/sathyam/media/media_files/2026/02/03/h-2026-02-03-03-42-34.jpg)
ഡബ്ലിന്‍: ജനസംഖ്യയുടെ പെരുക്കത്തിന് അനുസരിച്ച് അയര്‍ലണ്ടില്‍ ജി പി ഡോക്ടര്‍മാരുടെ എണ്ണം കൂടുന്നില്ലെന്ന് ഐറിഷ് കോളേജ് ഓഫ് ജിപി (ഐ സി ജി പി)യുടെ വിലയിരുത്തല്‍. രാജ്യത്ത് ജിപിമാരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവ് ഉണ്ടായി.അതേ സമയം ജനസംഖ്യ 9% കൂടി.എന്നിരുന്നാലും ജി പിമാരുടെ ദൗര്‍ലഭ്യം ഒരു സത്യമായി നിലനില്‍ക്കുന്നുവെന്ന് ഐസിജിപി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡയര്‍മുയിഡ് ക്വിന്‍ലാന്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് നിലവില്‍ 4,650 ജിപിമാരേയുള്ളു. 2019ല്‍ ഈ എണ്ണം 4,200 ആയിരുന്നു.നിലവിലെ ആവശ്യകതയും ജനസംഖ്യാ വളര്‍ച്ചയും പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ 6,500ല്‍ കൂടുതല്‍ ജിപിമാരുടെ ആവശ്യമുണ്ടെന്ന് ഡോ. ക്വിന്‍ലാന്‍ കണക്കാക്കുന്നു.
2022-ല്‍ രാജ്യത്ത് 4,200 ജിപിമാരുണ്ടായിരുന്നു; ഇപ്പോഴത് 4,650 ആയി. 450 പേരുടെ മാത്രമേ വര്‍ദ്ധനവുണ്ടായിട്ടുള്ളു. ജിപി മാരുടെ എണ്ണം 10 ശതമാനം വര്‍ദ്ധിച്ചു. ആ സമയത്ത് ജനസംഖ്യ 9 ശതമാനമാണ് കൂടിയത്.
ജി പി സര്‍വീസുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണം ഇരട്ടിയാക്കേണ്ടതുണ്ട്. നിലവില്‍ ഏകദേശം 2,200 പേരാണുള്ളത്. ഇതിന്റെ ഇരട്ടിയോളം നഴ്സുമാരെ ജി പി മേഖലയില്‍ മാത്രം ആവശ്യമുണ്ട്.
നിലവില്‍ ജനസംഖ്യ 5.2 മില്യണായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും ഇത് 5.5 മില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇവരില്‍ 3,00,000 അധിക സ്ഥിരരോഗികളുണ്ട്.ഇവരുടെ പരിചരണത്തിന് മാത്രം 300 ജിപിമാര്‍ കൂടി ആവശ്യമായി വരുമെന്നും ഇദ്ദേഹം പറയുന്നു.
പ്രായമാകുന്നവരുടെ എണ്ണം കൂടുന്നു
അയര്‍ലണ്ടിലെ പ്രായമാകുന്നവരുടെ എണ്ണം കൂടുന്നതാണ് ജിപി സേവനങ്ങള്‍ക്കുള്ള ആവശ്യകതയും വര്‍ദ്ധിപ്പിക്കുന്നത്.ദേശീയ തലത്തില്‍ 65 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകളാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. 2019ല്‍, ഈ പ്രായത്തിലുള്ളവര്‍ 7,20,000 പേരായിരുന്നു. 2024 അവസാനത്തോടെ അത് 8,30,000 ആയി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഒരു മില്യണിലധികമാകുമെന്ന് എച്ച്എസ്ഇയും ആരോഗ്യ വകുപ്പും പ്രതീക്ഷിക്കുന്നു.
ഇയുവിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആയുര്‍ദൈര്‍ഘ്യമാണ് അയര്‍ലണ്ടിലുള്ളത്.പ്രായമായവരുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നത് എല്ലാവരുടെയും ആവശ്യമാണ്.
പ്രായമുള്ളവരില്‍ 30%വും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍
45നും 65നും ഇടയില്‍ പ്രായമുള്ളവരില്‍ 30 ശതമാനവും വിട്ടുമാറാത്ത രണ്ട് രോഗങ്ങളുള്ളവരാണ്.ഹൃദ്രോഗ, സിഒപിഡി പോലുള്ള ശ്വാസകോശ രോഗ ബാധിതരുമാണ്.
65നും 84നും ഇടയില്‍ പ്രായമുള്ളവരില്‍, മൂന്നില്‍ രണ്ട് പേര്‍ക്കും മൂന്നോ അതിലധികമോ രോഗങ്ങളുണ്ട്, ഹൃദയം, ശ്വാസകോശം, അസ്ഥി പ്രശ്‌നങ്ങള്‍ എന്നിവയാണവ. 85 വയസും അതില്‍ കൂടുതലുമുള്ളവരില്‍, 85 ശതമാനം പേര്‍ക്കും നാലോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങളുണ്ട്. ഹൃദയം, ശ്വാസകോശം, അസ്ഥികള്‍, ഡിമെന്‍ഷ്യ, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയും ഈ പ്രായത്തിലുള്ളവരില്‍ സാധാരണമാണ്.
65 വയസ്സിനു മുകളിലുള്ളവരില്‍, അഞ്ച് ശതമാനം പേര്‍ 15ല്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുന്നവരാണ്. രണ്ട് ശതമാനം പേര്‍ പത്തോ അതില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുന്നു.
ജിപിമാരിലും പ്രായമായവരേറുന്നു
ജിപിമാരിലും പ്രായമായവരേറുകയാണെന്ന് ഡോ. ക്വിന്‍ലാന്‍ പറഞ്ഞു.65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഏകദേശം 600 ജിപിമാരുണ്ടെന്നാണ് കണക്ക്.ഇവരില്‍ മുന്നൂറ് പേര്‍ 65നും 69 നും ഇടയില്‍ പ്രായമുള്ളവരാണ്. 300 ജിപിമാര്‍ ഇപ്പോഴും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. 2030 ആകുമ്പോഴേക്കും, 65 വയസ്സും അതില്‍ കൂടുതലുമുള്ള കൂട്ടര്‍ വിരമിച്ചേക്കും.വിരമിക്കുന്നവരുടെ എണ്ണവും ഗണ്യമായി കൂടുകയാണ്.
ജിപി പരിശീലനം
ജിപി പരിശീലനം വര്‍ദ്ധിപ്പിക്കുന്നതിന് ഐസിജിപി എച്ച്എസ്ഇയുമായും ആരോഗ്യ വകുപ്പുമായും അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോ. ക്വിന്‍ലാന്‍ അറിയിച്ചു.
2015ല്‍ 155 ട്രെയിനി ജിപിമാരാണുണ്ടായിരുന്നത്.2024ല്‍ 350 ട്രയിനികളായി വര്‍ദ്ധിച്ചു. 2026ഓടെയാണ് 350ല്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഗവണ്‍മെന്റ്, ആരോഗ്യ വകുപ്പ്, എച്ച് എസ് ഇ എന്നിവയുടെ പിന്തുണയോടെ രണ്ട് വര്‍ഷം മുമ്പ് തന്നെ ഈ ലക്ഷ്യം നേടാനായി.പരിശീലനം നേടുന്നവരില്‍ ചെറിയ വിഭാഗം, 5-10 ശതമാനം വ്യക്തിപരമായ കാരണങ്ങളാല്‍ കുടിയേറുന്നുവെന്നും ഡോ. ക്വിന്‍ലാന്‍ വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us