/sathyam/media/media_files/cv7pxqA0IS9DFfnuA4E0.jpeg)
ജിദ്ദ: ജൂൺ മധ്യത്തിൽ അരങ്ങേറുന്ന 2024 ലെ വിശുദ്ധ ഹജ്ജ് സംബന്ധിച്ച ഉഭയകക്ഷി കരാറിൽ ആതിഥേയ രാജ്യമായ സൗദി അറേബ്യയുമായി ഇന്ത്യ ഒപ്പിട്ടു. ജിദ്ദയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി സ്മൃതി ഇറാനി, സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅ എന്നിവരാണ് ഇൻഡോ സൗദി ഹജ്ജ് കരാർ 2024 ൽ ഒപ്പ് വെച്ചത്.
തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും ഹജ്ജ് കരാറിൽ ഉപചാരപൂർവം ഒപ്പിടാനായതിൽ അതീവ സന്തോഷമുണ്ടെന്നും പിന്നീട് മന്ത്രി സ്‌മൃതി പ്രസ്താവിച്ചു.
ഇന്ത്യയിൽ നിന്നെത്തുന്ന ഹാജിമാർക്ക് മെച്ചപ്പെട്ട നിലയിൽ ആരോഗ്യ, ഗതാഗത, താമസ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന വിഷയത്തിൽ ചർച്ചകളും നടപടികളും പുരോഗമിക്കുന്നതായും ഇന്ത്യൻ മന്ത്രി സൂചിപ്പിച്ചു. എന്നാൽ ഒപ്പിട്ട കരാറിലെ മറ്റു വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ തവണത്തെ അതെ ക്വാട്ട ഇത്തവണയും ഇന്ത്യക്ക് സൗദി അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒന്നേ മുക്കാൽ ലക്ഷം ഹാജിമാർക്ക് ഇത്തവണയും ഇന്ത്യയിൽ നിന്ന് വിശുദ്ധ മണ്ണിൽ എത്താം.
നേരത്തെ ഇന്ത്യ - സൗദി ഹജ്ജ് കരാർ ഒപ്പിടൽ ചടങ്ങിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവർ ജിദ്ദയിൽ എത്തിയിരുന്നു. ഇവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്ഷണിക്കപ്പെട്ടവരുടെ സദസ്സ് ജിദ്ദയിലെ ഒരു ആഡംബര ഹോട്ടലിൽ സംഘടിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us