/sathyam/media/media_files/V7Yh9UEowfm1cCXF6faF.jpg)
ദ്രോഗഡയിലേക്ക് ഡാര്‍ട്ട് സര്‍വ്വീസുകള്‍ നീട്ടാനുള്ള ഡാര്‍ട്ട് പ്ലസ് കോസ്റ്റല്‍ നോര്‍ത്ത് പദ്ധതി ലാണ്‍റോഡ് ഏറാന്‍ പ്ലാനിംഗ് അനുമതിക്കായി സമര്‍പ്പിച്ചു. കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് കൂടി ഡാര്‍ട്ട് സര്‍വീസുകളെത്തിക്കുന്നതിന്റെ ഭാഗമായാണിത്.
മലാഹൈഡില്‍ നിന്ന് ദ്രോഗഡ മാക്ബ്രൈഡ് സ്റ്റേഷനിലേക്ക് ഇലക്ട്രിക് ട്രയിനുകളാകും പദ്ധതിയുടെ ഭാഗമായി സര്‍വ്വീസ് നടത്തുകയെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്.ഇതിന്റെ ഭാഗമായി ഡബ്ലിന്‍ സിറ്റിക്കും മലാഹൈഡിനും ഹൗത്തിനും ദ്രോഗെഡയ്ക്കും ഇടയിലുള്ള റൂട്ടില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ വരും.
സുപ്രധാന ചുവടുവെയ്പ്പ്
തിരക്കേറിയ സമയത്ത് ഏകദേശം 4,800 മുതല്‍ 8,800 വരെ യാത്രക്കാര്‍ക്ക് ഈ സര്‍വ്വീസുകള്‍ പ്രയോജനപ്പെടുമെന്ന് ലാണ്‍റോഡ് ഏറാന്‍ പറയുന്നു.ഡാര്‍ട്ട് പ്ലസ് പ്രോഗ്രാമിലെ മൂന്നാമത് റൂട്ടാണിത്. ഡാര്‍ട്ടിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട സുപ്രധാന ചുവടുവെപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡബ്ലിന്‍ സിറ്റി സെന്റര്‍ മുതല്‍ മലാഹൈഡ് വരെ വൈദ്യുതിയിലും അവിടെ നിന്നും ദ്രോഗഡ വരെ ബാറ്ററി പവറിലുമാകും ഓടുക.ദ്രോഗഡയില്‍ ചാര്‍ജിംഗ് സ്റ്റേഷന്റെ നിര്‍മ്മാണം നടന്നുവരികയാണെന്ന് ലാണ്‍ റോഡ് ഏറാന്‍ പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ജൂലൈ 19 മുതല്‍ സെപ്റ്റംബര്‍ 20 വരെ നടക്കും.
പദ്ധതിയിലെ ട്രെയിനുകളില്‍ ആദ്യത്തേത് ശരത്കാലത്ത് അയര്‍ലണ്ടിലെത്തും. പരിശോധനയ്ക്കും കമ്മീഷനിംഗിനും ശേഷം 2026ന്റെ തുടക്കത്തില്‍ ദ്രോഗെഡ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്.
37 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ വൈദ്യുതീകരിക്കും
മാലഹൈഡ്, ദ്രോഗഡാ മക് ബ്രൈഡ് സ്റ്റേഷനുകള്‍ക്കിടയിലെ 37 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണം, ഹൗത്ത് ജംക്ഷന്‍, ഡൊനാഗ്മീഡ് സ്റ്റേഷന്‍ എന്നിവയുടെ നവീകരണം, ഫെയര്‍വ്യൂ, ദ്രോഗഡ ട്രെയിന്‍ ഡിപ്പോകളുടെ മോഡിപ്പിക്കേഷന്‍ എന്നിവയൊക്കെയാണ് പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. സ്റ്റേഷനുകളുടെ നിലവിലുള്ള ട്രാക്ക് ലേഔട്ടും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പുനക്രമീകരിക്കാനും പദ്ധതിയുണ്ട്.
അയര്‍ലണ്ടില്‍ മികച്ച നിലവാരമുള്ള സുസ്ഥിര പൊതുഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള സര്‍ക്കാരന്റെ പ്രതിബദ്ധതയാണ് ഡാര്‍ട്ട് വിപുലീകരണമെന്ന് ഗതാഗത മന്ത്രി ഇമോണ്‍ റയാന്‍ പറഞ്ഞു.മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ലാണ്‍റോഡ് ഏറാന്‍ ആരംഭിച്ചു.ഇതുമായി ബന്ധപ്പെട്ട റെയില്‍വേ ഓര്‍ഡര്‍ ആപ്ലിക്കേഷന്‍ ഇന്നലെ മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us