കത്തീഡ്രല്‍ ആസ്ഥാനമില്ലാതെ ഡബ്ലിനിലെ കത്തോലിക്കാ സഭ :ലെയോ മാർപാപ്പ ഇടപെട്ടേക്കും

New Update
F

ഡബ്ലിന്‍: ദീര്‍ഘകാലമായി പരിഹരിക്കാതെ അവശേഷിക്കുന്ന ഡബ്ലിന്‍ അതിരൂപതയ്ക്ക് ഒരു കത്തീഡ്രല്‍ ആസ്ഥാനമെന്ന പ്രശ്നത്തില്‍ ലിയോ മാര്‍പ്പാപ്പയുടെ ഇടപെടലുണ്ടാകുമോയെന്നാണ് അയര്‍ലണ്ടിലെ കത്തോലിക്കാ സഭാ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. റിഫോര്‍മേഷനെ തുടര്‍ന്ന് 500വര്‍ഷമായി ഡബ്ലിന്‍ അതിരൂപതയ്ക്ക് ഒരു കത്തീഡ്രല്‍ ആസ്ഥാനം ഇല്ലാത്തതിന്റെ പരിഹാരമാണ് വിശ്വാസി സമൂഹം ആവശ്യപ്പെടുന്നത്.

Advertisment

2021ല്‍ ഡെര്‍മോട്ട് ഫാരെല്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായപ്പോള്‍ ഡബ്ലിനിലെ കത്തോലിക്കാ കത്തീഡ്രല്‍ ആസ്ഥാനം വന്‍ ചര്‍ച്ചയായിരുന്നു. ആര്‍ച്ച്ബിഷപ്പ് താല്‍പ്പര്യമുള്ളവരില്‍ നിന്ന് അഭിപ്രായങ്ങളും സ്വീകരിച്ചു. അതനുസരിച്ച് ഒടുവില്‍ പ്രോ കത്തീഡ്രലിനെ ഔദ്യോഗിക കത്തീഡ്രലായി നിര്‍ദ്ദേശിക്കണമെന്നും വെസ്റ്റ് ലാന്റ് റോയിലെ സെന്റ് ആന്‍ഡ്രൂസിനെ മൈനര്‍ ബസിലിക്കയോ പ്രത്യേക പ്രാധാന്യമുള്ള പള്ളിയോ ആക്കണമെന്നും തീരുമാനിച്ചു.ഈ നിര്‍ദ്ദേശം അനുമതിക്കായി വത്തിക്കാന് സമര്‍പ്പിച്ചു. ഈ ഫയലില്‍ ലിയോ മാര്‍പ്പാപ്പ തീരുമാനമെടുക്കുമെന്ന് തന്നെയാണ് ഏവരും കരുതുന്നത്. പ്രോ കത്തീഡ്രലിന്റെ 200ാം വാര്‍ഷികാഘോഷവേളയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും കരുതുന്നു.

പ്രൊട്ടസ്റ്റന്റ് മതത്തിന്റെ തുടക്കത്തിനും തുടര്‍ന്നുള്ള ശിക്ഷാ നിയമങ്ങള്‍ക്കും ശേഷം ആ സമയത്ത് ഡബ്ലിനിലെ കത്തോലിക്കാ ജനതയ്ക്ക് ഒരു കത്തീഡ്രല്‍ ഉണ്ടായിരുന്നില്ല.താല്‍ക്കാലിക ക്രമീകരണമായാണ് 1825ല്‍ ഡബ്ലിനിലെ സെന്റ് മേരീസ് പ്രോ കത്തീഡ്രല്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ അതിന്റെ ദ്വിശതാബ്ദിയഘോഷിക്കുകയാണ്. ഈ ഘട്ടത്തില്‍ ഔദ്യോഗിക കത്തോലിക്കാ കത്തീഡ്രലായി ഇതിനെ നാമനിര്‍ദ്ദേശം ചെയ്യാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.

ഒ കോണല്‍ സ്ട്രീറ്റിനോട് ചേര്‍ന്നുള്ള നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ മാള്‍ബറോ സ്ട്രീറ്റിലാണ് ഡബ്ലിനിലെ കത്തോലിക്കാ പ്രൊ കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്.19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അത്ര ശ്രദ്ധേയമല്ലാത്തയിടത്താണ് സെന്റ് മേരീസ് പ്രോ കത്തീഡ്രല്‍ സ്ഥാപിച്ചത്. ഒ കോണല്‍ സ്ട്രീറ്റില്‍ ജിപിഒ സ്ഥിതി ചെയ്യുന്നിടത്ത് സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടത്.എന്നാല്‍, 1798-ലെ കലാപത്തിന് ശേഷവും കത്തോലിക്കര്‍ക്കെതിരായ ചില ശിക്ഷാ നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു.ഇതു പരിഗണിച്ചാണ് മാള്‍ബറോ സ്ട്രീറ്റിലെ ശാന്തമായ ഒരു സ്ഥലത്ത് പ്രോ കത്തീഡ്രല്‍ സ്ഥാപിച്ചതെന്ന് അഡ്മിനിസ്ട്രേറ്ററായ ഫാ. കീരന്‍ മക ്ഡെര്‍മോട്ട് പറഞ്ഞു. താല്‍ക്കാലികമെന്ന നിലയിലായിരുന്നു ഇത്. അതിനാലാണ് പ്രോ എന്ന് ചേര്‍ത്തതെന്നും ഇദ്ദേഹം പറയുന്നു.

