അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളെത്തും

New Update
777777777u

ഡബ്ലിന്‍ : അനധികൃതമായി അയര്‍ലണ്ടിലെത്തിയവരെ നാടുകടത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍.ഇവരെ കൊണ്ടുപോകുന്നതിനുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി സര്‍ക്കാര്‍ ടെന്റര്‍ ക്ഷണിച്ചു.ടെന്റര്‍ സമര്‍പ്പിക്കേണ്ട കാലാവധി നാളെ അവസാനിക്കും.

Advertisment

കാറ്ററിംഗ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെ ഗ്രൗണ്ട് സപ്പോര്‍ട്ടും ആവശ്യമായി വന്നാല്‍ യാത്രികര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാനുള്ള ശേഷിയുമുള്ള ചാര്‍ട്ടേഡ് ഫ്ളൈറ്റ് സര്‍വ്വീസുകളാണ് സര്‍ക്കാര്‍ തേടുന്നത്. ടെന്ററില്‍ ഇതിനുള്ള വ്യവസ്ഥയുണ്ട്. ഈ വര്‍ഷാവസാനം പദ്ധതി തുടങ്ങാനാകുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം 860 നാടുകടത്തല്‍ ഉത്തരവുകളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 295ലേറെ ആളുകളെ ഇതിനകം പുറത്താക്കിയെന്ന് ജസ്റ്റിസ് വകുപ്പ് പറയുന്നു.അവശേഷിക്കുന്നവരെ അതിര്‍ത്തി കടത്താനാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍ക്കാര്‍ തേടുന്നത്.

സ്വന്തം നിലയില്‍ രാജ്യം വിടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ (97)കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരക്കാരുടെ എണ്ണം ഇരട്ടിയിലേറെ(227) വര്‍ദ്ധിച്ചെന്നും വകുപ്പ് വ്യക്തമാക്കുന്നു.എന്നാല്‍ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരാണ് ദിനം പ്രതി അയര്‍ലണ്ടില്‍ എത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പലസ്തീനില്‍ നിന്നുള്ളവരാണ് ലണ്ടന്‍ -ബെല്‍ഫാസ്റ്റ് വഴി അയര്‍ലണ്ടിലേക്ക് കടക്കുന്നവരില്‍ അധികവും.ഇവര്‍ക്ക് ആവശ്യമായ സപ്പോര്‍ട്ട് ഒരുക്കുന്നതിന് സ്വകാര്യ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും , സോഷ്യല്‍ മീഡിയ സാക്ഷ്യപ്പെടുത്തുന്നു.

ഒരു കൂട്ടം ആളുകളെ ഒരേ ഡസ്റ്റിനേഷനിലേക്ക് കൊണ്ടു പോകുന്നതിന് ചാര്‍ട്ടര്‍ ഫ്ളൈറ്റുകളാണ് കൂടുതല്‍ ഉചിതമെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു.ആളുകളെ നാടുകടത്തുന്നതിനുള്ള അന്‍ ഗാര്‍ഡയുടെ ഓപ്ഷനുകള്‍ ഇത് വര്‍ദ്ധിപ്പിക്കും.ചാര്‍ട്ടര്‍ ഫ്ളൈറ്റുകളിലേക്ക് ആക്‌സസ് നല്‍കുന്നത് അന്‍ ഗാര്‍ഡയ്ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുമെന്നും മന്ത്രി വിശദീകരിച്ചു.

ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതുപോലെ തന്നെ അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരുടെ എണ്ണവും പെരുകുകയാണ്. ഈ ഘട്ടത്തില്‍ രാജ്യത്തു നിന്നും ഇവരെ മാറ്റുന്നതിനുള്ള സംവിധാനങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment