സൗദിയിൽ ലുലു 33മത് ബ്രാഞ്ച് ആരംഭിച്ചു

New Update
lulu

ജിദ്ദ:  പതിനാല് വർഷങ്ങൾക്കിടയിൽ സൗദിയിൽ  മുപ്പത്തിമൂന്ന് ബ്രാഞ്ചുകൾ ആരംഭിക്കാനായതിലെ ആഘോഷത്തിലാണ് വിശ്വപൗരൻ യൂസുഫലിയുടെ  ലുലു.   കഴിഞ്ഞ ദിവസം   സൗദി കിഴക്കൻ പ്രവിശ്യയിലെ തന്ത്രപ്രധാനവും ചരിത്രപരവുമായ ഹഫ്ർ അൽബാത്തിൻ  നഗരത്തിലായിരുന്നു ഏറ്റവും ഒടുവിലായി ലുലു പുതിയ ഹൈപ്പർമാർക്കെറ്റ്  ഉദ്‌ഘാടനം ചെയ്തത്.    ഹഫ്ർ അൽബാത്തിൻ  ഗവർണർ മൻസൂർ മുഹമ്മദ് ബിൻ സഅദ് ആലുസഊദ് രാജകുമാരൻ ആയിരുന്നു ഉദ്‌ഘാടകൻ.   മേയർ എഞ്ചി. ഖലഫ് ഹംദാൻ അൽഒതൈബി സന്നിഹിതനായിരുന്നു.   

Advertisment

പൗരന്മാർക്കും നിക്ഷേപകർക്കും അഭിവൃദ്ധിപ്പെടാനുള്ള ശക്തമായ സാമ്പത്തിക സാഹചര്യങ്ങൾ  അനുസ്യൂതം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് സൗദി നേതൃത്വമെന്ന്  സ്വാഗത പ്രസംഗത്തിൽ ലുലു  ചെയർമാനും എം ഡിയുമായ  എം എ യൂസുഫലി നിരീക്ഷിച്ചു.   ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് സൽമാൻ രാജകുമാരൻ, കിഴക്കൻ പ്രവിശ്യാ ഗവർണർ സഊദ് ബിൻ നായിഫ് ആലുസഊദ്‌ രാജകുമാരൻ തുടങ്ങിയവർ നൽകിയ പിന്തുണയ്ക്ക്  യൂസുഫലി കടപ്പാട് അറിയിക്കുകയും ചെയ്തു.   

22

അൽഉതൈം മാളിൽ 120,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഹഫർ അൽബാതിൻ ലുലു  26 ചെക്ക്ഔട്ട് കൗണ്ടറുകളും 2500 കാർ പാർക്കിംഗ് സ്ഥലങ്ങളും കൂടി  ഉൾപ്പെട്ടതാണെന്നും  പ്രദേശത്തെ എല്ലാ തരത്തിലുമുള്ളവർക്കും സംതൃപ്തകരമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്നും  ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ച  ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് വിവരിച്ചു.

പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ അനുഗ്രഹമായ ലുലു അതിന്റെ സൗദിയിലെ  33  ബ്രാഞ്ചുകളിലായി  മൊത്തം 1,500 വനിതകൾ ഉൾപ്പെടെ  4,000 സൗദി പൗരന്മാരാണ് പണിയെടുക്കുന്നത്. 

കിഴക്കൻ പ്രവിശ്യാ റീജിയണൽ ഡയറക്ടർ  മോയിസ് നൂറുദ്ദീൻ, ലുലു ഉദ്യോഗസ്ഥന്മാർ എന്നിവരും സന്നിഹിതരായിരുന്നു.

Advertisment