അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകളടക്കമുള്ള പുതിയ വാഹനങ്ങളുടെ വില്‍പ്പന കുത്തനെ കുറയുകയാണോ?

New Update
nhjuiiiiiiiii8

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകളടക്കമുള്ള പുതിയ വാഹനങ്ങളുടെ വില്‍പ്പന കുത്തനെ കുറയുകയാണോ? ജൂണില്‍ വാഹനങ്ങളുടെ രജിസ്ട്രേഷനുകളില്‍ 50%കുറവുണ്ടായതാണ് ഈ ചോദ്യമുയര്‍ത്തുന്നത്.

Advertisment

ഈ വര്‍ഷം ഇതുവരെയുള്ള രജിസ്ട്രേഷനില്‍ മൊത്തത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ സമയവുമായി തട്ടിച്ചുനോക്കുമ്പോഴും ജൂണുമായി ഒത്തുനോക്കുമ്പോഴും വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ കുറവ് വാഹനവിപണിയിലെ മാന്ദ്യം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2,990 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനുമാണ് നടന്നത്.ഇത് 1499 ആയാണ് കുറഞ്ഞത്.ജൂണില്‍ 692 പുതിയ ഇലക്ട്രിക് കാറുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സിമി(സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രി)യുടെ കണക്കുകള്‍ പറയുന്നു.2023 ജൂണിനെ (1,432) അപേക്ഷിച്ച് 52% ഇടിവാണിത്.

ഈ വര്‍ഷം ഇതുവരെ 78,942 കാറുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് കണക്കുകള്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഇതേ മാസം 77,602കാറുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. മൊത്തത്തില്‍ 1.7 ശതമാനം വര്‍ധനവുണ്ടായി.

ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷനും കുറഞ്ഞു

ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷനും കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 10,747 പുതിയ ഇലക്ട്രിക് കാറുകളാണ് വിപണിയിലെത്തിയത്.2023ല്‍ 14,307 ഇലക്ട്രിക് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് 25% കുറവുണ്ടായത്.

പെട്രോള്‍ കാറുകള്‍ 32.96%, ഡീസല്‍ 22.89%, തുടര്‍ന്ന് ഹൈബ്രിഡ് (പെട്രോള്‍ ഇലക്ട്രിക്) 20.11%, ഇലക്ട്രിക് 13.61%, പ്ലഗ്-ഇന്‍ ഇലക്ട്രിക് ഹൈബ്രിഡ് 8.83% എന്നിങ്ങനെയാണ് പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിയത്.

സെക്കന്റ്ഹാന്റ് കാറുകളുടെ വില്‍പ്പന കൂടി

അതേ സമയം, ഇറക്കുമതി ചെയ്ത സെക്കന്റ്ഹാന്റ് കാറുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതായി സിമി പറയുന്നു.കഴിഞ്ഞ വര്‍ഷം, ഇതേ സമയം രജിസ്റ്റര്‍ ചെയ്തത് 4,228 യൂസ്ഡ് കാറുകളായിരുന്നു.ഈ ജൂണില്‍ ഇത്തരം കാറുകളുടെ വില്‍പ്പന 5,165 ആയി.22.2%മാണ് കൂടിയത്.

2023ല്‍ 25,025 യൂസ്ഡ് കാറുകളാണ് മൊത്തത്തില്‍ ഇറക്കുമതി ചെയ്തത്.ഇതുവരെയുള്ള കണക്കനുസരിച്ച് 31,372 സെക്കന്റ് ഹാന്റ് വാഹനങ്ങള്‍ വിപണിയിലെത്തി.25.4% വര്‍ധനവാണിത്.

ജനപ്രിയ ബ്രാന്റുകളും മോഡലുകളും

ടൊയോട്ട, ഫോക്‌സ്വാഗണ്‍, സ്‌കോഡ, ഹ്യൂണ്ടെയര്‍, കിയ എന്നിവയാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ ബ്രാന്‍ഡുകള്‍.ഹ്യൂണ്ടായ് ട്യൂസണ്‍, സ്‌കോഡ ഒക്ടാവിയ, കിയ സ്‌പോര്‍ട്ടേജ്, ടൊയോട്ട റാവ് 4, ടൊയോട്ട യാരിസ് ക്രോസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ വിപണിയിലെത്തിയ ജനപ്രിയ കാര്‍ മോഡലുകള്‍.

ഫോക്‌സ്വാഗണ്‍, ടെസ്ല, ഹ്യുണ്ടായ്, ബിവൈഡി, കിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച അഞ്ച് ഇ വി ബ്രാന്‍ഡുകള്‍. ഫോക്‌സ്വാഗണ്‍ ഐഡി. 4, ടെസ്ല മോഡല്‍ വൈ, ടെസ്ല മോഡല്‍ 3, ഹ്യൂണ്ടായ് കോന, എം ജി എന്നീ ഇ വി മോഡലുകളും വിപണി കീഴടക്കി.

ഇലക്ട്രിക്കിലേയ്ക്കുള്ള പരിവര്‍ത്തനത്തെ സഹായിക്കുന്നതിന് കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകളും പിന്തുണയും ആവശ്യമാണെന്നാണ് കാര്‍ വിപണി വിളിച്ചുപറയുന്നതെന്ന് സിമി ഡയറക്ടര്‍ ജനറല്‍ ബ്രയാന്‍ കുക്ക് പറഞ്ഞു.

Advertisment