അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവരില്‍ 20% കുടിയേറ്റത്തൊഴിലാളികള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbbbbnhj7999

ഡബ്ലിന്‍ : കുടിയേറ്റ വിരുദ്ധത വ്യാപകമായി പ്രചരിക്കപ്പെടുമ്പോഴും അയര്‍ലണ്ടിലെ വോട്ടര്‍മാരും നല്ലൊരു ശതമാനം രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും മൈഗ്രേഷനെ സപ്പോര്‍ട്ട് ചെയ്യുന്നവരാണെന്നാണ് സമീപകാല ഇലക്ഷന്‍ ഫലം തെളിയിച്ചത് .

Advertisment

നാടും വീടും വിട്ട് വിദേശത്തു നിന്നുമെത്തിയവര്‍ കാലങ്ങളായി അയര്‍ലണ്ടിന് നല്‍കിയത് അവരുടെ ജീവിതവും കഠിനാദ്ധ്വാനവുമാണ്. ഈ സത്യം അയര്‍ലണ്ടുകാര്‍ തിരിച്ചറിയുന്നു. സാമ്പത്തിക മേഖലയ്ക്കും രാജ്യത്തിനും ഇവര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിക്കും.

ആരോഗ്യ മേഖലയ്ക്ക് മാത്രമല്ല മറ്റ് തൊഴിലിടങ്ങള്‍ക്കും ബിസിനസുകാര്‍ക്കും നിര്‍മ്മാണ മേഖലയ്ക്കും മറ്റും കുടിയേറ്റക്കാര്‍ അവിഭാജ്യ ഘടകമാണ്. തൊഴില്‍ മേഖലകള്‍ വികസിക്കുന്നതിന് അനുസരിച്ച് സാങ്കേതികവിദഗ്ദ്ധരും സ്പെഷ്യലിസ്റ്റുകളുമെല്ലാം ഇവിടേയ്ക്കെത്തുന്നു.അയര്‍ലണ്ടിന്റെ സാമ്പത്തിക രംഗം വികസിക്കുന്നതിനനുസരിച്ച് അവസരങ്ങള്‍ കൂടുന്നു; കുടിയേറ്റക്കാരുടെ സംഭാവനകളും.

ഈ കണക്കുകള്‍ പറഞ്ഞു തരും

അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ ഇന്ന് ഒറ്റപ്പെട്ട തുരുത്തല്ല,ഇവിടെ ജോലി ചെയ്യുന്ന 2.7 മില്യണ്‍ ആളുകളില്‍, 20 ശതമാനവും നോണ്‍ ഐറിഷ് പൗരന്മാരാണ്.രാജ്യത്തെ ജോലി ചെയ്യുന്നവരുടെ അഞ്ചിലൊന്നാണിത്.

വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍, ഐറിഷ് പൗരന്മാരുടെ തൊഴില്‍ പങ്കാളിത്തം 1.7 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ നോണ്‍ ഐറിഷുകാരുടേത് 15 ശതമാനമാണ് കൂടിയത്.

വ്യവസായം (14%), ആരോഗ്യം (13.4%), റീട്ടെയില്‍, ഹോള്‍ സെയില്‍ (12.4%), ടെക്നിക്കല്‍ (11.4%) എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നോണ്‍ ഐറിഷ് കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്ന് സി എസ് ഒ കണക്കുകള്‍ പറയുന്നു.നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, ഷെഫുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത്.

കുടിയേറ്റക്കാരില്ലാതെ അയര്‍ലണ്ടുണ്ടോ…

രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ജനസംഖ്യാപരമായ വെല്ലുവിളികളെ നേരിടുന്നതിനും നൈപുണ്യമുള്ള, അന്തര്‍ദേശീയ തൊഴിലാളികളെ കൂടുതല്‍ അയര്‍ലണ്ടിലേയ്ക്ക് എത്തിച്ചേ മതിയാകൂ.

പ്രായമാകുന്ന ജനസംഖ്യയുടെ വര്‍ദ്ധനവും 2050ഓടെയുള്ള വര്‍ദ്ധിച്ച (2:1) ജീവനക്കാര്‍- പെന്‍ഷനര്‍ അനുപാതവും നേരിടാന്‍ അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആശ്രയിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

ലോകമെമ്പാടും പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് കെയര്‍ തൊഴിലാളികള്‍ക്കായി കടുത്ത മത്സരം നേരിടേണ്ടതായി വരും.

ഇപ്പോള്‍ത്തന്നെ ഹെല്‍ത്ത് കെയര്‍ രംഗത്ത് വലിയ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് അയര്‍ലണ്ട്.അതിനാല്‍ പ്രൊഫഷണല്‍ കെയര്‍ ജീവനക്കാരെ കണ്ടെത്താന്‍ അയര്‍ലണ്ടിനെ കുടിയേറ്റക്കാരെ ആശ്രയിക്കാതിരിക്കാനാവില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

Advertisment