അയര്‍ലണ്ടിലെ ആശുപത്രികളില്‍ 3,352 കൂടുതല്‍ ബെഡ്ഡുകള്‍ കൂടി അനുവദിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
cxhcbxjc7654

ഡബ്ലിന്‍ : റിക്രൂട്ട്‌മെന്റ് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായതിനിടെ രാജ്യമെമ്പാടുമുള്ള ആശുപത്രികളിലായി കൂടുതല്‍ കിടക്കകള്‍ അനുവദിച്ച് സര്‍ക്കാര്‍.അതേ സമയം ജീവനക്കാരെ നിയമിക്കാതെ കൂടുതല്‍ ബഡുകള്‍ അനുവദിച്ചിട്ട് ഒരു കാര്യവുമില്ലെന്ന വിമര്‍ശനവുമായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ ( ഐ എന്‍ എം ഒ) രംഗത്തുവന്നു.

Advertisment

വര്‍ഷം തുടങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും എച്ച്എസ്ഇയും ആരോഗ്യ വകുപ്പും 2024ലെ ഫണ്ടഡ് വര്‍ക്ക്ഫോഴ്സ് പ്ലാന്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ രീതി പ്രശ്നം ഉടനെയൊന്നും പരിഹരിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

കില്‍കെന്നിയിലെ സെന്റ് ലൂക്സ് ഹോസ്പിറ്റലിന് 82 കിടക്കകളും കില്‍ക്രീന്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റലിന് 18 കിടക്കകളും ഇക്കൂട്ടത്തില്‍ അനുവദിച്ചിട്ടുണ്ട്.

കൂനിന്മേല്‍ കുരുപോലെ അധിക ബെഡ്ഡുകള്‍

രാജ്യവ്യാപകമായി 3,352 കൂടുതല്‍ കിടക്കകളനുവദിച്ചെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നഴ്സുമാരുടെ ആശങ്കകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കാരണം ഇപ്പോള്‍ത്തന്നെ രോഗികളുടെ തിരക്ക് നിയന്ത്രിക്കാന്‍ പെടാപ്പാടു പെടുകയാണ് നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും.

അതിനിടെയാണ് കൂടുസല്‍ ബെഡ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. 2957 പുതിയ ബെഡുകളും 355 റിപ്ലേയ്സ്മെന്റ് ബെഡുകളുമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.

നിര്‍മ്മാണത്തിലുള്ള 1,015 ആശുപത്രി കിടക്കകള്‍ക്ക് പുറമേയാണിത്.

ജീവനക്കാരില്ലാതെ കിടക്കകള്‍ കൊണ്ടെന്ത് കാര്യം

കിടക്കകള്‍ അനുവദിക്കുന്നതൊക്കെ നല്ലതാണ് എന്നാല്‍ ആവശ്യത്തിന് സ്റ്റാഫില്ലാതെ ഇവ എങ്ങനെ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് വ്യക്തമാക്കണമെന്ന് ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷിഗ്ദ പറഞ്ഞു.

അക്യൂട്ട് മെഡിക്കല്‍/സര്‍ജിക്കല്‍ ബെഡിന് കുറഞ്ഞത് ഒരു നഴ്‌സിനെയെങ്കിലും അധികമായി വേണം. കൂടാതെ തീവ്രപരിചരണ വിഭാഗത്തില്‍ ഒരു രോഗിക്ക് ഏഴ് നഴ്‌സുമാരെ കൂടി ആവശ്യമാണ്.ഈ കുറവുകള്‍ ഉടന്‍ പരിഹരിക്കണം.

ബിരുദ നഴ്‌സിംഗ്, മിഡൈ്വഫറി തസ്തികകള്‍ വര്‍ദ്ധിപ്പിക്കണം.നഴ്‌സിംഗ്, മിഡൈ്വഫറി ഗ്രേഡുകള്‍ക്ക് എച്ച്എസ്ഇ ഏര്‍പ്പെടുത്തിയ റിക്രൂട്ട്‌മെന്റ് ഉപരോധം ഉടനടി നീക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച യാതൊന്നും കാണുന്നില്ല. തൊഴിലാളികളില്ലാതെ അധിക കിടക്കകള്‍ പ്രഖ്യാപിക്കുന്നതില്‍ കാര്യമില്ലെന്നും ഇവര്‍ പറഞ്ഞു.

Advertisment