നവീകരണ കാലഘട്ടത്തിനുമുമ്പ് കത്തോലിക്കാസഭയുടെ ആസ്ഥാനം ക്രൈസ്റ്റ് ചര്‍ച്ചായിരുന്നു. കത്തോലിക്കാ ഡബ്ലിന്‍ അതിരൂപതയുടെ ചരിത്രം തുടങ്ങുന്നത് തന്നെ ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രലിലും 1152ല്‍ പോപ്പ് നിയമിച്ച ഡബ്ലിനിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പ് ഗ്രിഗറിയിലുമാണ്.

എന്നാല്‍ പ്രൊട്ടസ്റ്റന്റുകള്‍ പേപ്പസിയില്‍ നിന്ന് വേര്‍പിരിഞ്ഞപ്പോള്‍, ക്രൈസ്റ്റ് ചര്‍ച്ചും സെന്റ് പാട്രിക്സ് കത്തീഡ്രലും ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ സ്വത്തായി.അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ക്രൈസ്റ്റ് ചര്‍ച്ച് അയര്‍ലന്‍ഡ് ചര്‍ച്ച് ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനമായും സെന്റ് പാട്രിക്സ് ഐറിഷ് ദ്വീപിലെ കൊളീജിയറ്റ് ചര്‍ച്ചായും തുടരുന്നു.

1825ല്‍ മാല്‍ബറോ സ്ട്രീറ്റിലെ സെന്റ് മേരീസ് കെട്ടിടം പൂര്‍ത്തിയായതോടെയാണ് കത്തോലിക്കര്‍ക്ക് അവരുടെ താല്‍ക്കാലിക കത്തീഡ്രല്‍ ലഭിക്കുന്നത്.300 വര്‍ഷം മുമ്പായിരുന്നു അത്.വാസ്തുശില്പി ആരാണെന്ന് അറിയില്ല.പി എന്ന സൈന്‍ മാത്രമേയുള്ളു.പി എന്നത് പാരീസാണെന്നും വാസ്തുശില്പി നെപ്പോളിയന്റെ ശില്പിയായ ലൂയിസ്-ഹിപ്പോലൈറ്റ് ലെബാസ് ആണെന്നും കരുതുന്നു.ലെബാസ് രൂപകല്‍പ്പന ചെയ്ത പാരീസിലെ നോട്രെ-ഡാം-ഡി-ലോറെറ്റ് പള്ളിയുമായി പ്രോ കത്തീഡ്രലിന് സാമ്യമുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു

ഡബ്ലിനില്‍ സ്ഥിരം കത്തോലിക്കാ കത്തീഡ്രല്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളായി നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു.1930കളില്‍ മെറിയോണ്‍ സ്‌ക്വയറില്‍ കത്തോലിക്കാ സഭയുടെ കത്തീഡ്രല്‍ നിര്‍മ്മിക്കുന്നതിനായി ആര്‍ക്കിടെക്ച്വല്‍ മത്സരം നടന്നതായി എഫ്‌കെപി ആര്‍ക്കിടെക്റ്റിലെ കോള്‍ം റെഡ്മണ്ട് പറഞ്ഞു.എന്നാല്‍ അത് നിര്‍മ്മിക്കപ്പെട്ടില്ല.

പ്രോ കത്തീഡ്രലിന്റെ ക്രിപ്റ്റില്‍ മുന്‍ ആര്‍ച്ച് ബിഷപ്പുമാര്‍, കോര്‍ബാലിസ്, സ്വീറ്റ്മാന്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ പോലുള്ള പ്രമുഖ കത്തോലിക്കര്‍, തദ്ദേശവാസികള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 1,000 പേരുടെ അന്ത്യവിശ്രമസ്ഥലമുണ്ട്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ദേശീയ പ്രാധാന്യമുള്ള കെട്ടിടമാണ് പ്രോ കത്തീഡ്രല്‍. അയര്‍ലന്‍ഡിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തീഡ്രല്‍ സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ മയക്കുമരുന്നുപയോഗവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നോര്‍ത്തേണ്‍ നഗരത്തില്‍ ഇപ്പോള്‍ കത്തീഡ്രലിന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. കത്തീഡ്രലിന്റെ പ്രഖ്യാപനം ഉണ്ടായാല്‍ അതിനെ ആഘോഷമാക്കാനാണ് സഭാ നേതൃത്വത്തിന്റെ ആലോചന.

Advertisment