/sathyam/media/media_files/v7hWJtxbPgTPJpzzwBdT.jpg)
സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിരക്കുന്ന ‘ഇലക്ഷന്‍ പ്രകടന പത്രിക’യാകുമെന്ന് സൂചന നല്‍കി ധനമന്ത്രിയും സാമൂഹികക്ഷേമ മന്ത്രിയും.
ജീവിതച്ചെലവുകള്‍ മൂലം ദുരിതമുഭവിക്കുന്ന വിഭാഗത്തെ ചേര്‍ത്തു പിടിക്കുന്നതായിരിക്കും സര്‍ക്കാര്‍ ബജറ്റെന്നാണ് ഇരുവരും വെളിപ്പെടുത്തുന്നത്.ആരോഗ്യമേഖലയിലെ കെയറര്‍മാര്‍, വികലാംഗര്‍, തൊഴിലാളി കുടുംബങ്ങള്‍, പെന്‍ഷന്‍കാര്‍ എന്നിവരുള്‍പ്പെടെ ദുര്‍ബലരായവര്‍ക്കെല്ലാമുള്ള ക്ഷേമ പാക്കേജുകള്‍ ബജറ്റിലുണ്ടാകും.
സാമൂഹിക ക്ഷേമത്തിന് ഏറ്റവും ഉയര്‍ന്ന വിഹിതം
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് വിഹിതം സാമൂഹിക ക്ഷേമത്തിന് നീക്കിവെയ്ക്കുന്ന ബജറ്റായിരിക്കുമിതെന്നാണ് സാമൂഹികക്ഷേമ മന്ത്രിയുടെ ഓഫര്‍. 1.25 ബില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ സാമൂഹികക്ഷേമത്തിന് നീക്കിവെച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
ജീവിതച്ചെലവ് പാക്കേജായിരിക്കും തന്റെ കന്നി ബജറ്റിന്റെ ഹൈലൈറ്റ്സെന്ന് ധനമന്ത്രി ജാക്ക് ചേംബേഴ്‌സും വ്യക്തമാക്കി. പണപ്പെരുപ്പം1.5% ആയി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ജീവിതച്ചെലവുകള്‍ കണ്ടെത്താന്‍ പാടുപെടുന്നവരേറെയുണ്ട്. അവരെ സഹായിക്കാനാണ് സോഷ്യല്‍ വെല്‍ഫെയര്‍ പായ്ക്കേജ് അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
ഹോട്ട് സ്‌കൂള്‍ മീല്‍സ് പ്രോഗ്രാം എല്ലാ സ്‌കൂളുകളിലും
ഹോട്ട് സ്‌കൂള്‍ മീല്‍സ് പ്രോഗ്രാം എല്ലാ പ്രൈമറി സ്‌കൂള്‍ കുട്ടികളിലേയക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.താല്‍പ്പര്യമുള്ള സ്‌കൂളുകളുമായി ബന്ധപ്പെട്ടു വരികയാണെന്ന് മന്ത്രി പറഞ്ഞു.വര്‍ദ്ധിച്ച വിലക്കയറ്റത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഇക്കാര്യവും സര്‍ക്കാര്‍ പരിഗണിക്കും.
കഴിഞ്ഞ രണ്ട് ബജറ്റുകളിലും പെന്‍ഷന്‍ തുകയില്‍ 12 യൂറോ വീതം വര്‍ദ്ധിപ്പിച്ചിരുന്നതിനാല്‍ ഇക്കുറി പെന്‍ഷന്‍ പേയ്‌മെന്റ് വര്‍ദ്ധനയുണ്ടാകില്ലെന്ന് മന്ത്രി വെളിപ്പെടുത്തി.
