അയര്‍ലണ്ടില്‍ മൂന്നുലക്ഷം വീടുകള്‍ പണിയും ,പുതിയ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

New Update
B

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 2030ഓടെ മൂന്നുലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍.ഈ പദ്ധതി പ്രകാരം, രാജ്യത്ത് 72,000 സോഷ്യല്‍ ഹോമുകളും വിതരണം ചെയ്യും. വാര്‍ഷിക ടാര്‍ഗറ്റുകള്‍ വ്യക്തമാക്കാതെയാണ് ‘ഡെലിവറിംഗ് ഹോംസ്, ബില്‍ഡിംഗ് കമ്മ്യൂണിറ്റീസ്’ ഭവന പദ്ധതി ആരംഭിച്ചത്. അതോടെ പദ്ധതിയെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തുവന്നു.പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം പദ്ധതിക്കെതിരെ ആഞ്ഞടിച്ചു.

Advertisment

രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പ്രശ്നമാണ് ഭവനരാഹിത്യമാണെന്ന് പദ്ധതി പറയുന്നു.വണ്‍ ബെഡ് റൂം, ഫോര്‍ബെഡ് റൂം വീടുകളാകും പദ്ധതിയില്‍ കൂടുതല്‍ നല്‍കുക.ഭവനരഹിതരായ അവിവാഹിതരുടെ അനുപാതം വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഐറിഷ് ഭാഷയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആസൂത്രണ സംവിധാനത്തിനുള്ളില്‍ വ്യക്തതയും സ്ഥിരതയും നല്‍കുന്നതിനായി ആന്‍ ഗെല്‍റ്റാച്ചില്‍ നാഷണല്‍ പ്ലാനിംഗ് സ്റ്റേറ്റ് മെന്റും ഭവന പദ്ധതി ഓഫര്‍ ചെയ്യുന്നു.

പുതിയ പദ്ധതിയിലെ പ്രഖ്യാപനങ്ങള്‍:

ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് ഒരു ബില്യണ്‍ യൂറോ,എല്‍ഡിഎയ്ക്ക് 2.5 ബില്യണ്‍ യൂറോഭവന നിര്‍മ്മാണം ഊര്‍ജ്ജിതമാക്കുന്നതിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് ഒരു ബില്യണ്‍ യൂറോ നല്‍കുമെന്ന് ബ്രൗണ്‍ പറഞ്ഞു.ഭവന ആക്ടിവേഷന്‍ ഓഫീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തോറും കടന്നുചെന്ന് തടസ്സങ്ങള്‍ കണ്ടെത്തി പരിഹരിക്കും.കൂടുതല്‍ വീടുകള്‍ ഡലിവര്‍ ചെയ്യുന്നതിന് ലാന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിക് 2.5 ബില്യണ്‍ യൂറോ കൂടി നല്‍കും.വീടുകള്‍ കൂടുതലായി എത്തുന്നതോടെ എമര്‍ജെന്‍സി അക്കൊമൊഡേഷനിലും കുറവുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.

എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ വിടുന്നവര്‍ക്ക് വീടുകള്‍ വാങ്ങാന്‍ 100മില്യണ്‍ യൂറോ

വീടില്ലാതെ ഏറ്റവും കൂടുതല്‍ കാലം എമര്‍ജെന്‍സി അക്കൊമൊഡേഷനില്‍ കഴിയുന്ന കുടുംബങ്ങളെ അവിടെ നിന്നും മാറ്റുന്നതിന് സെക്കന്റ് ഹാന്‍ഡ് പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിന് 100 മില്യണ്‍ യൂറോ ചെലവിടും.

ഹൗസിംഗ് ഫസ്റ്റില്‍ 2,000 വാടക വീടുകള്‍

ഹൗസിംഗ് ഫസ്റ്റ് പ്രോഗ്രാമിലൂടെ 2,000 വാടക വീടുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ചൈല്‍ഡ് ആന്‍ഡ് ഫാമിലി ആക്ഷന്‍ പ്ലാനും പദ്ധതിയിലുണ്ട്.പ്രൈവറ്റ് ഹൗസിംഗില്‍ പ്രായമായവര്‍ക്ക് അനുയോജ്യമായ കൂടുതല്‍ വീടുകളും ചോയ്സുകളും നല്‍കുമെന്ന് പദ്ധതി ഓഫര്‍ ചെയ്യുന്നു.

ഉന്നത നിലവാരമുള്ള ട്രാവലര്‍ സ്പെസിഫിക് അക്കൊമൊഡേഷനും തുടര്‍ച്ചയായ നിക്ഷേപം നല്‍കും.

