/sathyam/media/media_files/4goiWg5hbyuiT1ebYtIc.jpg)
അയര്‍ലണ്ടിലെ തൊഴിലാളികളുടെ വരുമാനം ഈ വര്‍ഷവും അടുത്ത വര്‍ഷവും ഉയരുമെന്ന് ഇ എസ് ആര്‍ ഐ .ഇതു വഴി ആത്യന്തികമായി രാജ്യം സാമ്പത്തിക വളര്‍ച്ച നേടുമെന്നും ഇ എസ് ആര്‍ ഐ പറയുന്നു.
വേതനം കൂടിയതും പണപ്പെരുപ്പം കുറഞ്ഞതും തൊഴിലാളികളുടെ പോക്കറ്റില്‍ പണം കൊണ്ടുവരുമെന്നാണ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവചിക്കുന്നത്.രാജ്യത്ത് ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയും ജി ഡി പി വര്‍ദ്ധനവുമൊക്കെയുണ്ടാകുമെന്ന് ഇ എസ് ആര്‍ ഐ പറയുന്നു.ഈ വര്‍ഷം തൊഴിലാളികളുടെ സമ്പാദ്യത്തില്‍ നാലു ശതമാനവും അടുത്ത വര്‍ഷം അഞ്ച് ശതമാനവും വര്‍ദ്ധനവുണ്ടാകും.
പണപ്പെരുപ്പം കുറയും
രാജ്യത്തെ പണപ്പെരുപ്പം ഈ വര്‍ഷം 2.3%മായും 2025ല്‍ 1.9%മായും കുറയുമെന്ന് ഇ എസ് ആര്‍ ഐയുടെ അതിന്റെ സമ്മര്‍ ക്വാര്‍ട്ടര്‍ലി ഇക്കണോമിക് കമന്ററിയില്‍ പറയുന്നു.
ഇതിന്റെയൊക്കെ ഫലമായി തൊഴിലാളികളുടെ വരുമാനത്തില്‍ ഈ വര്‍ഷം 2.2% വര്‍ദ്ധനവുണ്ടാകും.അടുത്ത വര്‍ഷം വരുമാനം 3.1% കൂടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈ നേട്ടങ്ങള്‍ ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ വര്‍ദ്ധിച്ച ഉപഭോഗത്തിന് കാരണമാകും. അതിന്റെ പ്രതിഫലനം ഈ വര്‍ഷ(2.6%)വും അടുത്ത വര്‍ഷ(3.1%)വും രാജ്യത്തിന്റെ എല്ലാ പ്രധാന സാമ്പത്തിക സൂചകങ്ങളിലും ദൃശ്യമാകും.
സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ച
മോഡിഫൈഡ് ഡൊമസ്റ്റിക് ഡിമാന്‍ഡ് (എം ഡി ഡി) അനുസരിച്ച് സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 2.2% വളരുമെന്ന് ഇ എസ് ആര്‍ ഐ പ്രതീക്ഷിക്കുന്നു.എന്നിരുന്നാലും മൂന്നുമാസം മുമ്പ് നടത്തിയ പ്രവചനത്തെ(2.3%) അപേക്ഷിച്ച് നേരിയ കുറവാണ് ഇപ്പോഴത്തേത്.
എന്നാല്‍ അടുത്തവര്‍ഷം എം ഡി ഡി 2.9% വര്‍ദ്ധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നു. ഇത് മുമ്പ് പ്രവചിച്ചതിനേക്കാള്‍ കൂടുതലാണ്.പാന്‍ഡെമിക് പ്രതിസന്ധിയെ പൂര്‍ണ്ണമായും മറികടന്നതിനാല്‍ രാജ്യത്തിന്റെ കയറ്റുമതി നാല് ശതമാനം വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജി ഡി പിയും കൂടും
ജി ഡി പിയിലും വളര്‍ച്ച ദൃശ്യമാകും. ഈ വര്‍ഷം ജി ഡി പിയില്‍ 2.5% വര്‍ദ്ധനവുണ്ടാകും. അടുത്ത വര്‍ഷം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടിയ തോതിലുള്ള വളര്‍ച്ച (3.2%) ജി ഡി പിയിലുണ്ടാകുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
നൂതനമായ ആഗോള കാഴ്ചപ്പാടുകളും ആഭ്യന്തര രംഗത്തെ ശക്തമായ പ്രകടനവും അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനപ്പെടുമെന്ന് റിപ്പോര്‍ട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.തൊഴില്‍ വിപണി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാണ്. ഈ വര്‍ഷം തൊഴിലില്ലായ്മ 4.1%മാകുമെന്നും അടുത്ത വര്‍ഷം 4%ത്തിലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വെല്ലുവിളികളെ കരുതിയിരിക്കണം
വിലക്കയറ്റമുണ്ടാകാതെ നിക്ഷേപത്തിലൂടെ പരിമിതികളെ മറികടക്കുകയെന്നതാണ് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമുണ്ടാകണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ആഭ്യന്തര രംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമമുണ്ടാകണം.
നിക്ഷേപച്ചെലവ് വര്‍ദ്ധിക്കുമ്പോള്‍ നികുതി നയത്തില്‍ ശ്രദ്ധയുണ്ടാകണം. നികുതികള്‍ സമ്പദ്വ്യവസ്ഥയെ അധികമായി ഉത്തേജിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.
ആഗോള ആഘാതങ്ങളെ കാണാതെ പോകരുത്…
ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള ഭൗമരാഷ്ട്രീയ ആഘാതങ്ങളെ നേരിടേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഭവന നിര്‍മ്മാണവും വിതരണവും അതിവേഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് വിശകലനം പറയുന്നു.കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും 33,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us