/sathyam/media/media_files/qKsvjtEu7WUx42K4kQcH.jpg)
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ കരാര്‍ വോട്ടെടുപ്പിലൂടെ ഐറിഷ് ഡെയ്ല്‍ അംഗീകരിച്ചു.രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ 72നെതിരെ 79 വോട്ടുകള്‍ നേടിയാണ് അസൈലം ആന്‍ഡ് മൈഗ്രേഷന്‍ കരാര്‍ ഐറിഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയത്.
അനധികൃതവും ,അല്ലാത്തതുമായ കുടിയേറ്റം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിന് ഒറ്റയ്ക്ക് മാറിനില്‍ക്കാനാവില്ലെന്ന് ഭരണപക്ഷം വാദിച്ചു.ഇ യുവുമായി ചേര്‍ന്ന് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.ഈ നിലപാടിനാണ് പാര്‍ലമെന്റിലെ ഭൂരിപക്ഷവും പിന്തുണച്ചത്.സിന്‍ഫെയ്ന്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് അനിവാര്യമായത്.
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകര്‍ക്കായുള്ള നിയമപരമായ നടപടികളും സമയക്രമവും അവതരിപ്പിക്കുന്ന ഈ കരാറിനെ പിന്തുണയ്ക്കുമെന്ന് മാര്‍ച്ച് മാസത്തില്‍ത്തന്നെ ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്റി പ്രഖ്യാപിച്ചിരുന്നു.
അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ ജീവനക്കാര്‍,പുതിയ അക്കൊമൊഡേഷന്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം, അതിര്‍ത്തി സുരക്ഷ, വിരലടയാള ശേഖരണം എന്നിവയൊക്കെയും കരാറിന്റെ ഭാഗമാകും.
എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ക്കെതിരെ പ്രതിപക്ഷത്തുനിന്നടക്കം വ്യാപകമായ വിമര്‍ശനമുയര്‍ന്നു.കരാറിന്റെ ഭൂരിഭാഗം വ്യവസ്ഥകളും അയര്‍ലണ്ടിന്റെ താല്‍പ്പര്യത്തിന് ഹാനികരമാണെന്നും അവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സിന്‍ഫെയ്ന്‍ രംഗത്തുവന്നു. വരാന്‍ പോകുന്ന സര്‍ക്കാരുകള്‍ക്ക് ഈ കരാര്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും സിന്‍ ഫെയ്ന്‍ ആരോപിച്ചു.
അയര്‍ലണ്ടും യൂറോപ്പും ഒത്തു ചേര്‍ന്ന് മൈഗ്രേഷന്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് പുതിയ കരാറെന്ന് ജസ്റ്റിസ് മന്ത്രി പറഞ്ഞു. കരാറിനെ അംഗീകരിച്ച ഡെയ്ല്‍ നടപടിയെ മന്ത്രി സ്വാഗതം ചെയ്തു.
കരാര്‍ നടപ്പിലാക്കാന്‍ സമയമെടുക്കുമെന്നും അയര്‍ലണ്ട് അതിനായി കാത്തിരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ കരാറിനനുസൃതമായ മാറ്റങ്ങള്‍ ‘ഇതിനകം തന്നെ അയര്‍ലണ്ടിന്റെ സിസ്റ്റത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും’ മന്ത്രി പറഞ്ഞു.
യുദ്ധത്തെ തുടര്‍ന്നും മറ്റും അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കാനും അര്‍ഹതയില്ലാത്തവരെ ഉടന്‍ തിരികെ അയക്കാനുമെല്ലാം കരാര്‍ പ്രകാരം നമുക്ക് കഴിയുമെന്നുമാണ് സര്‍ക്കാരിന്റെ വാദം .
പുതിയ ഇ യു കുടിയേറ്റ കരാറിനെ അടുത്തറിയുമ്പോള്‍....
യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന കുടിയേറ്റ കരാറിനെ അയര്‍ലണ്ട് അംഗീകരിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പുതിയ കരാറിന്റെ പ്രധാന ഘടകങ്ങളും വ്യവസ്ഥകളുമൊക്കെ മനസ്സിലാക്കുന്നത് നന്നായിരിക്കും.
സംരക്ഷണം ആവശ്യമുള്ളവരെ സഹായിക്കാനും യൂറോപ്പിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകര്‍ഷിക്കാനുമാണ് ഈ യൂറോപ്യന്‍ കരാര്‍ ലക്ഷ്യമിടുന്നത്.
