അയര്‍ലണ്ടില്‍ നടന്ന ലോക്കല്‍ ഇലക്ഷനില്‍ ജയിച്ചുകയറിയത് 18 മൈഗ്രന്റ് സ്ഥാനാര്‍ത്ഥികള്‍,ആറും ഇന്ത്യക്കാര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
editeddd

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നടന്ന ലോക്കല്‍ ഇലക്ഷനില്‍ നാല് മലയാളികളടക്കമുള്ള മൈഗ്രന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് മിന്നുന്ന ജയം. മല്‍സരാര്‍ത്ഥികളുടെ എണ്ണത്തിലെന്ന പോലെ വിജയത്തിലും റെക്കോഡ് വിജയമാണ് കുടിയേറ്റക്കാര്‍ നേടിയത്.

Advertisment

കുടിയേറ്റ പശ്ചാത്തലത്തില്‍ നിന്നും ഇക്കുറി 100 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.അവരില്‍ 18 പേര്‍ കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ജോലിയ്ക്കും മറ്റുമായി അയര്‍ലണ്ടിലെത്തിയവരാണ് ഇവിടുത്തെ പ്രാദേശിക ഭരണസമിതികളില്‍ ഇടം നേടിയത്.

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് പൊളിറ്റിക്കല്‍ പാര്‍ട്ടിസിപ്പേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തെരേസ ബുക്സ്‌കോവ്സ്‌ക വെളിപ്പെടുത്തി.2019ല്‍ മല്‍സരാര്‍ത്ഥികളുടെ എണ്ണം 56 ആയിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.

പാര്‍ട്ടികള്‍ പിന്തുണച്ചാല്‍ ജയം ഉറപ്പ്

ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണെന്നതും പ്രത്യേകതയാണ്. കുടിയേറ്റക്കാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചാല്‍ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് പറയുന്നു.

2019 ലെ തിരഞ്ഞെടുപ്പാണ് ഇത് ബോധ്യപ്പെടുത്തിയതെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് പ്രതിനിധി തെരേസ ബുക്സ്‌കോവ്സ്‌ക പറഞ്ഞു.

2019ല്‍ പകുതിയിലേറെ മൈഗ്രന്റ് സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായാണ് മത്സരിച്ചത്. 2024 ആയപ്പോഴേക്കും ഇവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. ഫിനഗേല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലിങ്ക്വിന്‍സ്റ്റര്‍ മറ്റത്തിലും, ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ജിതിന്‍ റാമും പരാജയപ്പെട്ടെങ്കിലും, ഫെല്‍ജിന്‍ ജോസ് (ഗ്രീന്‍ പാര്‍ട്ടി) ബേബി പെരേപ്പാടന്‍ ,പൂനം റാണെ. സുപ്രീയ സിംഗ് ,ബ്രിട്ടോ പെരേപ്പാടന്‍ (ഫിനഗേല്‍) തോമസ് ജോസഫ് (ലേബര്‍ പാര്‍ട്ടി) എന്നിവരെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്‍ ജയിച്ചുകയറി.

60 അംഗങ്ങളുള്ള ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ മേയറായി ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ഈ കാലയളവില്‍ തിരഞ്ഞെടുക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. പൂനം റാണെ സുപ്രീയ സിംഗ്, ഫെല്‍ജിന്‍ ജോസ് എന്നിവരാണ് തലസ്ഥാനത്തെ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

കുടിയേറ്റ സ്ഥാനാര്‍ത്ഥികളില്‍ വനിതകളുടെ എണ്ണവും കൂടി. കുടിയേറ്റ പശ്ചാത്തലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളില്‍ 55%വും സ്ത്രീകളാണ്. 2019ല്‍ ഇത് 45%മായിരുന്നു.

തെക്കന്‍ അമേരിക്കയില്‍ നിന്നും ,ആഫ്രിക്കയില്‍ നിന്നുമുള്ള നിരവധി സ്ഥാനാര്‍ത്ഥികളും മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. കുടിയേറ്റ സ്ഥാനാര്‍ത്ഥികള്‍ക്ക് ഐറിഷ് ജനത വലിയ പിന്തുണയാണ് നല്‍കുന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു.

ഗ്രീന്‍ പാര്‍ട്ടിയുടെ കാമറൂണ്‍ താരം

കുടിയേറ്റ പശ്ചാത്തലത്തില്‍ നിന്നുള്ള 16 പേരെയാണ് ഗ്രീന്‍ പാര്‍ട്ടി മത്സരിപ്പിച്ചത്. വിജയിച്ചവരില്‍ കോര്‍ക്ക് സിറ്റി കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ ഹോണര്‍ കാമേഗ്‌നിയാണ് താരം.മധ്യ ആഫ്രിക്കയിലെ കാമറൂണില്‍ നിന്നുള്ള അദ്ദേഹം 2002ല്‍ അയര്‍ലന്‍ഡിലെത്തിയതാണ്. 2006ല്‍ കോര്‍ക്കിലെത്തി.

കഴിഞ്ഞ 16 വര്‍ഷമായി അന്‍ പോസ്റ്റില്‍ പോസ്റ്റുമാനായി ജോലി ചെയ്തു വരുന്ന ഇദ്ദേഹം മൂന്നാം തവണയാണ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുന്നത്.

മൂന്നാം തവണയും നേടി ലേബറന്റെ സ്വന്തം എലീന

ലേബര്‍ ഈ വര്‍ഷം മത്സരിപ്പിച്ച 11 കുടിയേറ്റ സ്ഥാനാര്‍ത്ഥികളില്‍ മൂന്നു പേരും വിജയം നേടി. 2019ല്‍ നാല് സ്ഥാനാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്.വിജയികളായ ഗോള്‍വേ സിറ്റി ഈസ്റ്റിലെ ഹെലന്‍ ഒഗ്ബുവും ഡണ്‍ലെരിയിലെ തോമസ് ജോസഫും പുതുമുഖങ്ങളാണ്.

ലിമെറിക്ക് സിറ്റി ഈസ്റ്റില്‍ നിന്നും മൂന്നാം തവണയും വിജയിച്ച എലീന സെകാസാണ് വിജയിച്ച മൂന്നാമന്‍, ഇവരാണ് പാര്‍ട്ടിയുടെ താരവവും.

ഫിനാഫാളും 11 കുടിയേറ്റ സ്ഥാനാര്‍ത്ഥികളെയും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്-സോളിഡാരിറ്റി നാല് സ്ഥാനാര്‍ത്ഥികളെയും സോഷ്യല്‍ ഡെമോക്രാറ്റ്‌സ് മൂന്ന് സ്ഥാനാര്‍ത്ഥികളേയും മല്‍സര രംഗത്തിറക്കിയിരുന്നു.

Advertisment