ബ്ലൂ ടംഗ് രോഗം : ഐറിഷ് ബീഫിന്റെ ഇറക്കുമതി ചൈന നിരോധിച്ചു

New Update
J

ഡബ്ലിന്‍: അയര്‍ലണ്ടിലെ കന്നുകാലികളില്‍ ബ്ലൂ ടംഗ് രോഗം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഐറിഷ് ബീഫിന്റെ ഇറക്കുമതി ചൈന നിരോധിച്ചു.കഴിഞ്ഞയാഴ്ച വെക്‌സ്‌ഫോര്‍ഡിലാണ് ബ്ലൂ ടംഗ് പൊട്ടിപ്പുറപ്പെട്ടതായി കണ്ടെത്തിയത്.അയര്‍ലണ്ടിലെ ഒരു പശുവില്‍ ബി എസ് ഇയുടെ അസാധാരണ കേസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2024 സെപ്റ്റംബര്‍ മുതല്‍ ചൈന ബീഫ് ഇറക്കുമതി നിര്‍ത്തിയിരുന്നു. ഇത് പുനരാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ മോശം വാര്‍ത്തയെത്തുന്നത്.

Advertisment

കൗണ്ടിയിലെ മൂന്ന് കന്നുകാലിക്കൂട്ടങ്ങളില്‍ക്കൂടി കൂടുതല്‍ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു.2026 ജനുവരി 27 മുതല്‍ അയര്‍ലണ്ടില്‍ നിന്നുള്ള ബീഫിന്റെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചൈന അറിയിച്ചെന്ന് കൃഷി മന്ത്രി സ്ഥിരീകരിച്ചു.തീര്‍ത്തും നിരാശാജനകമായ വാര്‍ത്തയാണിതെന്നും ബെയ്ജിംഗ് കൃഷി വകുപ്പും ഐറിഷ് എംബസിയും ചേര്‍ന്ന് സസ്‌പെന്‍ഷന്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വെക്‌സ്‌ഫോര്‍ഡിലെ മൂന്ന് കന്നുകാലികളില്‍ കൂടി പരിശോധനയില്‍ ബ്ലൂ ടംഗ് രോഗം കണ്ടെത്തി.ഇവയെല്ലാം രോഗം കണ്ടെത്തിയ ആദ്യ കന്നുകാലിക്കൂട്ടത്തിന് സമീപമുള്ളവയാണ്.ആദ്യ കന്നുകാലിക്കൂട്ടത്തില്‍ ഏഴ് കന്നുകാലികള്‍ക്കാണ് രോഗം ബാധിച്ചത്. ഈ മൃഗങ്ങളിലൊന്നും ബ്ലൂ ടംഗ് രോഗത്തിന്റെ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല.നിരീക്ഷണം തുടരുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ റിസള്‍ട്ടുകള്‍ ലഭിക്കുമെന്നും വകുപ്പ് പറഞ്ഞുകന്നുകാലികള്‍, ചെമ്മരിയാടുകള്‍,ആട്, മാന്‍ എന്നിവയില്‍ കാണുന്ന മൃഗ രോഗമാണ് ബ്ലൂ ടംഗ് രോഗം.മനുഷ്യന്റെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്ക്കോ ഇത് അപകടമുണ്ടാക്കില്ല.എന്നിരുന്നാലും രോഗരഹിത പദവി ആവശ്യമായതിനാല്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലേക്കുള്ള കന്നുകാലികളുടെയും ആടുകളുടെയും കയറ്റുമതിയെ ഇത് ബാധിക്കും.യു എ ഇ പോലുള്ള ചെറിയ വിപണികളിലേക്കുള്ള കയറ്റുമതിയും 12 മാസത്തേക്ക് നിര്‍ത്തും.

ബ്ലൂ ടംഗ് പകര്‍ച്ചവ്യാധിയല്ല, മിഡ്ജുകള്‍ വഴിയാണ് പ്രധാനമായും പകരുന്നത്.രോഗബാധിതനായ മിഡ്ജ് അത് അത് കടിക്കുന്ന അടുത്ത മൃഗത്തിലേക്കെത്തും. 12 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനിലയില്‍ മിഡ്ജിന് പെരുകാന്‍ കഴിയില്ല.നിലവില്‍ താപനില കുറവായതിനാല്‍ അണുബാധ വ്യാപകമായി പടരാന്‍ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

Advertisment