Advertisment

പ്രവാസികള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറന്‍റീന്‍ ഹോമുകള്‍ ഒരുക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങിവരുന്ന പ്രവാസികളില്‍ സ്വന്തമായി ഹോം ക്വാറന്‍റീന്‍ സൗകര്യമില്ലാത്തവര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറന്‍റീന്‍ ഹോമുകള്‍ ‍ഒരുക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. പാര്‍ട്ടി പഞ്ചായത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ജനകീയ ക്വാറന്റീന്‍ ഹോമുകള്‍ ഒരുക്കുക.

Advertisment

പ്രവാസികളെ ശത്രുക്കളും രോഗവാഹകരുമായി കാണുന്ന ദുഷ്ടലാക്കിനെ ജനങ്ങളെ അണിനിരത്തി നേരിടുന്നതാണ് ജനകീയ ക്വാറന്‍റീന്‍ ഹോമുകള്‍. പ്രവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ക്വാറന്‍റീന്‍ ഹോമുകളുടെ സുഗമമായ നടത്തിപ്പിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.

അടഞ്ഞുകിടക്കുന്ന വീടുകളും പ്രവാസികളുടെ വീടുകളുമൊക്കെ ഇതിനായി കണ്ടെത്തും. പ്രാദേശിക ഭരണകൂടങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ജനകീയ ക്വാറന്‍റീന്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുക. പാര്‍ട്ടി പ്രവര്‍ത്തകര്‍ വളണ്ടിയര്‍ സേവനം ഉറപ്പുവരുത്തും.

പ്രവാസികളുടെ മടങ്ങിവരുന്നതിന് കഴിയുന്ന രീതിയിലൊക്കെ വഴിമുടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യാത്രാ വിമാനങ്ങള്‍ക്ക് തടയിടാനുള്ള പരിശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ അവസാനിപ്പിച്ചും ഉള്ളതിന് തന്നെ ചാര്‍ജ് ഈടാക്കിയുമാണ് അടുത്ത തടസ്സം സൃഷ്ടിച്ചത്.

സര്‍ക്കാറിന്‍റെ തന്നെ ആശീര്‍വാദത്തോടെയും മന്ത്രിമാരുടെ പ്രസ്താവനകളിലൂടെയുമാണ് കേരളത്തില്‍ പ്രവാസി വിരുദ്ധ വികാരം ഉണ്ടാകുന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികള്‍ക്ക് എതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍.

പ്രവാസികളോടുള്ള സര്‍ക്കാരിന്‍റെ നിലപാട് ആത്മാര്‍ഥതയില്ലാത്തതാണെന്ന് വ്യക്തമായിരിക്കുന്നു. കൊവിഡ് ഭീതിയില്‍ കഴിയുന്ന പ്രവാസികളോടുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കരുതലാണ് ജനകീയ ക്വാറന്‍റീന്‍ ഹോമുകള്‍. നാടിന്‍റെ വികസനത്തിന് മുന്നില്‍ നടന്നവരുടെ കൈപിടിക്കാന്‍ കേരള ജനത മുന്നോട്ടുവരുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

--

pravasi welfare
Advertisment