താലയില്‍ 184 അപ്പാര്‍ട്ട്‌മെന്റുകള്‍ കുറഞ്ഞ വാടകയ്ക്ക് , അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ

New Update
hhhyuu788900oo

ഡബ്ലിന്‍ : താലയിലെ കുക്ക്‌സ്ടൗണ്‍ ഗേറ്റ്വേയില്‍ 184 റെന്റല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ നല്‍കാം. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന് 1,000 യൂറോ, സിംഗിള്‍ ബെഡിന് 1,225 യൂറോ,ഡബിള്‍ ബെഡ് അപ്പാര്‍ട്ട്‌മെന്റിന് 1,425യൂറോ എന്നിങ്ങനെയാണ് നിരക്ക്.

Advertisment

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ വഴി ഇപ്പോള്‍ അപേക്ഷിക്കാം. ഒരാഴ്ചത്തേക്ക് അപേക്ഷകള്‍ അപ് ലോഡ് ചെയ്യാം. ‘ഭാഗ്യവാന്മാരെ’ നറുക്കെടുപ്പിലൂടെയാകും തിരഞ്ഞെടുക്കുക.

റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിന്റെ 2023ലെ റെന്റ് ഇന്‍ഡക്‌സനുസരിച്ച് ഡബ്ലിനിലെ ശരാശരി വാടക 2,098യൂറോയാണ്. ഈ സാഹചര്യത്തില്‍ റെന്റല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി അപേക്ഷകരുടെ പ്രവാഹ മുണ്ടാകുമെന്നാണ് കരുതുന്നത്. നിശ്ചിത കാലാവധിയില്‍ യാതോരു പ്രശ്നവുമില്ലാതെ സുരക്ഷിതമായി താമസിക്കാനുള്ള അവസരമാണ് ഈ പദ്ധതി നല്‍കുന്നതെന്ന് എല്‍ ഡി എ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ കോള്‍മാന്‍ പറഞ്ഞു.

ലഭിക്കുന്നത് എ റേറ്റഡ് അപ്പാര്‍ട്ട്മെന്റുകള്‍

റെഡ് ലുവാസ് ലൈനിലെ കുക്ക്‌സ്ടൗണ്‍ സ്റ്റോപ്പിന് അഭിമുഖമായി കണ്ണായ സ്ഥലത്താണ് അപ്പാര്‍ട്ടുമെന്റുകള്‍. ഇവിടെ നിന്നും താല യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ദി സ്‌ക്വയര്‍ ഷോപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളിലേയ്ക്ക് നടക്കാവുന്ന ദൂരമേയുള്ളു.

ഡബ്ലിനില്‍ ഇപ്പോള്‍ താമസിക്കുന്ന 66,000 യൂറോയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും ഡബ്ലിന് പുറത്തു താമസിക്കുന്ന 59,000 യൂറോയും വരെ വരുമാനം ഉള്ളവര്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കായി അപേക്ഷിക്കാം. ലോട്ടറി അപേക്ഷാ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ടാല്‍ ആവശ്യമായ ഡോക്യുമെന്റേഷനുകള്‍ നല്‍കിയാല്‍ മതിയാകും.

ഒരു എല്‍ ഡി എ പ്രോജക്റ്റ് തൊസൈഗ് ഇനിഷ്യേറ്റിവ്

ലാന്റ് ഡെവലപ്‌മെന്റ് അസോസിയേഷന്റെ (എല്‍ ഡി എ) ‘പ്രോജക്റ്റ് തൊസൈഗ്’ എന്ന ഇനിഷ്യേറ്റിവാണ് ഇവിടെ വീടുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അഫോര്‍ഡബിള്‍, സോഷ്യല്‍ ഹൗസിംഗുകള്‍ ലഭ്യമാക്കുന്നതിനായി 2018ല്‍ സ്ഥാപിതമായ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊമേഴ്സ്യല്‍ ബോഡിയാണ് എല്‍ ഡി എ.

പൂര്‍ണ്ണ ആസൂത്രണ അനുമതി ലഭിച്ചിട്ടും സാമ്പത്തികമടക്കമുള്ള പരിമിതികള്‍ മൂലം സ്വകാര്യമേഖല ഉടമകള്‍ വികസിപ്പിക്കാത്ത സൈറ്റുകളാണ് എല്‍ ഡി എ ‘പ്രോജക്റ്റ് തോസൈഗ്’ ലക്ഷ്യമിടുന്നത്.2026 അവസാനത്തോടെ 5,000 അഫോര്‍ഡബിള്‍ ഭവനങ്ങളാണ് പദ്ധതി വഴി ഡബ്ലിനിലെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കാന്‍ കമ്പനി ഉന്നമിടുന്നത്.

ഇപ്പോള്‍ അപേക്ഷിക്കാം

താല കുക്‌സ് ടൗണിലെ കോസ്റ്റ് റെന്റല്‍ അപ്പാര്‍ട്ട്‌മെന്റിനായുള്ള ആപ്ലിക്കേഷന്‍ വ്യാഴാഴ്ച ഓപ്പണായി. https://lda.ie/affordable-homes/lda-cost-rental/cookstown-gateway എന്ന സൈറ്റിലൂടെ ജൂണ്‍ 27 വരെ അപേക്ഷിക്കാം. അര്‍ഹരായ അപേക്ഷകരില്‍ നിന്നും നറുക്കെടുപ്പ് വഴിയാവും തിരഞ്ഞെടുപ്പ് നടത്തുക.

Advertisment