ജനപ്രിയമായിരിക്കും… കാത്തിരിക്കാം
ഇന്‍ഹെരിറ്റന്‍സ് ടാക്സില്‍ മാറ്റമുണ്ടാകുമെന്ന സൂചന ധനമന്ത്രി നല്‍കി. എന്നിരുന്നാലും, നികുതി പാക്കേജിനെ കുറിച്ച് കൂടുതലായൊന്നും മന്ത്രി വെളിപ്പെടുത്തിയില്ല. ഈ സര്‍ക്കാരിന്റെ ഈ ഭരണകാലയളവിലെ ഒടുവിലത്തെ ബജറ്റാണിത്. വ്യത്യസ്തമായ ഒട്ടേറെ ജനപ്രിയ നടപടികള്‍ബജറ്റിലുണ്ടാകും. എന്നാല്‍ അവ എന്തായിരിക്കുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റ് ഒരാഴ്ച നേരത്തേ….ഒക്ടോബര്‍ ഒന്നിന്
കൂട്ടുകക്ഷി സര്‍ക്കാരിന്റെ അവസാനത്തേതെന്ന് കരുതുന്ന ബജറ്റ് ഒരാഴ്ച നേരത്തേ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പുതിയ ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ്. കഴിഞ്ഞയാഴ്ച ധനമന്ത്രിയുടെ റോള്‍ ഏറ്റെടുത്ത ചേംബേഴ്‌സിന്റെ കന്നി ബജറ്റാണിത്. ബജറ്റ് ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കുമെന്ന് ധനമന്ത്രി സ്ഥിരീകരിച്ചു.
പൊതു തിരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അഭ്യൂഹമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ മന്ത്രി ഇത് നിഷേധിച്ചു.അടുത്ത വര്‍ഷം മാര്‍ച്ച് വരെയുള്ള മുഴുവന്‍ കാലാവധിയും ഈ സര്‍ക്കാര്‍ ഭരണത്തിലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫിസ്‌കല്‍ ബജറ്ററി സബ്മിഷന്‍ ഒക്ടോബര്‍ 15ന് യൂറോപ്യന്‍ കമ്മീഷനില്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.അതിനു മുമ്പുള്ള ആഴ്ചയില്‍ തനിക്കും മന്ത്രി ഡോണോയ്ക്കും ഇക്കോഫിന്നിലും യൂറോഗ്രൂപ്പ് യോഗത്തിലും പങ്കെടുക്കേണ്ടതുണ്ട്. അതിനാലാണ് ഒക്ടോബര്‍ ഒന്ന് ബജറ്റിനായി തിരഞ്ഞെടുത്തതെന്ന് മന്ത്രി വിശദീകരിച്ചു.
ഇക്കോഫിന്‍ മീറ്റിംഗും യൂറോപ്യന്‍ ധനമന്ത്രിമാരുടെ സമ്മേളനവും ഒക്ടോബര്‍ 8 ന് നടക്കുന്നത്.അതിനാലാണ് ഒക്ടോബര്‍ ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും ആവര്‍ത്തിച്ചു.
ബജറ്റ് നേരത്തേയുണ്ടാവില്ലെന്ന് മൂന്നാഴ്ച മുമ്പ്, മുന്‍ ധനമന്ത്രി മീഹോള്‍ മഗ്രാത്ത് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ അതിന് വിരുദ്ധമായി കാര്യങ്ങള്‍ നീങ്ങുന്നതാണ് നേരത്തേ പൊതു തിരഞ്ഞെടുപ്പുണ്ടാകുമോയെന്ന സംശയത്തിനിടയാക്കുന്നത്.
എന്നിരുന്നാലും ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം പാര്‍പ്പിടം, ഡ്രൈവിംഗ് അഫോര്‍ഡബിലിറ്റി ,താങ്ങാവുന്ന വില, വാടകക്കാരെ പിന്തുണയ്ക്കല്‍ എന്നിവയ്ക്ക് സമ്പൂര്‍ണ്ണ പരിഗണന നല്‍കുന്നതായിരിക്കും തന്റെ ആദ്യ ബജറ്റെന്ന് ചേംബേഴ്സ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us