/sathyam/media/media_files/w03sBzFpJcBRHKyAyvHW.jpg)
ഡബ്ലിന്‍ : അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യം നല്‍കാനാകാത്തതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ കേസില്‍ പ്രതികളായി സര്‍ക്കാരും മന്ത്രിമാരും. ഇതു സംബന്ധിച്ച് ഐറിഷ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി കമ്മീഷനാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റിയത്.ഇതു സംബന്ധിച്ച് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന് പുറമേ സര്‍ക്കാര്‍ വീഴ്ചകള്‍ സാക്ഷ്യപ്പെടുത്തുന്ന അഭയാര്‍ഥികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും മൊഴികളും സത്യവാങ്മൂലങ്ങളും നല്‍കിയിട്ടുണ്ട്.
ഐറിഷ് റഫ്യൂജി കൗണ്‍സിലിന്റെ പ്രത്യേക സത്യവാങ്മൂലവും ഫയല്‍ ചെയ്തിട്ടുണ്ട്.
കമ്മീഷന്റെ കേസില്‍ ഇന്നലെ വാദം തുടങ്ങി. സര്‍ക്കാര്‍ ഇന്ന് എതിര്‍ സത്യവാങ് മൂലം നല്‍കിയേക്കും. വെള്ളിയാഴ്ച വരെ കേസില്‍ വാദം തുടരുമെന്നാണ് സൂചന.ഇക്വാളിറ്റി മന്ത്രി റോഡ്റിക് ഒ ഗോര്‍മാന്‍, സ്റ്റേറ്റ്, അറ്റോര്‍ണി ജനറല്‍ റോസ ഫാനിംഗ് എന്നിവരെരാണ് കേസിലെ പ്രതികള്‍.
മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ കമ്മീഷന്‍ നടത്തിയത്. അഭയാര്‍ത്ഥികള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നതിന് കഴിയാത്തത് മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരായെത്തിയ ഏതാണ്ട് 3000 ആളുകള്‍ക്കാണ് അക്കൊമൊഡേഷന്‍ നല്‍കുന്നതിന് സാധിക്കാത്തത്.
വീക്ക്ലി അലവന്‍സ് ഒഴികെ അഭയാര്‍ത്ഥികള്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടെന്ന് കമ്മീഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമലംഘനങ്ങളുടെ ഘോഷയാത്ര
അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മൗലികാവകാശങ്ങളുടെ ചാര്‍ട്ടര്‍, മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച യൂറോപ്യന്‍ കണ്‍വെന്‍ഷന്‍, ഐറിഷ് ഭരണഘടന എന്നിവയൊക്കെ സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും കമ്മീഷന്‍ ആരോപിക്കുന്നു.
യൂറോപ്യന്‍ യൂണിയന്റെ മൗലികാവകാശങ്ങളുടെ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ ഒന്ന പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് മതിയായ ജീവിതസൗകര്യം നല്‍കാന്‍ ഭരണകൂടം ബാധ്യസ്ഥമാണെന്ന് ഐ എച്ച് ആര്‍ ഇ സിയുടെ അഭിഭാഷകന്‍ ഇയോന്‍ മക്കല്ലോ വാദിച്ചു.
താമസം, ഭക്ഷണം, അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ തുടങ്ങിയ ഭൗതികാവശ്യങ്ങള്‍ നല്‍കാനാകാത്തത് യൂറോപ്യന്‍ നിയമത്തിന്റെയും ലംഘനമാണെന്ന് മുമ്പ് ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്നും ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. അഭയാര്‍ത്ഥികള്‍ക്ക് വീക്ക് ലി അലവന്‍സില്‍ 75യൂറോ വര്‍ദ്ധിപ്പിച്ചെന്ന് പറഞ്ഞ് ഉത്തരവാദിത്വം മറക്കുകയാണ് സര്‍ക്കാര്‍.
അഭയാര്‍ത്ഥികള്‍ തെരുവില്‍
ഡിസംബറിലാണ് കമ്മീഷന്‍ കോടതിയെ സമീപിച്ചത്. അതിന് ശേഷം അയര്‍ലണ്ടില്‍ എത്തിയ 2,807 പേരുടെ കാര്യത്തിലും സര്‍ക്കാര്‍ വീഴ്ച വരുത്തി.മെയ് പത്താം തീയതിവരെയുള്ള കണക്കനുസരിച്ച് 1,715 പേര്‍ തെരുവിലുണ്ടായിരുന്നു. ഇവരുടെ ആരോഗ്യവും ജീവിതവും ദുരിതത്തിലാണെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര സംരക്ഷണം തേടിയെത്തിയ 2,000 പേര്‍ക്ക് ഇതുവരെ താമസ സൗകര്യം ലഭിച്ചിട്ടില്ലെന്ന് ഇന്റഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നതായും അഭിഭാഷകന്‍ വാദിക്കുന്നു. ഇവരിലേറെ പേരും ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലിനരികിലും മൗണ്ട് സ്ട്രീറ്റിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് സമീപവുമൊക്കെ ടെന്റുകളില്‍ കഴിയുകയാണ്.
അലവന്‍സുകള്‍ ഒന്നിനും തികയില്ല
താമസം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്കായി നല്‍കുന്ന 113.80 യൂറോ തീര്‍ത്തും അപര്യാപ്തമാണെന്നും മക്കല്ലോ കോടതിയെ അറിയിച്ചു.അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ പണം മതിയാകും. എന്നാല്‍ താമസ സൗകര്യം നല്‍കാന്‍ കഴിയാത്തത് വലിയ വീഴ്ചയാണ്.
സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് പലപ്പോഴും സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിയമത്തിന്റെ കാര്യത്തില്‍ പരമാവധി എന്നൊരു പരിധിയില്ലെന്നും നിയമപരമായ ബാധ്യത നിറവേറ്റുക തന്നെ ചെയ്യണമെന്നും ഇദ്ദേഹം വാദിച്ചു.
പണം നല്‍കിയാല്‍പ്പോലും രാജ്യത്ത് താമസസൗകര്യം ലഭിക്കുന്നില്ലെന്നതടക്കമുള്ള മൊഴികളാണ് അഭയാര്‍ത്ഥികളും മറ്റും നല്‍കിയിട്ടുള്ളത്.
അഭയാര്‍ത്ഥികള്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്ലാത്തത് മൂലം താമസ സൗകര്യം ബുക്കുചെയ്യുന്നതില്‍ തടസ്സമുണ്ടെന്ന് ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സിലിന്റെ സത്യവാങ്മൂലം പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us