും തനിക്ക് ലഭ്യമായിരുന്ന എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് നാടിൻറെ സ്വാതന്ത്രത്തിനു വേണ്ടി പൊരുതാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു.

മതനിഷ്ഠകൾ കർശനമായി പാലിച്ചിരുന്ന സാഹിബിനെ മതനിഷേധി എന്ന് മുദ്രകുത്തിയവർ തന്നെ മതവിലക്കുകൾ പരസ്യമായി ലംഘിക്കുകയും മതാനുഷ്ടാന കർമ്മങ്ങൾ ചെയ്യാൻ വൈമുഖ്യം കാണിക്കുകയും ചെയ്തവരെ പുൽകാൻ തയ്യാറാവുകയും ചെയ്തത് ഏറ്റവും വലിയ വിരോധാഭാസമായിരുന്നു .

ആ വിരോധാഭാസത്തിന്റെ വില സ്വാതന്ത്ര സമയത്തും സ്വാതന്ത്രാനന്തരവും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗം നല്കിക്കൊണ്ടിരിക്കുകയാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ കെ.സി. അബ്ദുറഹ്മാൻ പറഞ്ഞു.

സത്യസന്ധമായ നിലപാടുകളെടുക്കുകയും ആ നിലപാടുകളോട് വിട്ടുവീഴ്ചയില്ലാത്ത കടപ്പാട് പുലർത്തുകയും ചെയ്തതായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കിയത്.

ഒന്നു മില്ലായ്മയിൽ നിന്ന് പൊതുപ്രവർത്തനം എന്ന പേരിൽ എല്ലാം വാരിക്കൂട്ടുന്ന ഇക്കാലത്തെ നേതാക്കൾക്ക് അബ്ദുറഹ്മാൻ സാഹിബ് പുലർത്തിയതിന്റെ നൂറിലൊരംശം സത്യസന്ധത പുലർത്താനായിരുന്നെങ്കിൽ എന്നാണ് ഇന്ന് രാജ്യം ആഗ്രഹിക്കുന്നത്. പരിപാടിയുടെ ഉത്ഘാടന കർമം നിർവഹിച്ചു സംസാരിച്ച എ പി കുഞ്ഞാലി ഹാജി അഭിപ്രായപ്പെട്ടു.

ജിദ്ദയിലെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക സിമ്പോസിയം കമ്മിറ്റി ഈ വർഷം കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ ഹാളിൽ വെച്ച് നടത്തിയ ദേശീയ സെമിനാറും അവാർഡ് ദാനവും മുൻവർഷങ്ങളിൽ കോഴിക്കോട് സർവകലാശാലയിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര സെമിനാറും ഇതേ വരെ നടത്തിയ സാഹിബ് അനുസ്മരണ പരിപാടികളിലെ നാഴികക്കല്ലുകളാണെന്ന് അദ്ദേഹം പറഞ്ഞു.

അബ്ദുറഹ്മാൻ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. രാജ്യം അധഃപതിച്ചാലും തങ്ങൾക്ക് നേട്ടമുണ്ടാവണം എന്ന് കരുതുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് രാജ്യത്തിൻറെ ശാപം. പാർട്ടി പദവികളും അധികാരസ്ഥാനങ്ങളും നേടിയതിനു ശേഷം തങ്ങളുടെ തൊഴിലിന്റെ ഭാഗമാണെന്ന ന്യായീകരണത്തിന്മേൽ അസത്യത്തിനും അധാര്മികതക്കും വേണ്ടി വാദിക്കാൻ മടിയില്ലാത്ത നേതാക്കളുടെ കാലഘട്ടത്തിലാണ് അബ്ദുറഹ്മാൻ സാഹിബിന്റെ നിലപാടുകളും ആ നിലപാടുകളോടുള്ള കടപ്പാടും നിരന്തരം ചർച്ച ചെയ്യപ്പെടുന്നത്. അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

വണ്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സലാം ഏമങ്ങാട്, അബ്ദുൽമജീദ് നഹ, സി.എം. അഹമ്മദ്, ഹക്കീം പാറക്കൽ, പി.പി. ആലിപ്പു, ശരീഫ് അറക്കൽ, മുസ്തഫ തൃത്താല, സക്കീർ അലി കണ്ണേത്ത്, കുഞ്ഞിമുഹമ്മദ് കോടശ്ശേരി , അഷ്‌റഫ് പോരൂർ, അഷ്‌റഫ് അഞ്ചാലൻ, ജമാൽ നാസർ, താഹിർ ആമയൂർ, ഇസ്മായിൽ കൂരിപ്പൊയിൽ, മുസ്തഫ കൊളപ്പുറം എന്നിവർ സംസാരിച്ചു കെ.പി. ഹസ്സൻ സ്വാഗതവും കെ.പി. അബൂബക്കർ നന്ദിയും പറഞ്ഞു

Pravasi pmf abdul rahman
Advertisment