/sathyam/media/media_files/2025/11/14/f-2025-11-14-03-31-38.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതുക്കിയ കുടിയേറ്റനയം പുനഃപരിശോധിച്ച് പുതുക്കുമെന്ന ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരീസ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് രാഷ്ട്രീയവും സാമൂഹികവുമായ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി..
”കുടിയേറ്റ നിരക്ക് ഇപ്പോഴുള്ള നിലയില്‍ തുടരാനാകില്ല; നിലവിലെ സംവിധാനം രാജ്യത്തിന്റെ ശേഷിക്കപ്പുറം നീളുകയാണ്,” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രധാന മാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഫലിച്ചു. തീവ്ര വലതുപക്ഷകക്ഷികള്‍ക്ക് കീഴടങ്ങുകയാണ് സര്‍ക്കാരെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുമ്പോഴും സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത് ”നയപരിഷ്‌കാരങ്ങള്‍ മനുഷ്യാവകാശം, സാമൂഹിക സമാധാനം, സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവയെ തുല്യമായി പരിഗണിച്ചായിരിക്കും” എന്നാണ്.
എന്നാല്‍ രാജ്യത്തെ ഫാര്‍ റൈറ്റ് മുന്നേറ്റത്തെ സൈമണ്‍ ഹാരീസും, ഭരണപക്ഷ നേതൃത്വവും പേടിയോടെയാണ് നോക്കികാണുന്നത് എന്നതിനാലാണ് നയം മാറ്റം എന്നത് പകല്‍പോലെ വ്യക്തമാണ് താനും. പ്രധാനമന്ത്രിയുടെ ജനപിന്തുണ ദിനം തോറും ഇടിയുകയാണ്.അടുത്ത ഊഴം സൈമണ്‍ ഹാരീസിന്റെത് തന്നെയാണ്.അതുകൊണ്ടു തന്നെ സൈമണ്‍ ഹാരീസ് പറയുന്നത് കേള്‍ക്കാന്‍ ജനം കാത്തിരിക്കുന്നുണ്ട്.
അഭയാര്‍ത്ഥി അപേക്ഷകള്‍ പാസാക്കുന്നില്ല,അഭയാര്‍ത്ഥികള്‍ പക്ഷെ രാജ്യത്ത് തുടരും
അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരട്ടിയിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നിരസിക്കപ്പെടുന്ന അപേക്ഷകരും മികച്ച താമസ സൗകര്യങ്ങളിലും,സര്‍ക്കാര്‍ ചെലവിലും തുടരും. ”അഭയാര്‍ത്ഥി സംവിധാനം സുതാര്യമല്ല; നിരസിക്കപ്പെട്ടവര്‍ക്ക് തിരിച്ചയയ്ക്കല്‍ നടപടികള്‍ വൈകുന്നു” എന്ന് സൈമണ്‍ ഹാരീസ് തന്നെ തുറന്ന് സമ്മതിക്കുന്നു.. ഇതോടൊപ്പം സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്കായി പുതിയ നിയമങ്ങള്‍ തയ്യാറാക്കുകയാണെന്നും യൂറോപ്യന്‍ യൂണിയനുമായി സംയുക്ത പ്രവര്‍ത്തനരീതി സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എങ്കിലും മനുഷ്യാവകാശ സംഘടനകള്‍ ഈ സമീപനത്തെ ”അഭയാര്‍ത്ഥികളെ കുറ്റവാളികളാക്കുന്ന രാഷ്ട്രീയ ഭാഷ” എന്നാണ് വിളിക്കുന്നത്. അഭയാര്‍ത്ഥി പ്രവാഹത്തിന് ശേഷം അയര്‍ലണ്ടിനെ ഏറ്റവുമധികം ബാധിച്ചത് കുറ്റവാളികളുടെ വര്‍ധനവാണ്. പണ്ടൊക്കെ ഡബ്ലിന്‍ തെരുവുകളില്‍ വല്ലപ്പോഴും മാത്രമാണ് ഒരു സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നത്. ഇപ്പോള്‍ മണിക്കൂറുകള്‍ തോറും പുതിയ ആക്രമണ സംഭവങ്ങളും,മോഷണവും കൊള്ളയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.അയര്‍ലണ്ടിനെ അസ്ഥിരമാക്കാനായുള്ള അധിനിവേശമാണ് ഉണ്ടായിരുന്നതെന്ന ഫാര്‍ റൈറ്റിന്റെ വാദത്തെ സര്‍ക്കാരിനും അംഗീകരിക്കാതെ വയ്യെന്ന അവസ്ഥയാണ് സംജാതമാവുന്നത്.