സ്വകാര്യ മേഖലയില്‍ 90,000 സ്റ്റാര്‍ട്ടര്‍ ഹോമുകള്‍

സോണ്‍ഡ് ആന്റ് സര്‍വ്വീസ്ഡ് ഭൂമി നല്‍കുന്നതിലൂടെ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ 90,000 സ്റ്റാര്‍ട്ടര്‍ ഹോമുകളും പദ്ധതിയിലൂടെ വരും.

ചെറുകിട കമ്പനികള്‍ക്ക് 400 മില്യണ്‍ യൂറോയുടെഇക്വിറ്റി സഹായം

ചെറുകിട നിര്‍മ്മാണ കമ്പനികള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് 400 മില്യണ്‍ യൂറോയുടെ പുതിയ ട്രാന്‍ച് ഇക്വിറ്റി പദ്ധതിയുമുണ്ടാകും.ഭവന നിര്‍മ്മാണത്തിനായി 28.2 ബില്യണ്‍ യൂറോയാണ് ഖജനാവില്‍ നിന്നും ചെലവിടുക.

അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍തുക

ജല, മലിനജല സര്‍വ്വീസുകള്‍ക്കായി 12.2 ബില്യണ്‍ യൂറോയും ഇ എസ് ബി നെറ്റ്വര്‍ക്കുകള്‍ക്കും ഏര്‍ഗ്രിഡിനും 3.5 ബില്യണ്‍ യൂറോയും ഗതാഗത മേഖലയ്ക്ക് 24.3 ബില്യണ്‍ യൂറോയും പദ്ധതി നല്‍കും.

ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ വീടാക്കാന്‍ 1,40,000 വരെ ധനസഹായം

ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകളും കെട്ടിടങ്ങളും വീടുകളാക്കി മാറ്റുന്നതിന് ഓരോ പ്രോപ്പര്‍ട്ടിക്കും 1,40,000 വരെ ധനസഹായം ലഭ്യമാക്കും.ഇവ മികച്ച റെസിഡന്‍ഷ്യല്‍ യൂണിറ്റുകളാക്കി മാറ്റുന്നതിനുള്ള വിദഗ്ദ്ധോപദേശത്തിനും ധനസഹായം നല്‍കും.

വേക്കന്റ് പ്രോപ്പര്‍ട്ടി റിഫര്‍ബിഷ്‌മെന്റ് ഗ്രാന്റ് വഴി 20,000 യൂറോ

ഉപേക്ഷിച്ച വീടുകള്‍ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിന് വേക്കന്റ് പ്രോപ്പര്‍ട്ടി റിഫര്‍ബിഷ്‌മെന്റ് ഗ്രാന്റ് വഴി 20,000 യൂറോ നല്‍കും.റവന്യൂ കമ്മീഷണര്‍മാര്‍ മുഖേന പുതിയ ഡെറിലിക്ട് പ്രോപ്പര്‍ട്ടി ടാക്സ് അവതരിപ്പിക്കും.വേക്കന്റ് പ്രോപ്പര്‍ട്ടി റിഫര്‍ബിഷ്‌മെന്റ് ഗ്രാന്റ് കൂടാതെ എബൗവ് ദി ടോപ്പ് അപ്പ് ഗ്രാന്റും നല്‍കും.

ലിവിംഗ് സിറ്റി ഇനിഷ്യേറ്റീവും ഹെല്‍പ്പ് ടു ബൈ സ്‌കീമും 2030 വരെ നീട്ടും

അത്‌ലോണ്‍, ദ്രോഗെഡ, ഡണ്ടാല്‍ക്ക്, ലെറ്റര്‍കെന്നി, സ്ലൈഗോ എന്നിവിടങ്ങളിലെ പ്രോപ്പര്‍ട്ടികള്‍ കൂടി ഉള്‍പ്പെടുത്തി ലിവിംഗ് സിറ്റി ഇനിഷ്യേറ്റീവ് 2030 വരെ നീട്ടും.വീടുകള്‍ വാങ്ങുന്നവരുടെ നിക്ഷേപത്തിന് 30,000 വരെ നികുതി ക്ലെയിം ചെയ്യാന്‍ അനുവദിക്കുന്ന ഹെല്‍പ്പ് ടു ബൈ സ്‌കീം 2030 അവസാനം വരെ നീട്ടും.

