ബര്‍ക്കിനെ ജയിലടയ്ക്കണമോ വേണ്ടയോ ?: കോടതി തീരുമാനം അടുത്ത ആഴ്ച

New Update
B

ഡബ്ലിന്‍: വിവാദ അധ്യാപകന്‍ എന്ന ബര്‍ക്കിനെ ജയിലടയ്ക്കണമോ വേണ്ടയോയെന്ന കാര്യത്തില്‍ കോടതി തീരുമാനം അടുത്ത ആഴ്ചയുണ്ടാകും.വില്‍സണ്‍സ് ഹോസ്പിറ്റല്‍ സ്‌കൂളുമായുള്ള നിയമപരമായ തര്‍ക്കത്തില്‍ കോടതിയലക്ഷ്യത്തിന് ബര്‍ക്കിനെ മുമ്പ് ജയിലിലേക്ക് അയച്ചിരുന്നു. എന്നിട്ടും കോടതി ഉത്തരവുകള്‍ ലംഘിക്കുന്നത് തുടരുകയാണ് ബര്‍ക്കും കുടുംബവും. കോടതിയലക്ഷ്യത്തിന് ബര്‍ക്കിന് 2,00,000 യൂറോയില്‍ കൂടുതല്‍ പിഴയും മുമ്പ് ചുമത്തിയിരുന്നു.നവംബര്‍ 30ന് മുമ്പ് ഡി എ പി ഈ വിഷയം അവലോകനം ചെയ്യും. അതിനുശേഷം എത്രയും വേഗം കേസില്‍ വാദം കേള്‍ക്കുമെന്നും ജഡ്ജി പറഞ്ഞു.

Advertisment

മുന്‍ ഹിയറിംഗിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബര്‍ക്കിനും മൂന്ന് കുടുംബാംഗങ്ങള്‍ക്കും കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും പിഴയോ തടവോ ലഭിക്കാനിടയുണ്ടെന്നും ജഡ്ജി ജസ്റ്റിസ് ബ്രയാന്‍ ക്രെഗന്‍ പറഞ്ഞു.ചൊവ്വാഴ്ചയ്ക്കകം ഈ വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് ജഡ്ജി പറഞ്ഞു.അച്ചടക്ക അപ്പീലിന്മേല്‍ വാദം മാറ്റിവച്ചതിനാല്‍ ബര്‍ക്കിന് വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും ശമ്പളവും നല്‍കുന്നുണ്ടെന്നും മാനേജ്മെന്റ് കോടതിയെ അറിയിച്ചു.

വിലക്ക് ലംഘിച്ച് ബര്‍ക്ക് ഇപ്പോഴും സ്‌കൂളിലേയ്ക്ക് പ്രവേശിക്കുന്നത് തുടരുകയാണെന്ന് വെസ്റ്റ്മീത്ത് സ്‌കൂള്‍ മാനേജ്മെന്റ് ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.ബര്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സ്‌കൂള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ദുരുപയോഗം കാരണം തൊഴിലാളികള്‍ ഈ ജോലി ഏറ്റെടുക്കുന്നില്ലെന്ന് കോടതിയില്‍ മാനേജ്മെന്റ് അറിയിച്ചു.സ്‌കൂളില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിനുള്ള ചെലവ് വാറ്റ് ഉള്‍പ്പെടെ 1113.45 യൂറോയാണെന്ന് സ്‌കൂള്‍ മാനേജ്മെന്റ് ബോര്‍ഡിന്റെ പ്രതിനിധി കോടതിയെ അറിയിച്ചു.

ബര്‍ക്കിനെ ജയിലിലടയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബോര്‍ഡ് പറഞ്ഞു.അദ്ദേഹത്തിന്റെ കാറുകളോ കുടുംബത്തിന്റെ കാറുകളോ ആന്‍ ഗാര്‍ഡ ഷിക്കോണയോ പിടിച്ചെടുത്ത് വില്‍ക്കണമെന്നും ആഗ്രഹിക്കുന്നില്ല.എന്നാല്‍ സ്‌കൂളില്‍ വരുന്നത് നിര്‍ത്തണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കി.

