കുതിരക്കശാപ്പ് തടഞ്ഞ് അയര്‍ലണ്ടിലെ കോടതി, വൃത്തിരഹിതമെന്ന് കണ്ടെത്തല്‍

New Update
bhgy7777777777

ഡബ്ലിന്‍ : ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക കുതിരക്കശാപ്പ് ശാലയില്‍ നിന്നുള്ള മാംസം മുഴുവന്‍ നശിപ്പിച്ചു കളയണമെന്ന് കോടതി ഉത്തരവ്.

Advertisment

ഈ മാസം ആദ്യം ഈ കേന്ദ്രത്തില്‍ കശാപ്പു ചെയ്ത 65 കുതിരകളുടെ ജഡം നശിപ്പിക്കണമെന്ന വകുപ്പിന്റെ ഉത്തരവിനെതിരെ ഷാനോന്‍സൈഡ് ഫുഡ്‌സ് ലിമിറ്റഡ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ലിമെറിക് കോടതി ജഡ്ജി ജഡ്ജി പട്രീഷ്യ ഹാര്‍ണിയുടെ ഉത്തരവ് വന്നത്.

അയര്‍ലണ്ടിലെ ചില ബീഫ് വിഭവങ്ങളില്‍ കുതിരയിറച്ചി ചേര്‍ത്തു വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കുതിരയെ കശാപ്പ് ചെയ്യുന്ന സാഹചര്യങ്ങളിലെ വൃത്തിരാഹിത്യമാണ് ഇപ്പോള്‍ പ്രശ്‌നമാവുന്നത്.

കില്‍ഡെയറിലെ സ്ട്രാഫനിലെ ഷാനോണ്‍സൈഡ് ഫുഡ്‌സ് ലിമിറ്റഡില്‍ നിന്നുള്ള മാംസം ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിച്ചുള്ളതല്ലെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഈ കശാപ്പുശാലയെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തുടര്‍ന്നാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ കൃഷി മന്ത്രി ചാര്‍ളി മക്കോണലോഗ് ഇടപെട്ട് സ്ലോട്ടര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെപ്പിച്ചതും മാംസം നശിപ്പിക്കാന്‍ ഉത്തരവിട്ടതും.

പ്ലാന്റിന്റെ പരിസരത്തെ ഭൂമിയില്‍ വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തീരെ മോശം ആരോഗ്യ നിലയിലുള്ള കുതിരകളെ കണ്ടെത്തിയത്. മൂന്ന് കുതിരകള്‍ ചത്തതും ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊതുജനാരോഗ്യത്തിനാണ് ഏറ്റവും മുന്തിയ പരിഗണനയെന്ന് ചൂണ്ടിക്കാട്ടി വിധിയുണ്ടായത്.

ഒരു രേഖയുമില്ല ഒന്നിനും… ഉള്ളതാകട്ടെ തട്ടിക്കൂട്ടിയതും

കശാപ്പുശാലയിലെ മൃഗങ്ങളുടെ വിവരങ്ങളില്‍ കൃത്യതയും വ്യക്തതയും പൊരുത്തപ്പെടാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കൃഷി വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഗുരുതരമായ ആശങ്കകളാണുള്ളതെന്ന് സൂപ്രണ്ട് വെറ്ററിനറി ഇന്‍സ്പെക്ടര്‍ ആന്‍ ക്വിന്‍ കോടതിയെ അറിയിച്ചു.

കുതിരകള്‍ എവിടെ നിന്നെത്തിയതാണെന്നതിന്റെ കൃത്യമായ രേഖകളൊന്നും ഹാജരാക്കാന്‍ ഷാനോണ്‍സൈഡ് ഫുഡ്‌സ് ലിമിറ്റഡിന് കഴിഞ്ഞില്ല. ഹാജരാക്കിയ രേഖകളിലാകട്ടെ പൊരുത്തക്കേടുകള്‍ വ്യാപകമായിരുന്നു താനും.

കൊന്നതിന് ശേഷം തട്ടിക്കൂട്ടിയ രേഖകളായിരുന്നു ഇതെന്ന് സംശയിക്കുന്നതായും സൂപ്രണ്ട് പറഞ്ഞു. മൃഗങ്ങളുടെ ആരോഗ്യ, ക്ഷേമ നിയമ ലംഘനങ്ങളുമായി’ ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണങ്ങള്‍ നടക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ അയര്‍ലണ്ട് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായും മറ്റ് ഇ യു അംഗരാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

നശിപ്പിക്കുന്നത് 80000 യൂറോ വില വരുന്ന മാംസം

നശിപ്പിക്കപ്പെടുന്ന മാംസത്തിന്റെ മൂല്യം 80,000 യൂറോയാണെന്ന് ഷാനോന്‍സൈഡ് ഫുഡ്‌സ് ലിമിറ്റഡിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.ഈ അറവുശാലയുടെ മോശം പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ നിന്നുള്ള നാണക്കേട് മറയ്ക്കാനാണ് കൃഷി ഉദ്യോഗസ്ഥരുടെ നടപടിയെന്നും ഇവര്‍ വാദിച്ചു.എന്നാല്‍ കൃഷി വകുപ്പ് ഈ ആരോപണം നിഷേധിച്ചു. പൂര്‍ണ്ണമായും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നും ഇവര്‍ കോടതിയെ അറിയിച്ചു.

കുതിര ഇറച്ചി കഴിക്കുന്നവര്‍ കുറവ്

അയര്‍ലണ്ടില്‍ കുതിര ഇറച്ചി കഴിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും, കയറ്റുമതിക്കായും, ചില മരുന്നുകളുടെ നിര്‍മ്മാണത്തിനും കുതിരയിറച്ചി ഉപയോഗിക്കുന്നുണ്ട്. ഖസാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ കുതിര ഇറച്ചി വിശിഷ്ട വിഭവമാണ്. ബീഫില്‍ മായം ചേര്‍ക്കാനുള്ള ഒരു ഉപാധിയായും കുതിര ഇറച്ചി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുമുണ്ട്.

Advertisment