"ബ്രിക്സ്": വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ സൗദി സംഘം ജോഹന്നാസ്ബർഗിലേയ്ക്ക് തിരിച്ചു

New Update
brics

ജിദ്ദ:   സുപ്രധാനമായ നിരവധി വിഷയങ്ങൾ രാജ്യാന്തര രംഗത്തെ ചൂടുപിടിപ്പിച്ചു കൊണ്ടിരിക്കേ, റഷ്യയും ചൈനയും ഇന്ത്യയും ഉൾപ്പെടുന്ന രാജ്യാന്തര "തിരുത്തൽ ശക്തി" യെന്ന ഛായയോടെ പതിനഞ്ചാമത് "ബ്രിക്സ്" ഉച്ചകോടി  വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ   ജൊഹാന്നസ്ബർഗിൽ ആരംഭിക്കും.   സമ്മേളനത്തിലേക്കുള്ള സൗദിയെ  പ്രതിനിധീകരിക്കുന്നത്  സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് സൽമാൻ രാജകുമാരന്റെ   പ്രതിനിധിയായി വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ രാജകുമാരനാണ്.   ഇതിനായി ഫൈസൽ രാജകുമാരൻ ചൊവാഴ്ച വൈകിട്ട് ജോഹന്നാസ്ബർഗിലേയ്ക്ക് പുറപ്പെട്ടു.   

Advertisment

വിദേശകാര്യ മന്ത്രാലയത്തിന്റെ വിവിധ അന്താരാഷ്ട്ര കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഡോ. അബ്ദുൾ റഹ്മാൻ അൽറാസി, വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ, അബ്ദുൾ റഹ്മാൻ അൽദാവൂദ്, ഡയറക്ടർ ജനറൽ ഓഫ് ഇന്റർനാഷണൽ  ഓർഗനൈസേഷൻസ് ഷഹർ അൽഖുനൈനി എന്നിവരും കൂടി  ഉൾപ്പെടുന്നതാണ് സൗദി സംഘം.

നേരത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂഡൽഹിയിൽ നിന്ന്  തിരിച്ചിരുന്നു.   ഇറാൻ പ്രസിഡണ്ട്  ഇബ്രാഹിം റഈസി  ബുധനാഴ്ച  ജോഹന്നാസ്ബർഗിലേയ്ക്ക്  തിരിക്കും.

 റഷ്യ, ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് അടിസ്ഥാന അംഗരാജ്യങ്ങൾ എങ്കിലും ബ്രിക്സ് പ്ലസ് എന്ന ബാനറിൽ  വേദിയുടെ വിപുലീകരിക്കാനുള്ള  തീരുമാനം  വ്യാഴാഴ്ചയിലെ ചർച്ചകളിൽ സുപ്രധാനമായിരിക്കും.    പടിഞ്ഞാറിന്റെ  അപ്രമാദിത്യത്തിനുള്ള  മറുമരുന്ന് എന്ന നിലയിലാണ്  ബ്രിക്സ്  നിര്ണായകമാവുന്നത്.  ഉച്ചകോടിയുടെ ഭാഗമായി, ബ്രിക്‌സ് പ്ലസ്, ബ്രിക്‌സ് ആഫ്രിക്ക ഡയലോഗുകളിൽ  അംഗ രാജ്യങ്ങളുടെ  സൗഹൃദ രാജ്യങ്ങളുടെ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്.   ഇതിന്റെ ഭാഗമായാണ്  സൗദി അറേബ്യ,  ഇറാൻ എന്നീ രാഷ്ട്രങ്ങളുടെ  ഉച്ചകോടിയിൽ പങ്കാളിത്തം.

ബ്രിക്സ്  വിപുലീകരിക്കുമ്പോൾ  സൗദിയും ഇറാനും  അതിൽ  പ്രധാന അംഗങ്ങളായിരിക്കും.   തുടർന്ന്,  രാജ്യാന്തര തലത്തിലും വിശിഷ്യാ  മിഡിൽ ഈസ്റ്റിലും  ഉണ്ടാവുക  ശാക്തിക അവസ്ഥ രാഷ്ട്രീയ, സൈനിക, സാമ്പത്തിക രംഗങ്ങളിലെ  പൊളിച്ചെഴുതായേക്കാം എന്നാണ്  പൊതുനിഗമനം.   ഒരു മൾട്ടിപോളാർ ലോകത്ത് പരസ്പരം പ്രയോജനകരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനാണ്  ബ്രിക്സ് ഉദ്യേശിക്കുന്നത്.

“ത്വരിത വളർച്ച, സുസ്ഥിര വികസനം, സമഗ്രമായ ബഹുമുഖത എന്നിവയ്‌ക്കായുള്ള പങ്കാളിത്തം” എന്ന പ്രമേയത്തിന് കീഴിലാണ് വ്യാഴാഴ്ചയിലെ  ബ്രിക്സ് പ്ലസ് ഡയലോഗ് പ്ലസ്,  ബ്രിക്സ്  ആഫ്രിക്ക ഉച്ചകോടി.    സമ്മേളനം രാജ്യാന്തര രംഗത്തെ നിരവധി സംഭവവികാസങ്ങളെക്കുറിച്ചും ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യും.

Advertisment