/sathyam/media/media_files/He94y4uDAsoZH9c4VBlJ.jpg)
ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനിലാകെ നടപ്പാക്കാനുദ്ദേശിക്കുന്ന ഏകീകൃത കുടിയേറ്റ നിയമത്തിനെതിരെ ഡെയ്ലില്‍ വോട്ടു ചെയ്യുമെന്ന ഭീഷണിയുമായി പ്രതിപക്ഷ കക്ഷികള്‍. യൂറോപ്യന്‍ രാജ്യങ്ങളാകെ ഒന്നിച്ചുനീങ്ങേണ്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ഈ വെല്ലുവിളി സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി.
അതിര്‍ത്തികളിലും കുടിയേറ്റത്തിലും യൂറോപ്യന്‍ യൂണിയനില്‍ ഉടനീളം നിയമങ്ങള്‍ ഏകീകൃതമാക്കുക എന്നതാണ് മൈഗ്രേഷന്‍ കരാര്‍ ലക്ഷ്യമിടുന്നത്.
ഇന്നാണ് ഈ വിഷയത്തില്‍ ഡെയ്ലില്‍ വോട്ടെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി ഇന്നലെ വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോഴാണ് രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇ യു മൈഗ്രേഷന്‍ കരാറിനെതിരായ നിലപാടുകള്‍ പുറത്തുവന്നത്.
സര്‍ക്കാര്‍കക്ഷികള്‍ കൂട്ടത്തോടെ ബില്ലിനെ പിന്തുണച്ചപ്പോള്‍ സിന്‍ഫെയ്ന്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കരാറിനെതിരെ രംഗത്തുവന്നു.കരാറിലെ എല്ലാ വശങ്ങളോടും യോജിപ്പില്ലാത്തതിനാല്‍ കരാര്‍ അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
വോട്ടെടുപ്പില്‍ ബില്‍ പാസ്സായാല്‍ ഇ യു മുന്നോട്ടുവെച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും അയര്‍ലണ്ടിന് ബാധകമാകും.അതിനാല്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ അനുസരിച്ച് അഭയാര്‍ത്ഥികള്‍ ആദ്യമായി പ്രവേശിക്കുന്ന രാജ്യമാണ് അവരെ സ്വീകരിച്ച് അവകാശവാദങ്ങള്‍ പരിശോധിക്കേണ്ടത്. നിലവിലുള്ള നിയമം അനുസരിച്ച് യാതൊരു കാരണവശാലും, അയര്‍ലണ്ടില്‍ ഒരു അഭയാര്‍ത്ഥി ആദ്യമായി വന്നെത്താനുള്ള സാഹചര്യമില്ല.
യൂ കെ വഴിയോ ,മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിയ ശേഷം മാത്രമേ അവര്‍ക്ക് ഇവിടെ എത്താനാവു.എന്നാല്‍ പുതിയ നിയമം അനുസരിക്കുന്നതോടെ എവിടെ നിന്നും അഭയാര്‍ത്ഥി എത്തിയാലും അവരെ അംഗീകരിക്കേണ്ടി വരും.
അടിയന്തര സാഹചര്യങ്ങളില്‍ രാജ്യങ്ങളിലെ അഭയാര്‍ത്ഥി സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. അഭയാര്‍ഥികളുടെ അവകാശവാദങ്ങള്‍ പരിശോധിക്കാനും ആവശ്യമായി വന്നാല്‍ അവരെ തടങ്കലിലാക്കാനും കഴിയും.
ഈ വ്യവസ്ഥകളെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. എന്നിരുന്നാലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഡാറ്റ പങ്കിടല്‍ പോലുള്ള ചില ഘടകങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചു.
അഭയാര്‍ത്ഥികളുടെ അവകാശം പരിമിതപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകള്‍ ഈ നിയമനിര്‍മ്മാണത്തെ നേരത്തേ തന്നെ രംഗത്തുവന്നിരുന്നു. തടങ്കല്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതും ഔട്ട്‌സോഴ്‌സിംഗ് പ്രോസസ്സിംഗ് പോലുള്ളവ മനുഷ്യാവകാശ ലംഘനമാണെന്നും സംഘടനകള്‍ ആരോപിച്ചിരുന്നു.
തീവ്ര വലതുപക്ഷത്തിന്റെ ചട്ടുകമാകരുതെന്ന് പ്രധാനമന്ത്രി
യുദ്ധം തുടങ്ങിയ പീഡനങ്ങളില്‍ നിന്നും പലായനം ചെയ്യുന്നവരെ അനുകമ്പയോടെ പരിഗണിക്കണമെന്നാണ് ഐറിഷ് ജനത ആഗ്രഹിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് കരാറിന്മേലുള്ള തന്റെ വാദങ്ങള്‍ അവതരിപ്പിച്ചത്.