ഫസ്റ്റ് ഹോംസ് സ്‌കീം വിപുലീകരിക്കും

ഫസ്റ്റ് ഹോംസ് സ്‌കീമും വിപുലീകരിക്കും.ഇതനുസരിച്ച് പുതിയ വീടുകള്‍ക്ക് പുറമേ ഉപേക്ഷിക്കപ്പെട്ടതോ ദീര്‍ഘകാലത്തേക്ക് ഒഴിഞ്ഞുകിടക്കുന്നതോ ആയ പ്രോപ്പര്‍ട്ടികള്‍ വാങ്ങാനും പുതുക്കിപ്പണിയാനും ആദ്യമായി വീടുകള്‍ വാങ്ങുന്നവരെ സഹായിക്കും.ഒഴിഞ്ഞുകിടക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ പ്രോപ്പര്‍ട്ടികള്‍ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിനാണ് ഈ മുന്‍ഗണന.

വീടുകള്‍ വലിയ തോതില്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട ജല, ഊര്‍ജ്ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.ഈ മേഖലകളില്‍ വലിയ നിക്ഷേപവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഭവന നിര്‍മ്മാണം നാഷണല്‍ എമര്‍ജെന്‍സിയാണെന്നും രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

വാര്‍ഷിക കണക്കെന്തിന് കാര്യം നടന്നാല്‍ പോരേയെന്ന് സര്‍ക്കാര്‍

വാര്‍ഷിക ലക്ഷ്യം വെളിപ്പെടുത്താത്തതിനെ ലഘൂകരിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും ഭവന മന്ത്രി ജെയിംസ് ബ്രൗണും സ്വീകരിച്ചത്.ഭവനപൂര്‍ത്തീകരണത്തെക്കുറിച്ചുള്ള ഡാറ്റകള്‍ എല്ലാ വര്‍ഷവും ലഭ്യമാക്കുമെന്ന് ഭവന മന്ത്രി പറഞ്ഞു.സ്വകാര്യ മേഖലയിലെ ഭവനവിതരണത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ നല്‍കുന്നത് ബുദ്ധിമുട്ടായതിനാലാണ് വാര്‍ഷിക ടാര്‍ഗറ്റുകള്‍ പറയാത്തതെന്ന വിശദീകരണവും പ്രധാനമന്ത്രി നല്‍കി.വീടുകളുടെ എണ്ണമുയര്‍ത്തുകയല്ല മറിച്ച് പൊതു-സ്വകാര്യ മേഖലകളെ ഫലപ്രദമായി ഒരുമിച്ച് ചേര്‍ത്ത് പരമാവധി നേടുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഭവനമന്ത്രി പറഞ്ഞു.

രാജാവിന് ഇപ്പോഴും ഉടുതുണിയില്ലെന്ന് സിന്‍ഫെയ്ന്‍

വാര്‍ഷിക ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കാത്തത് കള്ളക്കളിയാണെന്ന് സിന്‍ ഫെയ്നിന്റെ ഭവന വക്താവ് ഇയോയിന്‍ ഒ ബ്രോയിന്‍.പ്രതിപക്ഷത്തിനും പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതിയുടെ പുരോഗതി ട്രാക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കുമായിരുന്നു.വാര്‍ഷിക ലക്ഷ്യം ഒരിക്കലും നേടാനാകില്ലെന്നറിയാമെന്നതിനാലാണ് അത് വെളിപ്പെടുത്താത്തതെന്നും സിന്‍ഫെയ്ന്‍ ആരോപിച്ചു.

ഭവന കമ്മിയെ കുറിച്ചുള്ള ഹൗസിംഗ് കമ്മീഷന്‍ ശുപാര്‍ശകളെ അവഗണിക്കുന്ന പദ്ധതിയാണെന്നും രാജാവിന് ഇപ്പോഴും ഉടുതുണിയില്ലെന്നും സിന്‍ ഫെയ്നിന്റെ ഭവന വക്താവ ആരോപിച്ചു.പുതിയ ഭവന പദ്ധതിയല്ലിത്.പരാജയപ്പെട്ട ദാരാ ഒ ബ്രയന്‍ ഭവന പദ്ധതിയുടെ പുതിയ പതിപ്പാണിത്.

ഭവന പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതല്ല പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.ഒരു വര്‍ഷം 50,000 പുതിയ വീടുകള്‍ നല്‍കുന്നതിലൂടെ ഭവന പ്രതിസന്ധി പരിഹരിക്കുമെന്ന ആശയം ശരിയല്ലെന്നും ബ്രോയിന്‍ പറഞ്ഞു.

Advertisment