/sathyam/media/media_files/4laCOnN5J355YIH4M91m.jpeg)
ജിദ്ദ: ചെങ്കടൽ മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളിലും യമനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ, ബ്രിട്ടീഷ് സേനകൾ നടത്തിയ വ്യോമാക്രമണങ്ങളിലും സൗദി അറേബ്യ "കടുത്ത ആശങ്ക” രേഖപ്പെടുത്തി.
ചെങ്കടൽ മേഖലയുടെ സുരക്ഷയും സുസ്ഥിരതയും അതിലൂടെയുള്ള സുരക്ഷിത ഗതാഗതവും രാജ്യാന്തര ആവശ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "കാരണം അവിടെയുണ്ടാവുന്ന അസ്ഥിരത മുഴുവൻ ലോകത്തിന്റെയും താൽപ്പര്യങ്ങൾക്ക് ഹാനികരമാണ്."
“മേഖലയിൽ നടക്കുന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ സംയമനം പാലിക്കാനും സംഘർഷം കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാനും” പ്രസ്താവനയിൽ എല്ലാവരോടും ആവശ്യപ്പെട്ടു.അന്താരാഷ്ട്ര നിയമങ്ങൾ എല്ലാ രാജ്യങ്ങളുടെ കപ്പലുകൾക്കും കടന്നുപോകുന്നതിനുള്ള സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു നൽകുന്നുണ്ടെന്നും അതിനാൽ അത് തടസ്സപ്പെടരുതെന്നും സൗദി ഊന്നിപ്പറഞ്ഞു.
ഏറ്റുമുട്ടലുകളും സംഘർഷങ്ങളും ഒഴിവാക്കി പ്രശ്നങ്ങൾക്ക് നയതന്ത്ര പരിഹാരം കാണുകയും അതിലൂടെ സുരക്ഷയും സമാധാനവും നിലനിർത്തുകയെന്നതുമാണ് മേഖലയിലെയും ലോകത്തെവിടെയുമുള്ള സംഘർഷങ്ങളിൽ സൗദിയുടെ പ്രഖ്യാപിതവും ഉറച്ചതുമായ നിലപാടെന്നും പ്രസ്താവന ആവർത്തിച്ചു.
മേഖലയിൽ ഏതെങ്കിലും നിലയിലെ സൈനിക നടപടികൾ പ്രതിസന്ധി സങ്കീർണ്ണമാക്കുമെന്നും അതൊഴിവാക്കാനും പിരിമുറുക്കം അവസാനിപ്പിക്കാനുള്ള വഴി തേടേണ്ടത് രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സൗദി ഉണർത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us