ഐറിഷ് പട്ടാളക്കാരന്റെ ആക്രമണത്തിനിരയായ യുവതിയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് റാലികള്‍:പങ്കെടുത്തത് ആയിരങ്ങള്‍

New Update
nnnnnnmk

ഡബ്ലിന്‍ : ഐറിഷ് പട്ടാളക്കാരന്റെ ക്രൂരമായ ആക്രമണത്തിനിരയായ യുവതിയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഡബ്ലിനില്‍ ആയിരങ്ങള്‍ അണിനിരന്ന ബഹുജന പ്രതിഷേധ റാലി. ക്രൂരമായി ആക്രമിക്കപ്പെട്ട നതാഷ ഒബ്രിയ(24) നോടൊപ്പമാണ് സമൂഹം എന്ന് വിളിച്ചറിയിക്കുന്നതായിരുന്നു തലസ്ഥാന നഗരിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയും പ്രതിഷേധവും.

Advertisment

ആക്രമണക്കേസിലുള്‍പ്പെട്ട പട്ടാളക്കാരന്‍ കാതല്‍ ക്രോട്ടി ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.കോടതിയില്‍ കുറ്റം സമ്മതിച്ച ഇയാളെ ലിമെറിക് സര്‍ക്യൂട്ട് കോടതി മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.ഇയാളെ സേനയില്‍ നിന്നും പിരിച്ചുവിടുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.2022 മെയ് 29നായിരുന്നു ഇയാള്‍ നതാഷയെ ക്രൂരമായി മര്‍ദ്ദിച്ചത്.

ഡബ്ലിനു പുറമേ കോര്‍ക്ക്, ലിമെറിക്ക്, ഗോള്‍വേ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.ലിമെറിക്കിലെ പ്രതിഷേധത്തില്‍ നതാഷ ഒ ബ്രിയന്‍ പങ്കെടുത്തു.ഭയാനകമായ അനുഭവമായിരുന്നു അതെന്ന് ഒ ബ്രിയന്‍ പറഞ്ഞു.എന്നിരുന്നാലും നാട് നല്‍കുന്ന അകമഴിഞ്ഞ ഐക്യദാര്‍ഢ്യവും പിന്തുണയും ആശ്വാസം നല്‍കുന്നതാണ്. ഇതൊന്നുമുണ്ടായില്ലെങ്കില്‍ ഇത്തരം സംഭവങ്ങളൊന്നും ആരും അറിയില്ലെന്നും നതാഷ പറഞ്ഞു.

നമ്മെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സൈനികനില്‍ നിന്നാണ് ക്രൂരമായ പീഡനം നേരിട്ടത്. ഇയാള്‍ കുറ്റം സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നും നതാഷ പറഞ്ഞു.

കോര്‍ക്ക് ഗ്രാന്റ് പരേഡില്‍ നടന്ന പ്രതിഷേധത്തില്‍ വിമന്‍ ഓഫ് ഓണര്‍ പ്രതിനിധി റോസലിന്‍ ഒ കല്ലഗന്‍ പങ്കെടുത്തു. വിദേശത്ത് ലൈംഗികാതിക്രമം നേരിട്ട ഭീകരാനുഭവം ഇവര്‍ വിവരിച്ചു.ആദ്യ വിദേശ യാത്രയിലാണ് പട്ടാളക്കാരിയായ താന്‍ ബലാത്സംഗത്തിനിരയായത്.1998ല്‍ 21 വയസ്സിലായിരുന്നു അതെന്ന് ഇവര്‍ പറഞ്ഞു.സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

ഡബ്ലിനില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.റോസ ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകളാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. കുറ്റവാളികള്‍ക്കെതിരെ പരസ്യമായി രംഗത്തു വരുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കേണ്ടത് ആവശ്യമാണെന്ന് റോസയുടെ റൂത്ത് കോപ്പിംഗര്‍ പറഞ്ഞു. അവര്‍ക്ക് നീതി ഉറപ്പാക്കണം.

സാധാരണക്കാരെല്ലാം ഇത്തരക്കാര്‍ക്കെതിരാണെന്നാണ് പ്രതിഷേധ പരിപാടികളിലെ വന്‍ ജനപങ്കാളിത്തം കാണിക്കുന്നതെന്ന്’ അവര്‍ കൂട്ടിച്ചേര്‍ത്തു.ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും സേനയ്ക്കുള്ളില്‍ നടക്കുന്നുണ്ട്. അതിനെതിരെ യോജിച്ച പോരാട്ടമുണ്ടാകണമെന്നും ഇവര്‍ പറഞ്ഞു.

Advertisment