വിപണിയില്‍ പുതിയ വീടുകള്‍ വരുന്നില്ല : അയര്‍ലണ്ടില്‍ വീടുകളുടെ വാടക തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു

New Update
F

ഡബ്ലിന്‍: വിപണിയില്‍ പുതിയ വീടുകളെത്താത്തതിനാല്‍ അയര്‍ലണ്ടില്‍ വീടുകളുടെ വാടക തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഡാഫ്ട് റിപ്പോര്‍ട്ട്.തുടര്‍ച്ചയായ 18 പാദങ്ങളില്‍ ഈ പ്രവണത തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.മാര്‍ക്കറ്റ് റെന്റുകളില്‍ 4.3% വര്‍ദ്ധനവാണുണ്ടായത്.ഈ വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മാത്രം മാര്‍ക്കറ്റ് റെന്റുകളില്‍ ശരാശരി 1.7% വര്‍ദ്ധനവുണ്ടായി.കോവിഡിന് മുമ്പുള്ളതിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണ് ഇപ്പോഴത്തെ വാടക.2007 അവസാനത്തെ സെല്‍റ്റിക് ടൈഗര്‍ പീക്കിനേക്കാള്‍ മൂന്നില്‍ രണ്ട് കൂടുതലാണിതെന്നും വര്‍ദ്ധനവ് വെളിപ്പെടുത്തുന്നു.

Advertisment

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ക്വാര്‍ട്ടറില്‍ ടു ബെഡ് റൂം അപ്പാര്‍ട്ട്മെന്റിന്റെ ശരാശരി മാസ വാടക 2,080 യൂറോയായിരുന്നു. കോര്‍ക്ക് സിറ്റിയില്‍ 9.3%വും ഗോള്‍വേ, ലിമെറിക്ക് നഗരങ്ങളില്‍ 6%വും വാടക കൂടി. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ 11.4% വര്‍ദ്ധനവാണ് വാടകയിലുണ്ടായത്.നഗരങ്ങള്‍ക്ക് പുറത്ത്, ഇന്‍ഫ്ളേഷന്‍ നിരക്ക് 5%ന് മുകളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

നവംബര്‍ ഒന്നിലെ കണക്കനുസരിച്ച് രാജ്യത്താകെ 1,900 വീടുകളാണ് വാടകയ്ക്ക് ലഭ്യമായത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21% കുറവാണിത്.2015-2019 കാലയളവിലെ ശരാശരിയുടെ പകുതിയില്‍ താഴെയുമാണ്. ഡബ്ലിനില്‍, വാടക വീടുകളുടെ സ്റ്റോക്ക് വര്‍ഷം തോറും മൂന്നിലൊന്ന് ക്രമത്തില്‍ കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ വാടക അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലും സെല്‍റ്റിക് ടൈഗര്‍ പീക്കിനേക്കാള്‍ മൂന്നില്‍ രണ്ട് കൂടുതലുമാണെന്ന് ഡാഫ്ടിന്റെ സ്ഥാപകനും ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ റോണന്‍ ലിയോണ്‍സ് പറഞ്ഞു.

പണപ്പെരുപ്പം 4.3%മായി കുറയുന്നത് സ്വാഗതാര്‍ഹമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വാടക വീടുകളുടെ എണ്ണം കുത്തനെ കുറഞ്ഞത് വരും പാദങ്ങളില്‍ വാടകയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

വാടക വിപണിയിലെ സാഹചര്യങ്ങള്‍ മാറ്റാന്‍ രാജ്യമെമ്പാടും ഗണ്യമായ അളവില്‍ പുതിയ വാടക വീടുകളുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാടക വര്‍ദ്ധനവ് രാജ്യത്തുടനീളം താരതമ്യേന അസമമാണെന്ന് റോണന്‍ ലിയോണ്‍സ് പറഞ്ഞു.ഡബ്ലിനില്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ വാടക ഏകദേശം 18%മാണ് വര്‍ദ്ധിച്ചത്.കൊണാച്ചിലും അള്‍സ്റ്ററിലും ഇതേ കാലയളവില്‍ 76%വും വര്‍ദ്ധിച്ചു.ഡബ്ലിനില്‍ വീടുകളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. അതേസമയം പുതിയ റെന്റല്‍ ഡവലപ്മെന്റുകള്‍ ഒരിടത്തും വരുന്നുമില്ല. തലസ്ഥാനത്ത് വീടുകളുടെ വില ദേശീയ ശരാശരിയേക്കാള്‍ 2.7% വര്‍ദ്ധിച്ചു എന്നിട്ടും റെന്റല്‍ ഇന്‍ഫ്ളേഷന്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Advertisment