/sathyam/media/media_files/2025/12/09/c-2025-12-09-04-05-05.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ എച്ച് ഐ വി രോഗികളില്‍ 75 ശതമാനം വര്‍ദ്ധനവുണ്ടായെന്ന പ്രചാരണവുമായി കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍.ഇതിന് കാരണം കുടിയേറ്റമാണെന്ന് വ്യംഗ്യമായി സൂചിപ്പിച്ച് കുടിയേറ്റ വിരുദ്ധ ഗ്രൂപ്പിലേയ്ക്ക് ആളെയെത്തിക്കാനുള്ള നീക്കമായാണ് ഇതിനെ വിമര്‍ശിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി ഒത്തുനോക്കുമ്പോള്‍ 75 ശതമാനം എയിഡ്സ് രോഗികള്‍ കൂടിയെന്നാണ് പ്രചാരണം.എന്നാല്‍ കഴിഞ്ഞ വര്‍ഷം രോഗനിര്‍ണ്ണയം വര്‍ദ്ധിച്ചെങ്കിലും അതിനുശേഷം കുറവുണ്ടായതായാണ് ഔദ്യോഗിക വിവരം.ഈ വര്‍ഷത്തെ അന്തിമ റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്തുവന്നിട്ടുമില്ല. എച്ച്ഐവിയെക്കുറിച്ചുള്ള പ്രാഥമിക എച്ച് പി എസ് സി ഡാറ്റകള്‍ മാത്രമാണ് ലഭ്യമായുള്ളത്.
വര്‍ഷത്തിലെ ആദ്യ 44 ആഴ്ചകളിലെ (നവംബര്‍ തുടക്കം വരെ) രോഗനിര്‍ണയങ്ങളില്‍ 20 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ടെന്നാണ് ഈ ഡാറ്റ പറയുന്നത്. അയര്‍ലണ്ടില്‍ എച്ച്ഐവി രോഗനിര്‍ണയം 75 ശതമാനം വര്‍ദ്ധിച്ചതായി സൂചിപ്പിക്കുന്ന ഒരു ഡാറ്റയും നിലവിലില്ല. അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ലെങ്കിലും 2025ല്‍ ഇതുവരെ രോഗനിര്‍ണയങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട് താനും. ഈ പശ്ചാത്തലത്തിലാണ് അയര്‍ലണ്ടില്‍ എച്ച്ഐവി രോഗനിര്‍ണ്ണയം 75 ശതമാനം വര്‍ദ്ധിച്ചുവെന്ന് തെറ്റായി പ്രചരിപ്പിക്കുന്ന വീഡിയോ വിവാദമായത്.
അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റത്തെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകനായ നിയാല്‍ മക്കോണലിന്റെ ഈ വീഡിയോ തുടങ്ങുന്നത്.ഡിസംബര്‍ ഒന്നിനാണ് ഫേസ്ബുക്കില്‍ ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 10,000ത്തിലധികംപേര്‍ ഈ വീഡിയോ കണ്ടു.ഇയാളുടെ കുടിയേറ്റ വിരുദ്ധ ഗ്രൂപ്പായ സിയോള്‍ നാ ഹീറിയാനിലേക്ക് ഗോള്‍ഡ് അംഗത്വത്തിനായി സൈന്‍ അപ്പ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയോടെയാണ് വീഡിയോ അവസാനിക്കുന്നത്.അംഗത്വത്തിന് ഒരു വര്‍ഷം 119 യൂറോ നല്‍കണമെന്നും വീഡിയോ അഭ്യര്‍ഥിക്കുന്നു.
2023നെ അപേക്ഷിച്ച് 2024ല്‍ സ്ത്രീകളിലെ എച്ച്ഐവി രോഗനിര്‍ണയത്തില്‍ 41 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ (എച്ച്പിഎസ് സി) നല്‍കിയ ഡാറ്റയില്‍ നിന്നാണ് ഈ കണക്ക് വന്നത്.2024ല്‍ 80 സ്ത്രീകള്‍ക്ക് എച്ച്ഐവി രോഗനിര്‍ണയം നടത്തിയതായി ഇത് കാണിക്കുന്നു. മുന്‍ വര്‍ഷം ഇത് 57 ആയിരുന്നു. 40 ശതമാനത്തിലധികമുള്ള വര്‍ദ്ധനവാണിത്. എന്നാല്‍ പുരുഷന്മാരും സ്ത്രീകളും ഈ ഡാറ്റയില്‍ ഉള്‍പ്പെടുമ്പോള്‍ വര്‍ദ്ധനവിന്റെ തോത് 31 ശതമാനത്തിലും താഴെയായി കുറയും. ഇതു പരിഗണിക്കാതെയാണ് വീഡിയോ പ്രചാരണം.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അയര്‍ലണ്ടില്‍ എച്ച് ഐ വി രോഗനിര്‍ണ്ണയം 75 ശതമാനം വര്‍ദ്ധിച്ചുവെന്ന തെറ്റായ പ്രചാരണമാണ് വീഡിയോയിലൂടെ നടത്തിയത്. 2025നെ 2024മായാണ് ഇദ്ദേഹം താരതമ്യം ചെയ്തത്.ഈ വര്‍ഷത്തെ കണക്കുകള്‍ അന്തിമമായി പുറത്തുവരാത്ത സാഹചര്യത്തില്‍ എങ്ങനെ കഴിഞ്ഞ വര്‍ഷവുമായുള്ള താരതമ്യം സാധ്യമാകുമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു
സ്ത്രീകള്‍ക്കിടയില്‍ പുതിയ എച്ച്ഐവി രോഗനിര്‍ണ്ണയങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നിരുന്നാലും 75 ശതമാനം എന്ന കണക്ക് വളരെ അതിശയോക്തിയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us