/sathyam/media/media_files/xI0S1QzyyjzilLiN8wC0.jpg)
അയര്‍ലണ്ടിന്റെ സേഫ് ലിസ്റ്റിലേയ്ക്ക് ഇന്ത്യയും ഈജിപ്തും ബ്രസീലും എത്തുന്നു. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികൾ അയർലണ്ടിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകും.
അഞ്ച് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയ പുതുക്കിയ പട്ടിക മന്ത്രി ഹെലന്‍ മക് എന്റി ഇന്ന് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.പൊതുജനങ്ങളുടെ പ്രധാന ആശങ്കയായി കുടിയേറ്റം മാറിയെന്ന അഭിപ്രായ വോട്ടെടുപ്പുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
2022 നവംബര്‍ മുതലാണ് അയര്‍ലണ്ട് സേഫ് ലിസ്റ്റ് പുറത്തിറക്കിയത്.നിലവില്‍ അല്‍ബേനിയ, അള്‍ജീരിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ബോട്‌സ്വാന, ജോര്‍ജിയ, കൊസോവോ, നോര്‍ത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ പത്ത് രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
ജൂണ്‍ 23 വരെയുള്ള ഇന്റഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ നൈജീരിയയില്‍ നിന്നാണ് (6,230).ജോര്‍ജിയ (3,510),അള്‍ജീരിയ (3,026) എന്നിങ്ങനെയും അഭയാര്‍ത്ഥികളുണ്ട്.
ഈ വര്‍ഷമാദ്യമാണ് ബോട്‌സ്വാനയ്ക്കൊപ്പം അള്‍ജീരിയയും സേഫ് ലിസ്‌റില്‍ ഇടം നേടിയത്.അതോടെ ഈ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥി അപേക്ഷകളില്‍ 71% കുറവുണ്ടായതായി ജസ്റ്റിസ് വകുപ്പ് പറയുന്നു.
അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിന് കൂടുതല്‍ നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടതുണ്ട്.അതിനാല്‍ അവരുടെ എമിഗ്രേഷന്‍ പ്രക്രിയകളും പരിശോധിക്കേണ്ടി വരും.
സേഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യത്തു നിന്നുള്ളയാള്‍ക്ക് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന് അപേക്ഷിക്കുന്നതിന് വിലക്കില്ല.എന്നിരുന്നാലും ഏതു സാഹചര്യത്തിലാണ് സംരക്ഷണം ആവശ്യമാകുന്നതെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനുണ്ടാകും.എല്‍ ജി ബി ടി ക്യു+ കമ്മ്യൂണിറ്റി അംഗങ്ങള്‍,സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ പീഡിപ്പിക്കപ്പെടുന്നതിന് തെളിവുകളുണ്ട്. ഇവരുടെ അപേക്ഷയിലുള്ള നടപടികളും തീരുമാനങ്ങളും പരമാവധി 90 ദിവസത്തിനുള്ളിലുണ്ടാകും.
സ്ഥിരം പീഡനം, മനുഷ്യത്വരഹിത നടപടികള്‍,വിവേചനം തുടങ്ങിയവയൊന്നും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളെയാണ് സേഫ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്.ഒട്ടേറെ നിയമ പരിശോധനകള്‍ക്ക് ശേഷമാണ് ഒരു രാജ്യത്തെ സേഫ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഐറിഷ് റഫ്യൂജി കൗണ്‍സിലിലെ നിക്ക് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. പൊതു ശരാശരിയേക്കാള്‍ കുറവായിരിക്കും ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ എണ്ണം.
എന്നാൽ താരതമ്യേനെ ഏറ്റവും കുറഞ്ഞ തോതിൽ അയർലണ്ടിലേക്ക് അഭയാർത്ഥികൾ എത്തുന്ന ഇന്ത്യയെയും, ബ്രസീലിനെയും സേഫ് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് അത്ഭുതം ഉളവാക്കിയിട്ടുണ്ട്. പഠനത്തിനായും, വിസിറ്റിനായും അയർലണ്ടിലും ,ബ്രിട്ടനിലും എത്തുന്ന നിരവധി പേർ അഭയാർത്ഥി പരിവേഷം കെട്ടുന്നതിനാലാണ് തിരക്കിട്ട ഈ നടപടി ഉണ്ടായതെന്നാണ് സൂചനകൾ. എന്നാൽ പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളെ സേഫ് ലിസ്റ്റിൽ ഉൾപ്പെടുത്തി, ആനുകൂല്യം നൽകുന്നതിനുള്ള മുന്നൊരുക്കമാണ് ഇതെന്നും ആക്ഷേപമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us