വാടകക്കാരിയുടെ അനുമതിയില്ലാതെ അപ്പാര്‍ട്ട്മെന്റില്‍ താമസമാക്കിയ ഭൂവുടമയ്ക്ക് 14500 യൂറോ പിഴയിട്ട് ആര്‍ ടി ബി

New Update
vfdrrrrrrrrrrrrrrrrr5

വാടകക്കാരിയുടെ അനുമതിയില്ലാതെ അപ്പാര്‍ട്ട്മെന്റില്‍ താമസമാക്കിയ ഭൂവുടമയ്ക്ക് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് 14,500 യൂറോ പിഴ (ആര്‍ ടി ബി) ചുമത്തി.ഭൂവുടമയെന്ന നിലയില്‍ വലിയ വീഴ്ചയാണ് അനധികൃതമായി വാടകക്കാരന്റെ വീട്ടില്‍ കടന്നു കൂടിയതെന്ന് ആര്‍ ടി ബി പറഞ്ഞു.

Advertisment

രേഖാമൂലമുള്ള പാട്ടക്കരാറില്‍ ഭൂവുടമ താമസിക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ആര്‍ ടി ബി ചൂണ്ടിക്കാട്ടി.വാടകക്കാരന് സമാധാനപരമായി താമസിക്കാന്‍ അനുവദിക്കാത്തത് ശരിയല്ലെന്നും ബോര്‍ഡ് നിരീക്ഷിച്ചു.

നിയമലംഘനം ചൂണ്ടിക്കാട്ടി റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വാടകക്കാരിയ്ക്ക് നീതി ലഭിച്ചത്.മേയോയിലെ ബല്ലിനയിലെ വെയര്‍ കോര്‍ട്ടില്‍ മൂന്ന് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് കേസിന് ആധാരമായ സംഭവം നടന്നത്.

റിസപ്ഷനിസ്റ്റ് ജോലിക്കിടയിലാണ് ഭൂവുടമയെ ഇവര്‍ പരിചയപ്പെട്ടത്.ബലീനയില്‍ തനിക്ക് ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് ഇയാള്‍ പറഞ്ഞു. അതനുസരിച്ച് 500 യൂറോ ഡെപ്പോസിറ്റ് അടച്ച് 2019 സെപ്റ്റംബര്‍ ഒന്നുമുതല്‍ അവിടെ താമസം തുടങ്ങി.

ഇളയ മകനോടൊപ്പമാണ് വാടകക്കാരി അവിടെ താമസിച്ചിരുന്നത്. ആഴ്ചയില്‍ 125 യൂറോയായിരുന്നു വാടക.2019 ഒക്ടോബറില്‍ ഹൗസിംഗ് അസിസ്റ്റന്റ് പേയ്‌മെന്റ് (എച്ച് എ പി) സ്‌കീമിലേക്ക് അപേക്ഷിക്കുന്നതിനായി ഭൂവുടമയുമായി പാട്ടക്കരാര്‍ ഉണ്ടാക്കി.

ഈ പ്രശ്നത്തില്‍ നിരവധി തവണ ഗാര്‍ഡ ഇടപെട്ടിരുന്നു.പല തവണ ഉടമ അപ്പാര്‍ട്ട്മെന്റിലെത്തിയിരുന്നു.ഇതൊക്കെ വലിയ മാനസിക പ്രശ്നവും സാമ്പത്തിക ചെലവും ദുരിതവുമാണ് വാടകക്കാരിക്കുണ്ടാക്കിയത്.ഇക്കാരണത്താല്‍ താമസം ഒഴിയാനും നിര്‍ബന്ധിതമായി.

വാടകവീട്ടില്‍ സ്ഥിരം പൊറുതിയുമായി ഭൂഉടമ

ഇടയ്ക്ക് രാത്രിയില്‍ അപ്പാര്‍ട്ട്മെന്റില്‍ കിടക്കുന്നതിന് അസൗകര്യമുണ്ടോയെന്ന് ഭൂഉടമ ഇവരോട് ചോദിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞതോടെ അയാള്‍ അതൊരു അധികാരമായി കണ്ടു.

രാപ്പകല്‍ വ്യത്യാസമില്ലാതെ യാതോരു ചോദ്യവും പറച്ചിലുമില്ലാതെ ഇയാള്‍ അവിടെ താമസം തുടങ്ങി.മറ്റ് സ്ത്രീകളുമായും താമസിക്കാനെത്തി. വീട്ടിലെ ടൂത്ത് ബ്രഷ് വരെ ഉപയോഗിക്കുന്ന സ്ഥിതിയുമായി. ഇതോടെയാണ് വാടകക്കാരി ഇതിനെ ശക്തമായി ചോദ്യം ചെയ്തത്.

ഹോട്ടലിലേയ്ക്കോ മറ്റോ മാറാന്‍ ഇവര്‍ ഭൂഉടമയോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് ഇവരെ ഒഴിപ്പിക്കാനായി ഇയാളുടെ ശ്രമം.ഒഴിപ്പിക്കല്‍ നോട്ടീസും ലഭിച്ചു. അതിനിടെ വളരെ മോശമായ സന്ദേശങ്ങളും ഇയാള്‍ അയച്ചു.

വാടകക്കാരി പങ്കാളിയെ തന്റെ അനുമതിയില്ലാതെ താമസിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി എച്ച് എ പിയിലും ആര്‍ ടി ബിയിലും പരാതി നല്‍കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. അപ്പാര്‍ട്ട്മെന്റ് തന്റെ സ്വത്താണെന്നും അവിടെ ഇഷ്ടമുള്ളതൊക്കെ ചെയ്യുമെന്നും അയാള്‍ പറഞ്ഞു.

ഭൂഉടമയുടെ വാദം

കിടപ്പുമുറികളിലൊന്ന് സ്വന്തം ഉപയോഗത്തിനുള്ളതാണെന്ന് വാടകക്കാരിയുമായി സംസാരിച്ച് ധാരണയിലെത്തിയിരുന്നെന്നും വാക്കാല്‍ സമ്മതിച്ചിരുന്നതായി ഭൂവുടമ ബോര്‍ഡില്‍ അവകാശപ്പെട്ടു.

ഡബ്ലിനിലാണ് താമസിക്കുന്നതെന്നും മാസത്തിലൊരിക്കല്‍ മാത്രമേ ബല്ലിനയില്‍ വരാറുള്ളുവെന്നും ഇയാള്‍ പറഞ്ഞു.ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാറുമുണ്ടായിരുന്നു.താന്‍ ഇല്ലാത്തപ്പോള്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാമെന്നും വാടക്കാരി സമ്മതിച്ചിരുന്നു.

ഒരിക്കല്‍ അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോള്‍ അവിടെയൊരു പുരുഷ സുഹൃത്ത് ഉണ്ടായിരുന്നു. വീട് വാടകയ്ക്ക് നല്‍കിയത് വാടകക്കാരിക്കും മകനും താമസിക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഈ വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് ആര്‍ ടി ബി റൂളിംഗ് നല്‍കി.

Advertisment