വെസ്റ്റ്മീത്തിലെ വില്‍സണ്‍സ് ഹോസ്പിറ്റല്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയെ അവന്‍ അഥവാ അവള്‍ എന്നിങ്ങനെയുള്ള ‘ പ്രൊണൗണ്‍സ് ഉപയോഗിക്കാന്‍ അദ്ദേഹം നിരസിച്ചതാണ് പ്രശ്നത്തിന് തുടക്കമായത്.മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ആണോ പെണ്ണോ ആയി മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.തന്റെ മതവിശ്വാസത്തില്‍ അങ്ങനെയാണ് എന്നാണ് അധ്യാപകന്റെ നിലപാട്. ഇതു പിന്നാലെ സ്‌കൂള്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു, പിന്നീട് സ്‌കൂള്‍ പരിധിയില്‍ നിന്ന് അകലെ നില്‍ക്കാന്‍ കോടതി ഉത്തരവും പുറപ്പെടുവിച്ചു.

എന്നാല്‍ ഈ ഉത്തരവ് അവഗണിച്ച ബര്‍ക്ക് പലതവണ സ്‌കൂളിന്റെ പരിസരത്ത് എത്തിയതോടെ കേസിന് പുതിയ വഴിത്തിരിവ് ലഭിച്ചു. കോടതി ഉത്തരവ് ലംഘിച്ചെന്ന കാരണത്താല്‍ അദ്ദേഹം പലതവണ തടവില്‍ കഴിയേണ്ടിവന്നു. വിദ്യാര്‍ത്ഥിയുടെ ലിംഗ ഐഡന്റിറ്റിയെക്കുറിച്ചുള്ള അഭിപ്രായത്തലാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്ന് ബര്‍ക്ക് ആരോപിച്ചെങ്കിലും, കോടതികള്‍ പറയുന്നത് ‘തടവിന് കാരണം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്നതിനാലാണ് എന്നാണ്.

കോടതി വിധികളെ ലംഘിച്ചതിനായുള്ള പിഴയും നിയമ നടപടികളും ഇപ്പോഴും തുടരുന്ന സ്ഥിതിയാണ്. ആയിരക്കണക്കിന് യൂറോ പിഴയായി അടയ്‌ക്കേണ്ടി വന്നതോടൊപ്പം, ശമ്പളവും ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്

നവംബര്‍ അഞ്ചിന് നടന്ന മുന്‍ ഹിയറിംഗില്‍ ഐസക് ബര്‍ക്ക്, മാര്‍ട്ടിന ബര്‍ക്ക്, അമ്മി ബര്‍ക്ക്, എന്ന ബര്‍ക്ക് എന്നിവരുടെ പെരുമാറ്റം പരിധി വിട്ടതായിരുന്നുവെന്ന് ജസ്റ്റിസ് ക്രെഗന്‍ പറഞ്ഞു.കോടതി നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരെയെല്ലാം ഗാര്‍ഡ കോടതിമുറിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോഴും ബര്‍ക്ക് കുടുംബത്തിലെ ആരും ഹാജരായിരുന്നില്ല.ബര്‍ക്കിന്റെ അഭിഭാഷകനും എത്തിയില്ല.ദിവസവും രാവിലെ 10ന് ബര്‍ക്ക് സ്‌കൂളിലെത്തുന്നുണ്ടെന്ന് സ്‌കൂള്‍ മാനേജ്മെന്റ് ബോര്‍ഡിന്റെ ബാരിസ്റ്റര്‍ റോസ്മേരി മാലോണ്‍ പറഞ്ഞു. ബര്‍ക്ക് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും മാലോണ്‍ പറഞ്ഞു.

ബര്‍ക്ക് മൂലമുണ്ടാകുന്ന ദൈനംദിന തടസ്സങ്ങള്‍ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്നും അത് വിദ്യാര്‍ത്ഥികളെ നെഗറ്റീവായി ബാധിക്കുന്നുണ്ടെന്നും മാലോണ്‍ അറിയിച്ചു.ബര്‍ക്കിന്റെ അതിക്രമത്തിന് മുമ്പ് പിഴയിട്ട 15,000 യൂറോ നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും മാലോണ്‍ കൂട്ടിച്ചേര്‍ത്തു.

കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാതെ മിക്കവാറും എല്ലാ സ്‌കൂള്‍ ദിവസവും അദ്ദേഹം അത് ലംഘിക്കാന്‍ ശ്രമിക്കുകയാണ് ബര്‍ക്ക് ചെയ്യുന്നത്.നിയമം തനിയ്ക്ക് ബാധകമല്ലെന്ന് ബര്‍ക്ക് കരുതുന്നതെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു.

Advertisment