വര്‍ദ്ധിച്ച ജീവിതച്ചെലവില്‍ കുരുങ്ങി അയര്‍ലണ്ടിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbhggggggggty

ഡബ്ലിന്‍ : വര്‍ദ്ധിച്ച ജീവിതച്ചെലവില്‍ കുരുങ്ങി അയര്‍ലണ്ടിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം.ഇ വൈ ട്രാക്സിന്റെ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ഇന്‍ഡക്സാണ് ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ഉപഭോക്തൃ വികാരങ്ങളും പെരുമാറ്റ രീതികളും വെളിപ്പെടുത്തുന്നത്. സി എസ് ഓ യും സമാന രീതിയിലുള്ള പഠനസർവേ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Advertisment

ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷം, കാലാവസ്ഥാ വ്യതിയാനം, വ്യക്തിഗത സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെയും ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.

അയര്‍ലണ്ടുള്‍പ്പെടെ 30 രാജ്യങ്ങളിലായി 23,000 ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയിലാണ് ആളുകളുടെ നട്ടം തിരിയുന്ന ജീവിത ചിത്രം പുറത്തുവന്നത്. അയര്‍ലണ്ടിലെ 62% കുടുംബങ്ങളും ലോകത്തെമ്പാടുമുള്ള 55% കുടുംബങ്ങളും ജീവിതച്ചെലവില്‍ വലയുന്നവരാണെന്ന് സര്‍വ്വേ കണ്ടെത്തി.

എനര്‍ജി, പലചരക്ക് സാധനങ്ങള്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് കുടുംബങ്ങളുടെ ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കുന്നത്. ഉപഭോക്താക്കള്‍ ചെലവു ചുരുക്കാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയതായി സര്‍വ്വേ വെളിപ്പെടുത്തുന്നു.

ഭക്ഷണം പാഴാക്കുന്നത് പരമാവധി കുറയ്ക്കുക, പുതിയത് വാങ്ങുന്നതിന് പകരം ഉപകരണങ്ങള്‍ നന്നാക്കി ഉപയോഗിക്കുക, പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടില്‍ പാചകം ചെയ്യുക എന്നിവയൊക്കെയാണ് ആളുകള്‍ വരുത്തിയ മാറ്റങ്ങള്‍.വസ്ത്രങ്ങള്‍, ഷൂസ്, ആക്സസറികള്‍, ടേക്ക് എവേകള്‍, മദ്യം എന്നിവയൊക്കെ വാങ്ങുന്നതും കുറച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരാണ് 50%ജനങ്ങളുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.23% പേര്‍ മാത്രമാണ് അങ്ങനെയല്ലെന്ന് അഭിപ്രായപ്പെട്ടത്. സര്‍വ്വേയില്‍ പങ്കെടുത്ത 40% ആളുകളും ഒരു വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് കരുതുന്നവരാണ്.

ഊര്‍ജ്ജ വിലയും ഭക്ഷ്യ വിലക്കയറ്റവും കുറയുമെന്ന വിശ്വാസവും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചതുമാണ് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതെന്ന് ഇ വൈ അയര്‍ലന്‍ഡ് ചീഫ് ഇക്കണോമിസ്റ്റ് ഡോ.ലോറെറ്റ ഒ സുള്ളിവന്‍ പറഞ്ഞു.

ബ്രാന്‍ഡുകളോടുള്ള ഐറിഷ് ഉപഭോക്താക്കളുടെ വിശ്വാസ്യത കുറയുന്നതായി ഇ വൈ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.മികച്ചതാണോയെന്നറിയുന്നതിന് പുതിയ ലേബലുകളിലേക്ക് മാറാന്‍ ഏകദേശം 50% പേരും തയ്യാറാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു.ആഗോള ശരാശരിയായ 34 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണിത്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് കോഡ് ഉപയോഗിച്ചവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 60%വുമെന്ന് റിപ്പോര്‍ട്ട് പറയുന്നു, അതേസമയം 40%ത്തിലധികം പേര്‍ റീട്ടെയിലറുടെ റിവാര്‍ഡ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളുമായി.

Advertisment