ഫാമിലി റീ യൂണിഫിക്കേഷന്‍
നോണ്‍-ഇയു കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെ അയര്‍ലണ്ടിലേയ്ക്ക് ഫാമിലി റീ യൂണിഫിക്കേഷന്‍ നയം അനുസരിച്ച് ചേര്‍ക്കാനുള്ള പ്രക്രിയ ഇപ്പോള്‍ വളരെ പ്രയാസകരമാണ്. കഠിനമായ സാമ്പത്തിക മാനദണ്ഡങ്ങളും താമസയോഗ്യതാകുറവും മൂലം നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി വേര്‍പിരിഞ്ഞിരിക്കുകയാണ്. തൊഴിലാളി യൂണിയനുകള്‍ ഇതിനകം തന്നെ ”മനുഷ്യാവകാശം ലംഘിക്കുന്ന നിയമങ്ങള്‍” എന്ന് ആരോപിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടാവുന്നില്ല. ഹാരിസിന്റെ പ്രസ്താവനകള്‍ ഈ മേഖലയിലും മാറ്റത്തിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ കരുതുന്നു, എങ്കിലും ഈ മാറ്റം കൂടുതല്‍ സൗകര്യപ്രദമാക്കാനാണോ നിയന്ത്രണവിധേയമാക്കാനാണോ എന്നത് ഇപ്പോഴും വ്യക്തമല്ല.
തൊഴിലാളികളെ വേണം ,ഇനിയും
അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥ ഇപ്പോഴും വിദേശ തൊഴിലാളികളില്‍ ആശ്രിതമാണ്. ആരോഗ്യപരിചരണം, നിര്‍മാണം, ടെക്നോളജി തുടങ്ങിയ മേഖലകളില്‍ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ നിരക്ക് കുറയ്ക്കാനുള്ള രാഷ്ട്രീയ സമീപനം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ബിസിനസ് സംഘടനകളുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ വക്താക്കള്‍ വ്യക്തമാക്കുന്നത് ”നിയന്ത്രണം അര്‍ത്ഥവത്തായിരിക്കും, എന്നാല്‍ ആവശ്യമായ മേഖലകളില്‍ വിദേശ തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ തുടരും” എന്നതാണ്. അതിനാല്‍ കുടിയേറ്റം പൂര്‍ണ്ണമായി കുറയ്ക്കാനുള്ള ശ്രമമല്ല, മറിച്ച് നിയന്ത്രിത തൊഴില്‍വിസാ സംവിധാനം ഉറപ്പാക്കാനാണ് ലക്ഷ്യം.
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലില്ല
വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഗവേഷണസഹായവും അയര്‍ലണ്ടിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ അടിത്തറയാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഐറിഷ് സര്‍വകലാശാലകളിലെ ഏറ്റവും വലിയ വിഭാഗമാണ്. എങ്കിലും കഴിഞ്ഞ മാസങ്ങളിലെ അരാഷ്ട്രീയ മുന്നേറ്റങ്ങളും കുടിയേറ്റ ചര്‍ച്ചകളും പുതിയ അപേക്ഷകളില്‍ മന്ദഗതിക്ക് കാരണമാകുമോയെന്ന് വിദ്യാഭ്യാസ രംഗത്ത് ആശങ്കയുണ്ട്. ചില ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിനകം തന്നെ ”വിദ്യാര്‍ത്ഥി വിസാ പ്രോസസ്സ് വൈകുന്നു” എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍വകലാശാലകള്‍ മറുവശത്ത് ”വൈവിധ്യവും സ്വാഗതവുമാണ് ഞങ്ങളുടെ നയത്തിന്റെ അടിസ്ഥാനങ്ങള്‍” എന്ന് വ്യക്തമാക്കിക്കൊണ്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കുകയാണ്.
