ഷാനോൻ നദിയില്‍ നിന്നുള്ള ജലമെടുത്ത് ഡബ്ലിനിലേയും മിഡ്‌ലാന്‍സിലേയും ജലക്ഷാമം മാറ്റാന്‍ പദ്ധതിയായി

New Update
mkloppphju

അയര്‍ലണ്ടിലെ ഈസ്റ്റേണ്‍, മിഡ്‌ലാന്‍ഡ്‌സ് മേഖലകളില്‍ ജലവിതരണം ലക്ഷ്യമിടുന്ന ഷാനോൻ  നദിയിലെ ജല പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

Advertisment

ഷാനന്‍ നദിയില്‍ നിന്ന് ഡബ്ലിനിലെ റിസര്‍വോയറിലേക്ക് പൈപ്പ് വഴി വെള്ളമെത്തിച്ച് വിതരണം നടത്തുന്നതാണ് ഈ പദ്ധതി. പദ്ധതിയ്ക്ക് പ്ലാനിംഗ് അനുമതി വാങ്ങുന്നതിന് അപേക്ഷിക്കുന്നതിനാണ് മന്ത്രിസഭ തീരുമാനിച്ചത്.

ഹൗസിംഗ് മന്ത്രി ഡാരാ ഒ ബ്രിയനാണ് ജല പദ്ധതി സംബന്ധിച്ച പ്രൊപ്പോസല്‍ കാബിനറ്റിന് സമര്‍പ്പിച്ചത്.മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ പ്ലാനിംഗ് അനുമതിക്ക് ഉടന്‍ അപേക്ഷിക്കാനാകും.

പ്ലാനിംഗ് അനുമതി ലഭിച്ചതിനുശേഷം പദ്ധതിക്കെതിരെ കേസുകള്‍ വരാനുള്ള സാധ്യതയും അധികൃതര്‍ മുന്നില്‍ക്കാണുന്നുണ്ട്. അതിനാല്‍ പദ്ധതിയെക്കുറിച്ച് പബ്ലിക് ഹിയറിംഗുമുണ്ടാകും. 2032ഓടെ പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എതിര്‍പ്പുകളുയര്‍ന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി വേണ്ടെന്നുവെയ്ക്കാനുമാകും.

ജലപ്രശ്നത്തിന് ശാശ്വത പരിഹാരം

രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരുടെ ജല ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി ഈ പദ്ധതിക്കുണ്ടാകും.നദിയില്‍ നിന്നുള്ള രണ്ടു ശതമാനം വെള്ളമാണ് ഇതിനായി ഉപയോഗിക്കുക.നോര്‍ത്ത് ടിപ്പററി, ഓഫലി, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിലെ പ്രദേശങ്ങളിലേക്കുള്ള വാട്ടര്‍ കണക്ഷനുകളാണ് പദ്ധതിയിലുള്ളത്.

ഇതിന് പുറമേ ലൂത്ത്, മീത്ത്, കില്‍ഡെയര്‍, കാര്‍ലോ, വിക്ലോ എന്നിവിടങ്ങളിലേക്ക് വെള്ളം തിരിച്ചുവിടാനും പദ്ധതിയില്‍ സംവിധാനമുണ്ടാകും. കാലാവസ്ഥാ ഭീതിയില്ലാതെ സുസ്ഥിരമായി ജലവിതരണം സാധ്യമാക്കുന്നതാണ് ഷാനണ്‍ ജലപദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലെ നാല് കൗണ്ടികളിലെ 1.7 മില്യണ്‍ ആളുകള്‍ക്കും ആവശ്യമായ ജലത്തിന്റെ 85%വും ലിഫി നദിയില്‍ നിന്നു മാത്രമാണ് വിതരണം ചെയ്യുന്നത്. ഇത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരുന്നത്.

പുതിയ ഒരു ജലസ്രോതസ്സ് അടിയന്തിരമായി കണ്ടെത്തേണ്ടതുണ്ടെന്ന് അടുത്തിടെ നടന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ ചീഫ് എക്സിക്യൂട്ടീവ് നില്‍ ഗ്ലീസണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു.ഇതേ തുടര്‍ന്നാണ്  ഷാനോൻ പദ്ധതി പരിഗണിച്ചത്.

Advertisment