സമീപകാലം വരെ അയര്‍ലണ്ടില്‍ കുടിയേറ്റം പ്രധാന ചര്‍ച്ചാ വിഷയമായിരുന്നില്ല. എന്നാല്‍ ഉക്രൈയിനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പെട്ടെന്നുള്ള പ്രവാഹവും താമസ സൗകര്യങ്ങളുടെ രൂക്ഷമായ അഭാവവും വലിയ ആശങ്കയാണ് അയര്‍ലണ്ടിലുണ്ടാക്കിയത്.തൊട്ടുപിന്നാലെ കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂ കെ ,അഭയാര്‍ത്ഥികളെ കൂട്ടത്തോടെ നാട് കടത്താന്‍ ഒരുങ്ങിയതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കയറി രക്ഷപെട്ട അഭയാര്‍ഥികളില്‍ അധികവും ,അയര്‍ലണ്ടിലേക്ക് നീങ്ങി. പാലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, പാകിസ്ഥാന്‍, സോമലിയ, നൈജീരിയ എന്നി രാജ്യങ്ങളില്‍ നിന്നുമുള്ള അനധികൃത റഫ്യൂജികള്‍ അങ്ങനെയാണ് ഒറ്റയടിയ്ക്ക് അയര്‍ലണ്ടില്‍ എത്തപ്പെട്ടത്. അതിര്‍ത്തിയില്‍ കാര്യമായ ചെക്കിംഗുകള്‍ ഇല്ലാതിരുന്നതും,പ്രത്യേക വിഭാഗങ്ങളുടെ പിന്തുണയും ഇവര്‍ക്കുണ്ടായത് കാര്യങ്ങള്‍ എളുപ്പമാക്കി.
ഈ പ്രശ്നം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ അയര്‍ലണ്ടിന് കഴിയില്ലെന്ന നില ഇതോടെ സംജാതമായി.അഥവാ സജാതമാക്കി..ഇയുവിലെ മറ്റ് അംഗരാജ്യങ്ങളുമായി ഐക്യപ്പെട്ട് മാത്രമേ ഈ ആഗോള പ്രശ്‌നം കൈകാര്യം ചെയ്യാനാകൂവെന്നും ബോധ്യപ്പെട്ടു.തുടര്‍ന്നാണ് ഇ യുവിന്റെ കുടിയേറ്റ കരാറിനെ ഐറിഷ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇ യുവും കുടിയേറ്റവും
2015-2016ല്‍ നേരിട്ട അഭയാര്‍ത്ഥി പ്രതിസന്ധിയാണ് യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ സമ്പ്രദായത്തിലെ പോരായ്മകള്‍ തുറന്നുകാട്ടിയത്. 2022ല്‍ റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് ഉക്രൈയ്നില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ യൂറോപ്പിലേയ്ക്ക് ഒഴുകിയതോടെ മാനുഷിക പ്രതിസന്ധി രൂക്ഷമായി.
2024 ഏപ്രിലില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതാണ് ഈ കരാര്‍.പൊതു നിര്‍വ്വഹണ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഓരോ അംഗരാജ്യങ്ങളും അവരുടേതായ മൈഗ്രേഷന്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്തണം. ഈ പദ്ധതികള്‍ 2024 ഡിസംബറോടെ തയ്യാറാകുമെന്നാണ് കരുതുന്നത്. കരാറിന്റെ നിയമങ്ങള്‍ 2026ല്‍ പ്രയോഗത്തില്‍ വരുമെന്നും പ്രതീക്ഷിക്കുന്നു.
സി ഇ എ എസില്‍ നിന്നും എ എം എം ആറിലേയ്ക്ക്
ഇ യുവിന്റെ കോമണ്‍ യൂറോപ്യന്‍ അസൈലം സിസ്റ്റത്തിന്റെ (സി ഇ എ എസ്) പരിഷ്‌കരിച്ച രൂപമാണ് പുതിയ കരാര്‍.സി ഇ എ എസ് 1999ലാണ് സ്ഥാപിച്ചത്. എന്നിരുന്നാലും എല്ലാ അംഗരാജ്യങ്ങളുടെയും പൂര്‍ണ്ണ പിന്തുണ നേടാന്‍ അതിന് കഴിഞ്ഞില്ല.
സി ഇ എ എസ്ന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഡബ്ലിന്‍ റെഗുലേഷനായിരുന്നു.അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന ആദ്യ പോയിന്റ് എന്നതിനെ അടിസ്ഥാനമാക്കി ആ രാജ്യത്തിന് അഭയാര്‍ത്ഥികളുടെ ഉത്തരവാദിത്വം നല്‍കുന്നതായിരുന്നു ഇത്.യഥാര്‍ത്ഥത്തില്‍ ഈ കരാര്‍ അനുസരിച്ച് അയര്‍ലണ്ടിന് റഫ്യൂജികളെ സംരക്ഷിക്കേണ്ട അവസരം ഉണ്ടാവില്ലായിരുന്നു.കാരണം അയര്‍ലണ്ട് ഒരിക്കലും റഫ്യൂജികളുടെ ആദ്യ പോയിന്റ് ആകാനുള്ള ഭൂമിശാസ്ത്രപരമായ സാഹചര്യം അല്ല അയര്‍ലണ്ടിന്റേത് എന്നത് തന്നെ. എന്നാല്‍ സര്‍ക്കാരിന്റെ കഴിവ് കേട് മുതലെടുത്ത് അഭയാര്‍ത്ഥികള്‍ നുഴഞ്ഞ് കയറി അവകാശം സ്ഥാപിക്കുകയായിരുന്നു.ഇവരില്‍ അധികവും അവരുടെ ഐഡിന്റിറ്റി തെളിയിക്കാന്‍ യാതൊരു രേഖകളും കൈയിലില്ലാത്തവര്‍ ആയിരുന്നു.ഇങ്ങനെ വന്നവരില്‍ ഒരു വിഭാഗം ഉക്രൈനില്‍ നിന്നും എത്തിയവരെന്നും അവകാശപ്പെടുന്നുണ്ട്.
