ഡബ്ലിനിലെത്തിയ രണ്ടായിരത്തോളം അഭയാര്‍ത്ഥികളെ കാണാനില്ല !, ഒരു കണക്കുമില്ല ഒന്നിനും…

New Update
76543wsdcvb

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ മേഖലയില്‍ അഭയാര്‍ത്ഥികളായെത്തിയ രണ്ടായിരത്തോളം പുരുഷന്മാര്‍ എവിടേയ്ക്ക് പോയെന്ന കൃത്യമായ വിവരം ലഭ്യമാവാതെ അധികൃതര്‍. താമസ സൗകര്യമില്ലാതെ അഭയാര്‍ത്ഥികള്‍ പലയിടങ്ങളിലായി ചുറ്റിക്കറങ്ങുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Advertisment

ഡബ്ലിനില്‍ മൗണ്ട് സ്ട്രീറ്റിലും ഗ്രാന്റ് കനാല്‍ റോഡിലും കൂടാരത്തില്‍ താമസിച്ചിരുന്ന കുറെയേറെ ആളുകളെ അവിടെ നിന്നും പലപ്പോഴായി ഒഴിപ്പിച്ചിരുന്നു.എന്നിട്ടും ബാക്കിയായ ഇവരില്‍ കുറേപ്പേര്‍ ഇപ്പോഴും ഗ്രാന്റ് കനാല്‍ റോഡരികിലെ കൂടാരങ്ങളിലുണ്ട്. ബാക്കിയുള്ളവര്‍ എവിടെപ്പോയെന്നതിനെക്കുറിച്ചുള്ള സന്നദ്ധപ്രവര്‍ത്തകരുടെ സംശയങ്ങളാണ് ചോദ്യങ്ങളാകുന്നത്.

പലയിടങ്ങളിലായി അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ട്. ചിലര്‍ പള്ളികളില്‍ ,മറ്റു ചിലര്‍ ഹോസ്റ്റലുകളില്‍, കുറേപ്പേര്‍ സ്ട്രീറ്റുകളില്‍… ഒരു കണക്കുമില്ല, ഒന്നിനും. ഇതാണ് ഈ അഭയാര്‍ത്ഥികളൊക്കെ എവിടെപ്പോയി എന്നതിനെക്കുറിച്ചുള്ള സംശയമുയര്‍ത്തുന്നത്. പാകിസ്ഥാന്‍, സോമലിയ, പാലസ്തീന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയം കാത്ത് കഴിയുന്നുണ്ട്.

ഇവരില്‍ ചിലരൊക്കെഎല്ലാ ദിവസവും ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസിലെത്തി വിവരങ്ങള്‍ അപ് ഡേറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷത്തെക്കുറിച്ചും നഗരസഭകൾക്കോ, സർക്കാരിനോ വിവരമില്ല.

ക്രൂക്ക്സ്ലിംഗിലും ഡണ്‍ഡ്രമിലെ മുന്‍ സെന്‍ട്രല്‍ മെന്റല്‍ ഹോസ്പിറ്റല്‍ സൈറ്റിലുമാണ് അഭയാര്‍ത്ഥികള്‍ക്ക് ടെന്റുകള്‍ നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ഏപ്രില്‍ 30 മുതല്‍ മൗണ്ട് സ്ട്രീറ്റിലും ഗ്രാന്‍ഡ് കനാലിനരികിലും അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകര്‍ക്ക് താമസ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇവര്‍ക്കാണ് താമസസൗകര്യം നല്‍കുന്നതില്‍ മുന്‍ഗണനയെന്നും ഇന്റഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നു.വ്യക്തമായ മുന്‍ഗണനാ പട്ടികയുണ്ടെന്നും ഹോംലെസ്സ് ഡേ സര്‍വ്വീസുകളും ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സിലുമൊക്കെ ഇതിനോടൊപ്പമുണ്ടെന്നും വകുപ്പ് പറയുന്നു. എന്നാല്‍ ആ ലിസ്റ്റില്‍ നിലവില്‍ എത്ര പേരുണ്ട് എന്നതടക്കമുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്താനാകില്ലെന്നുമാണ് വിശദീകരണം .

Advertisment