തീവ്ര വലതുപക്ഷക്കാരുടെ ചട്ടുകമാകരുതെന്നും സാമാന്യബുദ്ധിയോടെ ചിന്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.അയര്‍ലണ്ടിന് അനുയോജ്യവും ഫലപ്രദവുമായ കുടിയേറ്റ നയം ഉറപ്പാക്കേണ്ടത് കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ സമ്മര്‍ദ്ദങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളെല്ലാം ഉറപ്പാക്കുന്നതാണ് കരാറെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
കുടിയേറ്റത്തിന് സമഗ്രമായ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണ് ഉടമ്പടി നല്‍കുന്നതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.ഇതില്‍ അയര്‍ലണ്ടിന്റെ പങ്കാളിത്തം വളരെ പ്രധാനമാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
കരാറില്‍ ചേര്‍ന്നില്ലെങ്കില്‍ ഒറ്റപ്പെടുമെന്ന് ജസ്റ്റിസ് മന്ത്രി
നീതിയുക്തമായ ഒരു സംവിധാനം കൊണ്ടുവരുമെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു. അയര്‍ലണ്ടിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ കൈകാര്യം ചെയ്യാന്‍ നിലവിലെ സംവിധാനത്തിന് കഴിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ അയര്‍ലണ്ട് ഒറ്റപ്പെടുമെന്നും മന്ത്രി പറഞ്ഞു.
മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ആളുകളെ തിരിച്ചയക്കാന്‍ നിയമപരമായി കഴിയാതെ വരുമെന്നും മന്ത്രി പറഞ്ഞു.കരാറിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ബദല്‍ പദ്ധതികളൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അവര്‍ വിമര്‍ശിച്ചു.
ഭാവി സര്‍ക്കാരുകളെ അപകടത്തിലാക്കുമെന്ന് സിന്‍ ഫെയ്ന്‍
ഈ വാദത്തിനെതിരെ സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് രംഗത്തുവന്നു.ശക്തമായ ബദല്‍ തന്റെ പാര്‍ട്ടി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഈ കരാര്‍ അയര്‍ലണ്ടിന്റെ പരമാധികാരത്തെ അടിയറവെയ്ക്കുന്നതാണെന്നും സിന്‍ഫെയന്‍ ആരോപിച്ചു.കരാറിലെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുന്നത് ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് വലിയ അപകടമുണ്ടാക്കും.
അയര്‍ലണ്ടിന്റെ കുടിയേറ്റ നയം സര്‍ക്കാരും ഐറിഷ് ജനതയും ചേര്‍ന്ന് രൂപീകരിക്കണം. അത് സാമാന്യ ബുദ്ധിക്കും സാമാന്യ മര്യാദയ്ക്കും നിരക്കുന്നതുമായിരിക്കണമെന്നും മേരി മക് ഡൊണാള്‍ഡ് പറഞ്ഞു.
അയര്‍ലണ്ടിനും യുകെയ്ക്കും ഇടയിലുള്ള കോമണ്‍ ട്രാവല്‍ ഏരിയയില്‍ കരാര്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആശങ്കയുണ്ട്. ഇതൊന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്ന് മക് ഡൊണാള്‍ഡ് പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ അഭയാര്‍ത്ഥികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഇടപെടാത്തത് സര്‍ക്കാരിന്റെ കഴിവില്ലായ്മായാണ്. സര്‍ക്കാര്‍ സമീപനം ആളുകളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. ജനങ്ങളില്‍ ഭിന്നിപ്പിനും കാരണമാകുന്നു. എതിര്‍ക്കുന്നവരെയെല്ലാം വംശീയവാദികള്‍ എന്നു മുദ്രകുത്തുന്നത് പേടിപ്പെടുത്തുന്നതാണെന്നും ഇവര്‍ പറഞ്ഞു.
മനുഷ്യാവകാശ ലംഘനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
കരാറിനെക്കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിച്ച ആശങ്കകളോട് പാര്‍ട്ടിക്ക് യോജിപ്പുണ്ടെന്ന് സിന്‍ ഫെയ്ന്‍ പാര്‍ട്ടി നേതാവ് അഭിപ്രായപ്പെട്ടു.
അഭയം തേടുകയെന്നതിനെ ഒരു രാജ്യത്തിനും ഒഴിവാക്കാനാവാത്ത മനുഷ്യാവകാശമാണെന്ന് ലേബര്‍ നേതാവ് ഇവാന ബാസിക് പറഞ്ഞു. കരാറിന്റെ നല്ല വശങ്ങളോടെല്ലാം യോജിക്കുന്നു.
എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി നയങ്ങളും യാത്രയ്ക്കുള്ള നിര്‍ദ്ദേശങ്ങളും ആശങ്കപ്പെടുത്തുന്നതാണ്. കരാറില്‍ ഗ്ലോബല്‍ സൗത്തിനോട് ഐക്യദാര്‍ഢ്യമില്ലെന്നും അവര്‍ പറഞ്ഞു.
കൂടുതല്‍ മാനുഷികമായ സമീപനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. മനുഷ്യാവകാശങ്ങളുമായി പൊരുത്തപ്പെടാത്ത സംവിധാനത്തിന് ഉടമ്പടി കാരണമാകുമെന്നതിനാല്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്നും അവര്‍ പറഞ്ഞു.
സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവ് ഹോളി കെയ്ന്‍സ് സര്‍ക്കാരിനെ ചോദ്യം ചെയ്തു.ഈ വിഷയം പാര്‍ലമെന്ററി സമിതി ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. അതിന് സര്‍ക്കാര്‍ മെനക്കെട്ടില്ല. ഇലക്ഷന്‍ കഴിയുന്നതുവരെ ഈ വിഷയത്തിന്മേല്‍ സര്‍ക്കാര്‍ അടയിരുന്നുവെന്നും ഹോളി കെയ്ന്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us