വിവിധ രാജ്യങ്ങളില്‍ ഒന്നിലധികം അഭയാര്‍ത്ഥികള്‍ അപേക്ഷ നല്‍കുന്നത് തടയുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് 1990 മുതലുള്ള നിലവിലുള്ള ഇ യൂ കുടിയേറ്റ നിയമം.. എന്നാല്‍ പ്രതിസന്ധി സാഹചര്യങ്ങളും ആധുനിക കുടിയേറ്റ രീതികളും കൈകാര്യം ചെയ്യുന്നതിന് ഇത് അപര്യാപ്തമാണെന്ന് തെളിഞ്ഞു.
കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ധാര്‍മ്മികവും നിയമപരവുമായ ബാധ്യതകളുണ്ട്.എന്നാല്‍ ഡബ്ലിന്‍ റെഗുലേഷന്‍ യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തികളിലെ ഒരു പിടി അംഗരാജ്യങ്ങളില്‍ മാത്രമായി ഈ ഉത്തരവാദിത്വം ഒതുക്കി നിര്‍ത്തിയിരുന്നു.
മാനദണ്ഡങ്ങള്‍ വിശദമാക്കി എ എം എം ആര്‍
ഡബ്ലിന്‍ റെഗുലേഷന് പകരം ഒരു പുതിയ അസൈലം ആന്‍ഡ് മൈഗ്രേഷന്‍ മാനേജ്‌മെന്റ് റെഗുലേഷ(എ എം എം ആര്‍)നാണ് ഇപ്പോഴത്തെ കരാര്‍ കൊണ്ടു വരുന്നത്.ഇതില്‍ ഓരോ രാജ്യത്തിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കും. അസൈലം അപേക്ഷാ പ്രക്രിയയുടെ ദുരുപയോഗം തടയും.
സോളിഡാരിറ്റി മെക്കാനിസമാണ് പുതിയ കരാര്‍ വിഭാവനം ചെയ്യുന്നത്. അതിര്‍ത്തികളിലെത്തുന്ന അഭയാര്‍ത്ഥികളെ ഓരോ അംഗരാജ്യത്തിനും പങ്കുവെക്കാനാകും.
രാജ്യങ്ങള്‍ക്ക് അഭയം തേടുന്നവരെ ഹോസ്റ്റ് ചെയ്യാം. അതല്ലെങ്കില്‍ തയ്യാറുള്ള മറ്റ് അംഗരാജ്യങ്ങള്‍ക്ക് കൈമാറാം.അതിന് യൂറോപ്യന്‍ യൂണിയന്റെ പൊതുഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്.
കരാറിന്റെ നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍
വേഗത്തിലുള്ള സംയോജിത നടപടിക്രമങ്ങള്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്താന്‍ സഹായിക്കുമെന്ന് കരാര്‍ അടിവരയിടുന്നു.
ഷെങ്കന്‍, ഇ യു അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കുന്നതിലൂടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനാകും.
വന്‍ തോതിലുള്ള കുടിയേറ്റം മൂലം പ്രതിസന്ധി നേരിടുന്ന അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും മറ്റ് രാജ്യങ്ങളുടെയും പിന്തുണ ലഭിക്കും.
കുടിയേറ്റക്കാര്‍ക്കും ഉപകാരമാവുമെന്ന് സര്‍ക്കാര്‍
ഇ യൂ വിലെ രാജ്യങ്ങള്‍ക്ക് പൊതുഫണ്ടില്‍ നിന്നും ലഭ്യമാവുന്ന പണത്തിന്റെ ആകര്‍ഷണത്തില്‍ ഉപരിയായി മറ്റു ചില ആശയങ്ങളും ,കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമപരമായ വഴികള്‍ വികസിപ്പിക്കുന്നതിലൂടെ ആഗോള പ്രതിഭകളെ ആകര്‍ഷിക്കാനും അനധികൃത കുടിയേറ്റം കുറയ്ക്കാനുമാകുമെന്ന് കരാര്‍ വ്യക്തമാക്കുന്നു.
പ്രമുഖ രാജ്യങ്ങളുമായുള്ള പങ്കാളിത്തം ഉറപ്പാക്കുന്നത് അനധികൃത കുടിയേറ്റത്തിന്റെ ഒഴുക്ക് തടയാന്‍ സഹായിക്കും.കുടിയേറ്റം പ്രതിസന്ധിയാകുന്ന ഘട്ടത്തില്‍ വേഗത്തിലുള്ളതും ഫലപ്രദവുമായ പൊതു ഇടപെടലുകള്‍ ഉറപ്പാക്കാനും ഈ കരാര്‍ സഹായിക്കുമെന്നാണ് യൂറോപ്യന്‍ അംഗ രാജ്യങ്ങളുടെ പ്രതീക്ഷ കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us