Advertisment

പ്രവാസികളെ കൊണ്ടുവരുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് എയർപോർട്ട് ചാർജുകൾ ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്

New Update

തൃശൂര്‍:  പ്രവാസികളെ കൊണ്ടുവരുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് എയർപോർട്ട് ചാർജുകൾ ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ആവശ്യപ്പെട്ടു.

Advertisment

publive-image

ദുരിതത്തിലകപ്പെട്ട പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി തൃശ്ശൂർ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ നിയമലംഘന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാത്രക്കാരിൽനിന്ന് ഈടാക്കുന്ന എയർപോർട്ട് ചാർജിന്റെ 60% കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുള്ള വിഹിതവും 40% എയർപോർട്ട് കമ്പനിക്കുമാണ്. ഈ ചാർജുകൾ ഒഴിവാക്കിയാൽ മടങ്ങിവരുന്ന പ്രവാസികൾക്ക് അതൊരു ആശ്വാസമാകും.

പ്രവാസികൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അവരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. ഇക്കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമാണ് കേന്ദ്ര കേരള സർക്കാറുകളിൽ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി പരസ്പരം പഴി ചാരി വാഗ്വാദം തീർക്കുമ്പോൾ ദുരിതത്തിലാക്കുന്നത് പ്രവാസികളാണ് - മുഹമ്മദ് റഷീദ് പറഞ്ഞു.

നാട്ടിലേക്ക് തിരിച്ചു വരുന്ന അർഹരായ പ്രവാസികൾക്ക് ഇന്ത്യൻ സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയിൽ നിന്ന് ടിക്കറ്റ് തുക നൽകണമെന്ന കോടതി വിധി നടപ്പിലാക്കണമെന്ന് സമരത്തെ അഭിവാദ്യം ചെയ്ത ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. നിലവിൽ സ്പൈസ് ജെറ്റിന് മാത്രമാണ് സർവീസിന് അനുമതി നൽകിയിട്ടുള്ളത്.

ഗൾഫ് രാജ്യങ്ങളുടെ വിമാനകമ്പനികൾ സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അനുമതി നൽകിയിട്ടില്ല. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് മറ്റു വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം - ടി എൻ പ്രതാപൻ എം പി പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ എം സനൗഫൽ, ആർ എം മനാഫ്, ആർ കെ സിയാദ്, കെ കെ സക്കരിയ്യ, ടി എ ഫഹദ്, സലീം പുറക്കുളം, അഫ്സൽ യൂസഫ്, പി എ ഫഹദ് റഹ്മാൻ, വി എ അബ്ദുൽ അൻഷാദ് നേതൃത്വം നൽകി.

pravasi ticket
Advertisment