സര്‍ക്കാര്‍ കീഴടങ്ങിയോ?
കുടിയേറ്റവുമായി ബന്ധപ്പെട്ട പൊതു സമ്മര്‍ദ്ദങ്ങള്‍ രാഷ്ട്രീയ വലതുപക്ഷത്തെ ശക്തിപ്പെടുത്തിയതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഡബ്ലിന്‍, കോര്‍ക്ക് , ഗാള്‍വേ തുടങ്ങിയ നഗരങ്ങളില്‍ അഭയാര്‍ത്ഥി താമസകേന്ദ്രങ്ങളെ എതിര്‍ത്ത് പ്രതിഷേധങ്ങള്‍ നടന്നു. സോഷ്യല്‍ മീഡിയയിലൂടെ സംഘടിപ്പിച്ച ഈ പ്രതിഷേധങ്ങളില്‍ ”നാഷണലിസ്റ്റ്” സംഘടനകളുടെ പങ്ക് വ്യക്തമായതായി പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹാരിസിന്റെ ഇപ്പോഴത്തെ പ്രസ്താവനകള്‍ പുതിയ പശ്ചാത്തലത്തില്‍ വന്നതിനാല്‍ ”വലത് പ്രേരിത രാഷ്ട്രീയത്തിനുള്ള വഴങ്ങലാണ്” എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത് ”അഭയാര്‍ത്ഥി വിരുദ്ധതയോ വിദ്വേഷ രാഷ്ട്രീയമോ അയര്‍ലണ്ടിന്റെ ഭാഗമാകില്ല” എന്നതാണ്.
അടുത്ത മാസം പ്രതീക്ഷിക്കാം
ഐറിഷ് സര്‍ക്കാര്‍ , കുടിയേറ്റ നയം പൂര്‍ണമായി പുനഃപരിശോധിക്കുകയാണെന്ന് സൈമണ്‍ ഹാരീസ് സ്ഥിരീകരിച്ചു. ”നിയന്ത്രിതവും ന്യായവുമായ കുടിയേറ്റ സംവിധാനമാണ് ലക്ഷ്യം,” എന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അഭയാര്‍ത്ഥി പ്രക്രിയ വേഗത്തിലാക്കുക, കുടുംബ പുനഃസംയോജനത്തിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, തൊഴില്‍ വിസാ പരിധികള്‍ പുനര്‍ക്രമീകരിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പരിഗണനയിലാണ്. രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് പോലെ കുടിയേറ്റത്തിനെതിരെ വാതില്‍ അടയ്ക്കുന്നില്ല; മറിച്ച് നിയന്ത്രിതവും ആവശ്യാധിഷ്ഠിതവുമായ ഒരു സംവിധാനത്തിലേക്കാണ് നീങ്ങുന്നത്.”
സൈമണ്‍ ഹാരീസിന്റെ പ്രസ്താവനകള്‍ ഐറിഷ് കുടിയേറ്റ നയത്തില്‍ പുതിയ ദിശാസൂചനകളെ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ അഭയാര്‍ത്ഥി സമ്മര്‍ദ്ദം, തൊഴില്‍ ആവശ്യകത, സാമൂഹിക ഏകത്വം എന്നീവയില്‍ പുതിയ ദിശാബോധം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ പ്രക്രിയ രാഷ്ട്രീയമായി കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്ക് വേദിയാകാനാണ് സാധ്യത.
അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന കുടിയേറ്റ നയപ്രഖ്യാപനം രാജ്യത്തിന്റെ മനുഷ്യാവകാശ പ്രതിബദ്ധതയും തൊഴില്‍ അധിഷ്ഠിത സാമ്പത്തിക പുരോഗമനവും നിര്‍ണയിക്കുന്ന പ്രധാന ദിശാബോധം നല്‍കുന്നതായിരിക്കും..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us