ഡബ്ലിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ ലോക്കല്‍ ഇലക്ഷനില്‍ പ്രധാന ചര്‍ച്ചയാകുന്നു…

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvcxserty7u8

ഡബ്ലിന്‍ : ഡബ്ലിനില്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകുന്നത് പൊതു സുരക്ഷയടക്കമുള്ള പ്രശ്നങ്ങള്‍.തലസ്ഥാന നഗരത്തിലെ സാമൂഹിക വിരുദ്ധ ഇടപെടലുകളും ചെറുതും വലുതുമായ കുറ്റകൃത്യങ്ങളുമെല്ലാം നഗരവാസികള്‍ നേരിടുന്ന പ്രശ്നങ്ങളാണ്.ഇതിനും അപ്പുറത്തേയ്ക്ക് കുടിയേറ്റം,പാര്‍പ്പിടം, ആരോഗ്യം, മാലിന്യം,ഗതാഗതം എന്നീ രംഗങ്ങളിലെല്ലാം പ്രാദേശികമായി ഒട്ടേറെ പ്രശ്നങ്ങളുണ്ട്.ഇവയില്‍ കുടിയേറ്റം, ആരോഗ്യം, പാര്‍പ്പിടം, പൊതുസുരക്ഷ എന്നിവയൊക്കെ അഡ്രസ് ചെയ്യപ്പെടുന്നു.

Advertisment

ബാക്കിയുള്ള നഗര ജീവിതത്തിന്റെ പ്രശ്നങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാതെയും പോകുന്നു.നാല് ലോക്കല്‍ അതോറിറ്റികളും 183 സീറ്റുകളുമുള്ള രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് ഡബ്ലിന്‍ തലസ്ഥാനം.ഡബ്ലിനിലെ ലോക്കല്‍ അതോറിറ്റികളിലേക്ക് മത്സരിക്കുന്നവര്‍ക്കെല്ലാം ജനങ്ങളില്‍ നിന്നും ഈ പ്രശ്നങ്ങളുടെ പള്‍സ് കിട്ടുന്നുണ്ട്.

ഡബ്ലിനിലെ സുരക്ഷാ പ്രശ്നങ്ങള്‍

കഴിഞ്ഞ സമ്മറില്‍ അമേരിക്കന്‍ വിനോദസഞ്ചാരി ഡബ്ലിനില്‍ ആക്രമിക്കപ്പെട്ടിരുന്നു. നവംബറില്‍ സിറ്റി സെന്ററില്‍ നടന്ന കലാപവും തലസ്ഥാനത്തെ സമാധാന ജീവിതത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.

കഴിഞ്ഞ മാസം ഡബ്ലിന്‍ 15ല്‍,അയര്‍ലണ്ടിലെ ടെക് മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ അണ്ടര്‍ഗ്രൗണ്ട് കാര്‍ പാര്‍ക്കിലുണ്ടായിരുന്ന 20 കാറുകളുടെ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്ത സംഭവമുണ്ടായി. നിരവധി ഡാഷ് ക്യാമറകള്‍ മോഷ്ടിച്ചു. 

അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ നിന്നും കാറുകളും ബൈക്കുകളും മോഷ്ടിക്കപ്പെടുന്നത് പതിവാണ്. യുവാക്കളാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവൃത്തിക്ക് പിന്നിലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. അടുത്തിടെ ഇവിടുത്തെ കളിസ്ഥലം തീയിട്ടു നശിപ്പിച്ചതും താമസക്കാരില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നു.കുട്ടികളെ കളിക്കാന്‍ വിടാന്‍ ആളുകള്‍ ഭയപ്പെടുന്ന സ്ഥിതിയാണ്. കാറുകള്‍ളും മറ്റും സുരക്ഷിതമാണോയെന്ന് രാത്രിയില്‍ പോലും ഉറക്കമുണര്‍ന്നു പരിശോധിക്കേണ്ട ഗതികേടിലാണിവര്‍.

കൂടാരങ്ങള്‍, മാനസിക രോഗികള്‍,പൊതു നിരത്തിലെ വ്യാപാരം….

കൂണുപോലെ മുളച്ചു പൊങ്ങുന്ന കൂടാരങ്ങളും മാനസിക വൈകല്യങ്ങളടക്കമുള്ള പ്രശ്നങ്ങളുള്ള വരും ആരോഗ്യ പരമായി ദുര്‍ബലരായവരുടെ വര്‍ദ്ധിച്ച സാന്നിധ്യവും അനുബന്ധ പ്രശ്നങ്ങളും നഗരമധ്യത്തില്‍ കഴിയുന്നവരുടെ മനം മടുപ്പിക്കുന്നതാണ്.

നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെ സൂപ്പ് കിച്ചണുകളും യുവാക്കളിലൊരു വിഭാഗത്തിന്റെ മോശം ഇടപെടലുകളും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ബിസിനസ് ഗ്രൂപ്പ് ഡബ്ലിന്‍ ടൗണ്‍ സി ഇ ഒ റിച്ചാര്‍ഡ് ഗിനി പറഞ്ഞു. ഇത്തരം പ്രശ്നങ്ങളുള്ളതിനാല്‍ സിറ്റി സെന്റര്‍ സന്ദര്‍ശിക്കുന്നത് ആളുകള്‍ ഒഴിവാക്കുകയാണ്.

ഡബ്ലിന്‍ കലാപവും അമേരിക്കന്‍ ടൂറിസ്റ്റ് ആക്രമിക്കപ്പെട്ടതുമൊക്കെ വലിയ മാധ്യമ വാര്‍ത്തകളായെങ്കിലും ഇതിനുമൊക്കെ അപ്പുറത്താണ് കാര്യങ്ങളെന്ന് സ്‌കൂള്‍ ഓഫ് ലോ മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ.ഷോണ്‍ കോണ്‍കുബൈര്‍ പറഞ്ഞു.ഇത്തരം സംഭവങ്ങളില്‍ അധികവും പുറത്തുവരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.

മാലിന്യ നിക്ഷേപം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിക്കുന്നത് തലസ്ഥാനത്തുടനീളമുള്ള പ്രശ്നമാണ്.ഡബ്ലിനിലെ ഗതാഗത സൗകര്യങ്ങളും ബന്ധപ്പെട്ട വിഷയങ്ങളും നഗരവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്.

കൗണ്ടി എയര്‍പോര്‍ട്ടിന്റെ വടക്കുഭാഗത്തെ വികസനവും മെട്രോലിങ്കും നഗരവാസികളുടെ ആശങ്കകളിലുണ്ട്.സൗത്ത് ഡബ്ലിനിന്റെ ചില ഭാഗങ്ങളില്‍ സൈക്കിള്‍വേകളും ട്രാഫിക് മാനേജ്‌മെന്റ് പ്ലാനുകളും ചര്‍ച്ചയാകുന്നുണ്ട്. തലസ്ഥാനത്തിന്റെ കിഴക്കന്‍ കടല്‍ത്തീരം ശോഷിക്കുന്നതും വെള്ളക്കെട്ടുമാണ് ഈ മേഖലയിലുള്ളവരെ അലട്ടുന്നത്

ജൂണ്‍ 7 വെള്ളിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയനിലേയ്ക്കും ,ലോക്കല്‍ കൗണ്‍സിലുകളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്.

Advertisment