/sathyam/media/media_files/l809dvXE5XG21cZj2xOD.jpg)
ഡബ്ലിന്‍ :ലോക്കല്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ പിന്നിലാക്കി സ്വതന്ത്രര്‍ക്ക് ജന പിന്തുണയേറുന്നു. രാജ്യത്തെ 23% ആളുകള്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതായാണ് അഭിപ്രായ സര്‍വേ പറയുന്നത്.
ഫിനഗേലും ഫിനഫാളും പ്രധാന പ്രതിപക്ഷമായ സിന്‍ഫെയ്നെ പിന്നിലാക്കിയെന്നും അഭിപ്രായ വോട്ടെടുപ്പ് പറയുന്നു. മുന്‍ അഭിപ്രായ വോട്ടെടുപ്പിലെ റിസള്‍ട്ടിനെ മറികടക്കുന്നതാണ് ഏറ്റവും പുതിയ ജനഹിതം.
സിന്‍ഫെയ്ന്റെ ജനകീയ അംഗീകാരത്തില്‍ വന്‍ ഇടിവാണുണ്ടായത്. കഴിഞ്ഞ തവണത്തേതില്‍ നിന്നും 4.6% ആളുകള്‍ പാര്‍ട്ടിയെ കൈവിട്ടു. ഇപ്പോള്‍ 17.4% ആളുകളേ സിന്‍ഫെയ്നെ സപ്പോര്‍ട്ട് ചെയ്യുന്നുള്ളു.
പോളിംഗ് ശതമാനം കൂടിയേക്കും
യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ 90% പേരും വോട്ടുചെയ്യാന്‍ പദ്ധതിയിടുന്നതായി വോട്ടെടുപ്പ് പറയുന്നു.18 മുതല്‍ 34 വയസ്സുവരെയുള്ളവരില്‍ 95%വും 65 വയസ്സിനു മുകളിലുള്ളവരില്‍ 95%പേരും വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി സര്‍വ്വേ പറയുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ പകുതിയില്‍ താഴെ വോട്ടര്‍മാരേ സമ്മതിദാന അവകാശം നിറവേറ്റിയിരുന്നുള്ളു.
യുവാക്കളുടെ സിന്‍ഫെയ്ന്‍
എന്നിരുന്നാലും, യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാര്‍ക്കിടയില്‍ സിന്‍ ഫെയ്ന്‍ ആധിപത്യം തുടരുകയാണ്. യുവാക്കള്‍ക്കിടയിലാണ് ഏറ്റവും ജനപ്രിയ പാര്‍ട്ടിയായി സിന്‍ഫെയ്ന്‍ തുടരുന്നത്.
ജനപ്രീതി കുറഞ്ഞെങ്കിലും യുവാക്കളില്‍ പാര്‍ട്ടിയോടുള്ള ആഭിമുഖ്യത്തിന് കുറവു വന്നിട്ടില്ല. 18-34 പ്രായക്കാരില്‍ 22% ആളുകളും മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നാണ് സര്‍വേ പറയുന്നത്.
ഫിനഗേലിന് രണ്ടാം സ്ഥാനം
ഒരു പോയിന്റ് കുറഞ്ഞെങ്കിലും ഫിനഗേലിനാണ് ജനമനസ്സില്‍ രണ്ടാം സ്ഥാനം(18%).ഫിനഫാളിന്റെ ജനകീയത 1.7% കൂടി 17.7%മായെന്നും ദി ജേര്‍ണലും അയര്‍ലന്‍ഡ് തിങ്ക്‌സും നടത്തിയ ഏറ്റവും പുതിയ വോട്ടെടുപ്പ് വെളിപ്പെടുത്തുന്നു.
65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ട്ടി ഫിനഫാളാണെന്ന് വോട്ടെടുപ്പ് പറയുന്നു.32% പേരാണ് മീഹോള്‍ മാര്‍ട്ടിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത്. ഫിനഗേലിന് 26% പേരുടെ പിന്തുണയേയുള്ളു.
വളരുന്ന സ്വതന്ത്ര പ്രേമം
അതേ സമയം,18 മുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരില്‍ 30% പേരും 35 മുതല്‍ 64 വയസ്സുവരെയുള്ളവരില്‍ 32% പേരും സ്വതന്ത്രര്‍ക്കും മറ്റും വോട്ട് ചെയ്യണമെന്ന മനസ്സുള്ളവരാണ്. സ്ത്രീ-പുരുഷ ഭേദമന്യേ 28% പേരും സ്വതന്ത്രരെ പിന്തുണയ്ക്കുന്നവരാണ്. ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ട്, ഐറിഷ് ഫ്രീഡം പാര്‍ട്ടി, അയര്‍ലണ്ട് ഫസ്റ്റ്, ദി ഐറിഷ് പീപ്പിള്‍ എന്നിവരടങ്ങുന്ന സ്വതന്ത്ര ഗ്രൂപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. 15% പേര്‍ ഫിനഗേലിനും 14% പേര്‍ ഫിന ഫാളിനെയും അനുകൂലിക്കുന്നു.
അന്റു അടക്കമുള്ള ചെറിയ പാര്‍ട്ടികളുടെ ജനകീയതയും കൂടിയിട്ടുണ്ട്. കഴിഞ്ഞ വോട്ടടെടുപ്പിലെ നാലു ശതമാനം അഞ്ച് ശതമാനമായെന്ന് വോട്ടെടുപ്പ് പറയുന്നു.
മറ്റു പാര്‍ട്ടികളും ജനങ്ങളും
ഗ്രീന്‍ പാര്‍ട്ടി: 7.2% (ഒരു ശതമാനം കൂടി),സോഷ്യല്‍ ഡെമോക്രാറ്റുകള്‍: 5.3% (മാറ്റമില്ല),ലേബര്‍: 3.5% (0.5% കൂടി),സോളിഡാരിറ്റി-പി ബി പി: 2.8% (0.8%കൂടി)മെയ് 24 മുതല്‍ 27 വരെ നടന്ന അഭിപ്രായ വോട്ടെടുപ്പാണിത്.
ജൂണ്‍ 7 വെള്ളിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയനിലേയ്ക്കും, ലോക്കല്‍ കൗണ്‍സിലുകളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us